Thursday November 15th, 2018 - 3:23:am
topbanner

കുട്ടനാടിന്റെ മഹാശുചീകരണം 28 മുതൽ: പ്രളയ ഗ്രാമസഭ ഇന്ന്

NewsDesk
കുട്ടനാടിന്റെ മഹാശുചീകരണം 28 മുതൽ: പ്രളയ ഗ്രാമസഭ ഇന്ന്

ആലപ്പുഴ: കുട്ടനാടിന്റെ മഹാശുചീകരണത്തിന് തയ്യാറെടുത്ത് ജില്ല. സുരക്ഷിത ക്യാമ്പുകളിലേക്ക് മാറിയ കുട്ടനാട്ടുകാർക്ക് തിരികെ വീട്ടിലേക്ക് പോകുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായി 28, 29 തീയതികളിൽ നടക്കുന്ന ശുചീകരണയജ്ഞത്തിന് എല്ലാ തയ്യാറെടുപ്പും പൂർത്തിയാകുന്നു. ജില്ലാ ഭരണകൂടവും തദ്ദേശഭരണ സ്ഥാപന പ്രതിനിധികളും സന്നദ്ധപ്രവർത്തകരും വിവിധ വകുപ്പുകളും സാങ്കേതികവിദ്യയും ഒരുപോലെ കൈകോർത്തുള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. പൊതുമരാമത്തുമന്ത്രി ജി സുധാകരൻ, ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക്ക്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ തുടങ്ങിയവർ ഇന്നലെ ഇതിന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി ഭരണകേന്ദ്രത്തിൽ തന്നെ ഉണ്ടായിരുന്നു. 16 പഞ്ചായത്തുകളിലായി 226 വാർഡുകളിൽ ഉള്ളവരെയാണ് പുനരധിവസിപ്പിക്കേണ്ടത്. അതിനുള്ള കർമപദ്ധതി പൂർത്തിയായിട്ടുണ്ട്.

ശുചീകരണ പ്രക്രിയയുടെ ഘട്ടങ്ങൾ അവലോകനം ചെയ്യുന്നതിന് ധനമന്ത്രി തോമസ്‌ഐസക്, പൊതുമരാമത്തുമന്ത്രി പി തിലോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക യോഗം കളക്‌ട്രേറ്റിൽ ചേർന്നു. 30ന് തിരിച്ച് വീടുകളിലേക്ക് പോകാവുന്നവരെ തിരിച്ചയയ്ക്കും. അല്ലാത്തവരെ പ്രത്യേക ക്യാമ്പുകളിലേക്ക് മാറ്റാനാണ് ഉദ്ദേശ്യം. എ.സി. റോഡിലെ വെള്ളം വറ്റിക്കുന്ന നടപടികൾ അടിയന്തരമായി നടക്കുകയാണ്. 30 ശക്തിയേറിയ പമ്പുകൾ കൂടി മഹാരാഷ്ട്ര മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിലെത്തിക്കുന്നുണ്ട്.

പമ്പിംഗ് സബ്‌സിഡി നൽകുന്നതിനുള്ള തുക ഒരുമാസം മുമ്പുതന്നെ അനുവദിച്ചിട്ടുള്ളതാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അത് നൽകാനുള്ള തടസ്സങ്ങൾ എന്താണെന്ന് അന്വേഷിച്ച് നീക്കും. മടവീണ ബണ്ടുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകും. കുട്ടനാടിന്റെ ശുചീകരണത്തിന് 60000 പേരെയാണ് ലക്ഷ്യമിടുന്നത്. ഓരോ വീട്ടിൽനിന്ന് ഒരു അംഗമാകുമ്പോൾ തന്നെ 50000 പേർ വരും. കൂടാതെ അയ്യായിരം പേരെ ജില്ലയ്ക്ക് അകത്തുനിന്നും അയ്യായിരം പേരെ ജില്ലയുടെ പുറത്തുനിന്നും സന്നദ്ധ സേവനത്തിന് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ പഞ്ചായത്തിൽ നിന്നുള്ളവരെയും പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി അവിടെ നിന്ന് റോഡ് മാർഗ്ഗം അല്ലെങ്കിൽ ബോട്ട് മാർഗം അവരവരുടെ വീടുകളിൽ എത്തിക്കുക എന്നതാണ് പദ്ധതി. ഇതിന്റെ കാര്യങ്ങൾ ആലോചിക്കുന്നതിന് പ്രളയ ഗ്രാമസഭ ഇന്ന് (ഓഗസ്റ്റ് 27) നടക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. 31ന് കുട്ടനാട് പ്ലാസ്റ്റിക് വിരുദ്ധ ദിനമായി ആചരിക്കും. സന്നദ്ധ പ്രവർത്തനത്തിൽ ഇറങ്ങുന്നവർക്കും ക്യാമ്പിൽ നിന്ന് മടങ്ങുന്നവർക്കും ഭക്ഷണക്രമീകരണം വരുത്തും. കുട്ടനാട്ടിൽ ഒരു റേഷൻ കട മാത്രമാണ് മുങ്ങാതെ അവശേഷിക്കുന്നതെന്ന് മന്ത്രി പി തിലോത്തമൻ യോഗത്തിൽ പറഞ്ഞു.ബോട്ടിലോ വള്ളത്തിലോ റേഷൻ വിതരണം നടത്തുന്നതിനെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത് . കൂടാതെ താൽക്കാലിക സംവിധാനം മറ്റ് കെട്ടിടത്തിൽ ഒരുക്കി റേഷൻ വിതരണം നടത്തും.

 

Read more topics: flood, kerala, kuttanad, mega cleaning,
English summary
flood kerala kuttanad mega cleaning campaign august 28
topbanner

More News from this section

Subscribe by Email