ഇടുക്കി : മെഗാക്ലീനിംഗിനായി നാടൊരുമിച്ചപ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്കരിക്കുന്ന തിരക്കിലായിരുന്നു അടിമാലിയിലെ മൂന്നു വീട്ടമ്മമാര്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലെ ജീവനക്കാരായ മിനി, ഗൗരി, അന്നകുട്ടി എന്നിവരാണ് നാടിന്റെ മുഴുവന്‍ മാലിന്യങ്ങളും സ്വന്തം കൈകളിലേറ്റുവാങ്ങി ശുചീകരണ ദൗത്യത്തില്‍ ശ്രദ്ധേയമായ കടമ നിറവേറ്റിയത്. വിവിധ ഇടങ്ങളില്‍ നിന്നായി ശേഖരിച്ച മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്കരിക്കുന്ന പ്രവര്‍ത്തികളില്‍ ഇന്നലെ ഇവരും പങ്കുചേര്‍ന്നു. നാലുമാസത്തോളമായി ഇവിടുത്തെ മാലിന്യ സംസ്ക്കരണ സംവിധാനത്തിന്റെ ഭാഗമായി തൊഴില്‍ ചെയ്യുന്നവരാണ് മൂവരും.
സാധാരണ പ്രവര്‍ത്തി ദിവസങ്ങളിലാണ് ഇവര്‍ ജോലി ചെയ്തു വരുന്നതെങ്കിലും മെഗാക്ലീനിംഗ് ദിനത്തില്‍ ശുചീകരണയജ്ഞത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇവര്‍ പറഞ്ഞു. പ്ലാസ്റ്റിക് സംസ്കരണത്തിന് പഞ്ചായത്ത് സ്ഥാപിച്ചിട്ടുളള പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റില്‍ സാധാരണ ദിവസങ്ങളേക്കാള്‍ ജോലിഭാരമേറിയ ദിവസമായിരുന്നു ഇന്നലെ. ദേശീയപാത, അടിമാലി ടൗണ്‍,ബസ്റ്റാന്റ്, വ്യാപരകേന്ദ്രങ്ങള്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവടങ്ങളില്‍ നിന്നടക്കമുള്ള മാലിന്യങ്ങള്‍ കൂടുതലായി ഇന്നലെ ഇവിടെ സംസ്കരിച്ചു.
സമീപ പഞ്ചായത്തുകളായ പള്ളിവാസല്‍, വെള്ളത്തൂവല്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങളും ഇവിടെയാണ് സംസ്കരിക്കാനായി എത്തിച്ചത്. ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചാണ് മാലിന്യ സംസ്കരണ നടത്തുന്നത്. അത്യാധുനിക സജ്ജീകരണങ്ങളോടെ മാലിന്യ സംസ്കരണം നടത്തുന്ന ജില്ലയിലെ പ്രധാന പഞ്ചായത്താണ് അടിമാലി.