Friday September 21st, 2018 - 3:51:am
topbanner
Breaking News

പ്രളയക്കെടുതി: എറണാകുളം ജില്ലയില്‍ ഊര്‍ജ്ജിത ശുചീകരണപ്രവര്‍ത്തനങ്ങള്‍; വോളണ്ടിയര്‍മാരെ ആവശ്യാനുസരണം പഞ്ചായത്തുകളിലേക്ക് വിന്യസിപ്പിച്ചു

bincy
പ്രളയക്കെടുതി: എറണാകുളം ജില്ലയില്‍ ഊര്‍ജ്ജിത ശുചീകരണപ്രവര്‍ത്തനങ്ങള്‍;  വോളണ്ടിയര്‍മാരെ ആവശ്യാനുസരണം പഞ്ചായത്തുകളിലേക്ക് വിന്യസിപ്പിച്ചു

കൊച്ചി: പ്രളയവും പേമാരിയും രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ആരോഗ്യപ്രശ്‌നങ്ങളും ശുചീകരണ പ്രശ്‌നങ്ങളും രൂക്ഷമായി ബാധിച്ച 22 പഞ്ചായത്തുകളെ റെഡ് സോണായി പ്രഖ്യാപിച്ചാണ്ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രളയം രൂക്ഷമായി ബാധിച്ച പഞ്ചായത്തുകളില്‍ 35 പെട്രോള്‍ മോട്ടര്‍ പമ്പ് സെറ്റുകള്‍ വിതരണം ചെയ്തു. ഇവയില്‍ ചേന്ദമംഗലം, ആലങ്ങാട്, കരുമാലൂര്‍, വടക്കേക്കര, കുന്നുകര, കടുങ്ങല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ രണ്ട് പമ്പ് സെറ്റുകള്‍ വീതവും മറ്റ് പഞ്ചായത്തുകളില്‍ ഒരെണ്ണം വീതവുമാണ് വിതരണം ചെയ്തത്.

ഇവ കൂടാതെ ഹരിത കേരള മിഷനില്‍ നിന്നും 22 പ്രെഷര്‍ ജെറ്റുകളും പഞ്ചായത്ത് തലത്തില്‍ വിതരണം ചെയ്തു. കൂടാതൈ അടുത്ത ദിവസം 10 പമ്പ് സെറ്റുകള്‍ കൂടി ലഭ്യമാകും. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 22 പഞ്ചായത്തുകളിലെ 389 വാര്‍ഡുകളില്‍ പ്രശ്‌നം രൂക്ഷമായ വാര്‍ഡുകളില്‍ ക്ലീനിങ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വാര്‍ഡില്‍ 50 മുതല്‍ 100 വരെ വോളണ്ടിയേഴ്‌സിനെ നിയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കൂടാതെ ജില്ലയ്ക്ക് പുറത്തുനിന്നും രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍മാരെ ആവശ്യാനുസരണം പഞ്ചായത്തുകളിലേക്ക് വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ പഞ്ചായത്ത് തലത്തില്‍ അജൈവ മാലിന്യങ്ങളുടെ ശേഖരണവും തുടരുന്നുണ്ട്. ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേര്‍ന്ന് ജി.ജെ നേച്ചര്‍ കെയര്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. നിലവില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജി.ജെ നേച്ചര്‍ കെയര്‍ എന്ന കമ്പനിയുടെയും ക്ലീന്‍ കേരള കമ്പനിയുടെയും മേല്‍നോട്ടത്തില്‍ ശേഖരിച്ച് പുനഃക്രമീകരണത്തിന് വിധേയമാക്കും.

22 പഞ്ചായത്തുകളില്‍ പുത്തന്‍വേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, കരുമാലൂര്‍, ചേരാനല്ലൂര്‍ എന്നീ പഞ്ചായത്തുകള്‍ പൂര്‍ണമായും വെള്ളത്തിലാവുകയും ഫയലുകളും മറ്റു കമ്പ്യൂട്ടര്‍ ഉപകരണങ്ങളും നശിക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വെള്ളം എത്തിക്കാതെ പഞ്ചായത്തുകളില്‍ ടാങ്കര്‍ ലോറിയിലാണ് കുടിവെള്ളമെത്തിക്കുന്നത്. കൂടാതെ കിയോസ്‌കുകള്‍ വയ്ക്കാനുള്ള സംവിധാനവും ആലോചിക്കുന്നുണ്ട്.

കീടനാശിനി നശീകരണത്തിന് പഞ്ചായത്ത് തലത്തില്‍ ഹൈഡ്രജന്‍ സെറോക്‌സൈഡ് എന്ന ലായനി വിതരണം ചെയ്തിട്ടുണ്ട്. എച്ച്.ഒ.സി.എല്‍ ആണ് ലായനി വിതരണം ചെയ്യുന്നത്. ഗം ബൂട്ട്, ബ്ലീച്ചിങ് പൗഡര്‍, മാസ്‌ക് ' ഗ്ലൗസ്, ക്ലീനിങ് ഉപകരണങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ വോളണ്ടിയേഴ്‌സ് ആകാന്‍ താല്പര്യമുള്ളവര്‍ 9497346416, 9744573967, 9188024099 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Read more topics: flood, kochi, cleaning, Volunteers
English summary
flood : Powerful sanitation activities in the district Volunteers were deployed to the panchayats on demand
topbanner

More News from this section

Subscribe by Email