Wednesday July 17th, 2019 - 8:20:pm
topbanner
topbanner

നവകേരള നിർമാണത്തിനുള്ള ഏറ്റവും വലിയ വിഭവം കേരളീയരുടെ ഒത്തൊരുമ: മന്ത്രി ഇ പി ജയരാജൻ

bincy
നവകേരള നിർമാണത്തിനുള്ള ഏറ്റവും വലിയ വിഭവം കേരളീയരുടെ ഒത്തൊരുമ: മന്ത്രി ഇ പി ജയരാജൻ

കണ്ണൂർ : മഹാപ്രളയ കാലത്ത് രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസത്തിലും കേരളീയ സമൂഹം കാഴ്ചവച്ച ഒത്തൊരുമയും സഹോദര്യവുമാണ് പ്രളയാനന്തര നവകേരള നിർമാണത്തിലേക്കുള്ള ഏറ്റവും വലിയ വിഭവമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. നവകേരളത്തിനായുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി ചെറുകുന്ന് സൗത്ത് എൽ.പി സ്കൂളിൽ നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നേവരെ കണ്ടിട്ടില്ലാത്ത മഹാപ്രളയത്തിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ മനുഷ്യ സാധ്യമായതെല്ലാം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാരിന് സാധിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ ആറിരട്ടി മഴയാണ് ഇത്തവണയുണ്ടായത്. കേരളത്തിലെ 44 നദികൾക്ക് പരമാവധി ഉൾക്കൊള്ളാനാവുക 2250 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. എന്നാൽ ആഗസ്റ്റ് ആറു മുതൽ പെയ്ത മഴ കാരണം നദികളിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് 14000 ദശലക്ഷം ഘനമീറ്ററായിരുന്നു. നദികൾ കരക വിഞ്ഞൊഴുകിയതാണ് വൻ പ്രളയത്തിന് കാരണമായത്.

കേന്ദ്ര-സംസ്ഥാന സേനകൾ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെയും കേരളത്തിന്റെ സൈന്യമായി മുഖ്യമന്ത്രി വിശേഷിപ്പിച്ച മൽസ്യത്തൊഴിലാളികൾ ഉൾപ്പെടെ പൊതു ജനങ്ങളുടെയും ഒത്തൊരുമിച്ച പ്രവർത്തനഫലമായി പ്രളയത്തിൽപ്പെട്ട ഒരു ലക്ഷത്തിലേറെ മനുഷ്യ ജീവനുകൾ രക്ഷിച്ചെടുക്കാൻ നമുക്കായി. 55 ലക്ഷം പേരെ ബാധിച്ച പ്രളയത്തിൽ ജീവഹാനി പരമാവധി കുറയ്ക്കാൻ സാധിച്ചത് നമ്മുടെ കൂട്ടായ ശ്രമഫലമായിരുന്നു. ഇൗ വർഷത്തെ കാലവർഷത്തിലാകെ 488 പേർക്കാണ് ജീവഹാനി സംഭവിച്ചത്.

മഴക്കെടുതിയെ തുടർന്ന് 15 ലക്ഷം പേർ ദുരിതാശ്വാസ ക്യാംപുകളിലെത്തി. ഇടക്കാലാശ്വാസമെന്ന രീതിയിൽ 10,000 രൂപയും അവശ്യ സാധനങ്ങളടക്കിയ കിറ്റുകളും നൽകിയാണ് അവരെ വീടുകളിലേക്ക് തിരികെ അയച്ചത്. 85000 വീടുകളും 17000 കിലോമീറ്റർ റോഡുകളും 496 വലിയ പാലങ്ങളും ഉൾപ്പെടെ പ്രളയം കേരളത്തിനേൽപ്പിച്ച ആഘാതത്തിൽ 40,000 കോടിയോളം രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. എന്നാൽ ദുരിതാശ്വാസ-രക്ഷാ പ്രവർത്തനങ്ങൾക്കു ശേഷം ഇൗ ദുരന്തത്തിൽ നിന്ന് നാടിനെ കരകയറ്റാനും ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ ആബാലവൃദ്ധം ജനങ്ങൾ ഒരേ മനസ്സോടെ മുന്നോട്ടുവരുന്ന കാഴ്ച കേരളത്തിന്റെ ഭാവിയെക്കുറ്റിച്ച് വലിയ പ്രതീക്ഷയാണ് നമുക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ടും മൂന്നും തവണ സംഭാവന നൽകാത്തവരുണ്ടാവില്ല. നൽകിയത് പോരെന്നുള്ള ചിന്തയാൽ വീണ്ടും വീണ്ടും നൽകാൻ ആളുകൾ മുന്നോട്ടുവരികയാണ്. മലയാളികളുടെ സാന്നിധ്യം എവിടെയുണ്ടോ അവിടെ നിന്നൊക്കെ സഹായവാഗ്ദാനങ്ങൾ ലഭിക്കുന്നതായും മന്ത്രി പറഞ്ഞു.കണ്ണപുരം, മാടായി, പയ്യന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നടന്ന ഫണ്ട് ശേഖരണത്തിന് വ്യവസായ മന്ത്രി ഇ പി ജയരാജൻ നേതൃത്വം നൽകി. എം.എൽ.എമാരായ സി കൃഷ്ണൻ, ടി വി രാജേഷ് എന്നിവർ ചടങ്ങുകളിൽ അധ്യക്ഷത വഹിച്ചു.

കണ്ണപുരം ഗവ.എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ പി കെ ശ്രീമതി ടീച്ചർ എംപി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ വി രാമകൃഷ്ണൻ (കണ്ണപുരം), ഇ പി ഒാമന (കല്ല്യാശ്ശേരി), കെ നാരായണൻ (പാപ്പിനിശ്ശേരി), പി കെ അസ്സൻകുഞ്ഞി മാസ്റ്റർ (ചെറുകുന്ന്), ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗോവിന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിർ തുടങ്ങിയവർ പങ്കെടുത്തു.

മാടായി പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, പഞ്ചായത്ത് പ്രസിഡന്റുമാരായ എ സുഹറാബി (മാടായി), ഇ പി ബാലകൃഷ്ണൻ (കടന്നപ്പള്ളി-പാണപ്പുഴ), കെ വി മുഹമ്മദലി (മാട്ടൂൽ), ഡി വിമല (ഏഴോം), പി പ്രഭാവതി (ചെറുതാഴം), എം കുഞ്ഞിരാമൻ (കുഞ്ഞിമംഗലം), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി വി പ്രീത തുടങ്ങിയവർ സംബന്ധിച്ചു.

പയ്യന്നൂർ നഗരസഭാ ഹാളിൽ നടന്ന ധനസമാഹരണത്തിൽ പയ്യന്നൂർ നഗരസഭാ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി സത്യപാലൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം രാഘവൻ (കരിവെള്ളൂർ-പെരളം), എം വി ഗോവിന്ദൻ (രാമന്തളി), എന്നിവർ സംസാരിച്ചു.
പെരിങ്ങോം പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ടി പി നൂറുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി നളിനി (പെരിങ്ങോം-വയക്കര), പി ഉഷ (കാങ്കോൽ-ആലപ്പടമ്പ), കെ സത്യഭാമ (എരമം-കുറ്റൂർ), ജമീല കോളയാത്ത് (ചെറുപുഴ) എന്നിവർ പങ്കെടുത്തു.

Read more topics: flood, kannur, minister, EP Jayarajan
English summary
The biggest resource for New Kerala The unity of Keralites: minister EP Jayarajan
topbanner

More News from this section

Subscribe by Email