Tuesday November 13th, 2018 - 4:26:am
topbanner

പ്രളയം ; ദുരിതാശ്വാസനിധിയില്‍ അനിവാര്യ പങ്കാളിത്തം വേണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

bincy
പ്രളയം ; ദുരിതാശ്വാസനിധിയില്‍ അനിവാര്യ പങ്കാളിത്തം വേണം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

കാസർകോട് : മഹാപ്രളയം ദുരന്തംവിതച്ച നാടിന്റെ പുന:സൃഷ്ടിക്ക് ഓരോരുത്തരുടെയും പങ്കാളിത്തം അനിവാര്യമാണെന്നു റവന്യുവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ധനസമാഹരണ യജ്ഞം നടക്കുകയാണ്. ദുരിതത്തിലകപ്പെട്ടവര്‍ നമ്മെപോലെ ജീവിക്കാന്‍ അര്‍ഹരാണ്. അവരില്‍ നമ്മളെ തന്നെ കാണാനാകണമെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ദുരിതാശ്വാസ നിധിസമാഹരണവുമായി ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വകുപ്പുതലവന്മാര്‍ എന്നിവരുടെയും സംയുക്തയോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ മാസം 13, 15 തീയതികളില്‍ രണ്ടു വീതം താലൂക്കുകളിലായി നിധിസമാഹരണം നടക്കും. മന്ത്രിയും, ജില്ലാ കളക്ടറും എല്ലാ താലൂക്ക് തല സമാഹരണത്തിലും പങ്കെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും ഏഴായിരത്തോളം പേരുണ്ട്. ഇവര്‍ക്ക് പോകാന്‍ വീടില്ല. പാടെ തകര്‍ന്ന വീടിനുപകരം വീടും ജീവിതോപാധിയും ഉചിതമായസ്ഥലത്തു നല്‍കേണ്ട ബാധ്യത നമുക്കുണ്ട്. കേന്ദ്രസര്‍ക്കാരും, പ്രധാനമന്ത്രിയും, സൈന്യവും നമ്മുടെ മത്സ്യതൊഴിലാളികള്‍ ഉള്‍പ്പെടെയുളളവരും വലിയ സഹായനടപടി കൈക്കൊണ്ടിട്ടുണ്ട്.

എന്നാല്‍ 11,000 വീടുകള്‍ പൂര്‍ണ്ണമായും 1,15,000 വീടുകള്‍ ഭാഗികമായും തകരുകയും 57,000 ഹെക്ടര്‍ കൃഷി നശിക്കുകയും ചെയ്തതിന്റെ പുനരുത്ഥാനം വലിയ കടമ്പയാണ്. നാമെല്ലാം അലിവുളള മനുഷ്യരാണെന്ന് തെളിയിച്ചു കഴിഞ്ഞതിനാല്‍ അതിജീവനം അസാധ്യമാകില്ലെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ മംഗല്‍പാടി പഞ്ചായത്ത് നല്‍കിയ രണ്ടുലക്ഷം രൂപയുടെയും ഗള്‍ഫ് സൗഹൃദകൂട്ടായ്മയുടെ ഒരു ലക്ഷം രൂപയുടെയും ചെക്ക് മന്ത്രി ഏറ്റുവാങ്ങി.

ഈ മാസം 13 ന് രാവിലെ വെളളരിക്കുണ്ട് താലൂക്കിലും ഉച്ചയ്ക്കുശേഷം കാസര്‍കോട് താലൂക്കിലും 15 ന് രാവിലെ ഹോസ്ദുര്‍ഗ് താലുക്ക്, ഉച്ചകഴിഞ്ഞ് മഞ്ചേശ്വരം താലൂക്ക് എന്നിങ്ങനെയാണു ദുരന്തനിവാരണ ധനസമാഹരണം നടക്കുന്നതെന്ന് ജില്ലാകളക്ടര്‍ ഡോ:ഡി.സജിത് ബാബു പറഞ്ഞു. രാവിലെ പത്തരമുതല്‍ ഒരു മണിവരെയും ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ തീരുന്നതുവരെയുമാണ് സമാഹരണം നടക്കുന്നത്. തുക ചെക്കായോ ഡിഡിയായോ മാത്രം കൊണ്ടുവരണമെന്നും കൈപ്പറ്റു രശീതി ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

എം.എല്‍.എ മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, പി.ബി.അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, ജില്ലാ പോലീസ് മേധാവി ഡോ:എ.ശ്രീനിവാസ്, നീലേശ്വരം നഗരസഭാചെയര്‍മാന്‍ പ്രൊഫസര്‍. കെ.പി.ജയരാജന്‍ എന്നിവരും സംസാരിച്ചു. കാസര്‍കോട് നഗരസഭചെയര്‍മാന്‍ ബീഫാത്തിമ ഇബ്രാഹിം, എ.ഡി.എം: എന്‍.ദേവിദാസ്, ആര്‍.ഡി.ഒ മാരായ അബ്ദു സമദ്, സി,ബിജു, വിവിധതദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു. 13, 15 തീയതികളിലെ ധനസമാഹരണ യജ്ഞം സംബന്ധിച്ച് ഗ്രൂപ്പ് തലചര്‍ച്ചയും തുടര്‍ന്നുനടക്കും.

English summary
flood Participation in disaster relief is essential Minister E Chandrasekharan
topbanner

More News from this section

Subscribe by Email