പത്തനംതിട്ട: എഴിക്കാട് കോളനിയിലെ നൂല് നൂല്‍പ്പ് കേന്ദ്രം വെള്ളം കയറി നശിച്ചു. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന 21 പേര് ജീവിതമാര്‍ഗമില്ലാതെയായി. നൂല് നൂല്‍പ്പിന് ഉപയോഗിച്ചിരുന്ന 25 ഓളം തറികളും നൂലുകളും പഞ്ഞിയും നശിച്ചിട്ടുണ്ട്. എഴിക്കാട് കോളനിയിലെ നിര്‍ധനരായവരെ ശാക്തീകരിക്കുന്നതിന് സ്ഥാപിച്ചതാണ് നൂല്‍നൂല്‍പ്പ് കേന്ദ്രം.
നശിച്ചു പോയ തറികളും നൂലും ചൂണ്ടിക്കാട്ടി ഇവിടുത്തെ ജീവനക്കാരിയായ രാധാവിലാസത്തില്‍ ശ്യാമള നിസഹായയായി പൊട്ടിക്കരഞ്ഞു. ശ്യാമളയുടെ മകന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ വെള്ളം കയറി നശിച്ചു. ഇതിനു പുറമേ ഇവരുടെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കിടക്കളും ഫര്‍ണിച്ചറുകളും നശിച്ചു.
എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഓണസദ്യ ഒരുക്കി: ജില്ലാ കളക്ടര്‍ ജില്ലയിലെ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഓണ സദ്യ ഒരുക്കിയതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു മടങ്ങുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള കിറ്റ് തയാറാക്കുന്ന പ്രവര്‍ത്തനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ക്യാമ്പുകളിലും സദ്യ ഒരുക്കണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശം ഉണ്ട്.
ജില്ലയില്‍ വിതരണം ചെയ്യുന്നതിന് ആകെ 35,000 കിറ്റ് ആണ് വേണ്ടത്. 22 സാധനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഭക്ഷണസാധനങ്ങളും അല്ലാത്ത അവശ്യവസ്തുക്കളും ഉണ്ട്. ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്കു പോയ ആളുകള്‍ക്ക് വില്ലേജ് ഓഫീസുകള്‍ വഴി കിറ്റ് എത്തിക്കും.
വരും ദിവസങ്ങളില്‍ 35000 കുടുംബങ്ങള്‍ക്ക് കിറ്റ് നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. 40 ടണ്‍ അരി പാലക്കാട് നിന്നും നാളെ (25) എത്തുന്നുണ്ട്. കിറ്റ് തയാറാക്കുന്നതിന് നൂറ്റി എഴുപത്തി ഏഴര ടണ്‍ അരിയാണ് വേണ്ടത്. ഇതു സംഭരിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുകയാണ്. ഹോര്‍ട്ടികോര്‍പ്പില്‍ നിന്ന് ഇന്നത്തേക്കുള്ള(24) പച്ചക്കറി സ്റ്റോക്ക് എടുത്തിട്ടുണ്ട്. 150 സന്നദ്ധ പ്രവര്‍ത്തകരാണ് പാക്കിംഗ് നടത്തുന്നത്. രാത്രിയോടെ 10,000 കിറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 7500 ബക്കറ്റും മഗും വന്നു കഴിഞ്ഞിട്ടുണ്ട്. കിറ്റ് പായ്ക്ക് ചെയ്യുന്നതിനായി 500 സന്നദ്ധ പ്രവര്‍ത്തകരെ കൂടി എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും കളക്ടര്‍ പറഞ്ഞു.