Saturday April 20th, 2019 - 8:07:pm
topbanner
topbanner

പ്രളയക്കെടുതി :രേഖകൾ നഷ്ടമായവർക്ക് സമയബന്ധിതമായി പുതിയത് നൽകാൻ പഞ്ചായത്തുകളിൽ പ്രത്യേക അദാലത്ത് നടത്തും

bincy
പ്രളയക്കെടുതി :രേഖകൾ നഷ്ടമായവർക്ക് സമയബന്ധിതമായി പുതിയത് നൽകാൻ പഞ്ചായത്തുകളിൽ പ്രത്യേക അദാലത്ത് നടത്തും

ആലപ്പുഴ: പ്രളയത്തെ തുടർന്ന് വിലപ്പെട്ട രേഖകൾ നഷ്ടമായവർക്ക് സമയബന്ധിതമായി പുതിയതു നൽകാൻ നടപടിയുണ്ടാകുമെന്ന് ജില്ലയുടെ സ്‌പെഷൽ ഓഫീസറായ നികുതി വകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ. കെടുതി ബാധിത പഞ്ചായത്തുകളിൽ പ്രത്യേക അദാലത്ത് നടത്തും. ഇതിനു മുന്നോടിയായി പ്രത്യേക മൊബൈൽ ആപ്പോ ഓൺലൈൻ സംവിധാനമോ വികസിപ്പിക്കാൻ അദ്ദേഹം ബി.എസ്.എൻ.എൽ., എൻ.ഐ.സി. എന്നിവയുടെ അധികൃതരോട് ആവശ്യപ്പെട്ടു. 

പ്രളയത്തിൽ പല വില്ലേജ് ഓഫീസുകളും മറ്റും വെള്ളത്തിലായതിനാൽ പ്രധാനപ്പെട്ട രേഖകൾ പലതും നഷ്ടമായിട്ടുണ്ടാകും. പെട്ടെന്നുണ്ടായ പ്രളയത്തിൽ പലർക്കും തങ്ങളുടെ വിലപ്പെട്ട രേഖകളാണ് നഷ്ടമായത്. വിവിധ വകുപ്പുകൾ ഇതിനായി വിശദമായ ഒരു കർമപദ്ധതി തയ്യാറാക്കണം. ബാങ്ക് രേഖകൾ, ആധാരം, വിവിധ ലൈസൻസുകൾ എന്നിവ ദുരിതബാധിതർക്ക് എത്രയും വേഗം നൽകാൻ നടപടിയുണ്ടാകണമെന്നാണ് സർക്കാർ താൽപ്പര്യമെന്ന് അദ്ദേഹം പറഞ്ഞു.

ബി.എസ്.എൻ.എൽ. ലാന്റ് ലൈനിലൂടെയും മൊബൈലിലൂടെയും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രചരണം നൽകാമെന്ന് ജനറൽ മാനേജർ വേണുഗോപാൽ വ്യക്തമാക്കി. വോയിസ് മെസേജ്, എസ്.എം.എസ്. അലർട്ട് നൽകാനാകുമെന്ന് സൂചിപ്പിച്ചു. മിക്ക വകുപ്കളുടെയും പ്രവർത്തനം ഇപ്പോൾ ഓൺലൈൻ സംവിധാനത്തിലായതിനാൽ രേഖകള് നൽകുന്നതിൽ കാലതാമസമുണ്ടാകില്ലെന്ന് വകുപ്പു മേധാവികൾ അറിയിച്ചു.

പഞ്ചായത്ത് വകുപ്പിന്റെ രേഖകൾ 1970 മുതലുള്ളതെല്ലാം ഡിജിറ്റൽ രൂപത്തിലായതിനാൽ ജനന-മരണ സാക്ഷ്യപത്രങ്ങൾ, കെട്ടിട അവകാശം, സാമൂഹിക പെൻഷൻ എന്നിവയുടെ രേഖകൾ എളുപ്പം നൽകാനാവും. ഒന്നര വർഷമായി സ്വീകരിച്ചിട്ടുള്ള പുതിയ പെൻഷൻ അപേക്ഷകളിൽ ഓൺലൈൻ ചെയ്യാത്തവ മാത്രമാണ് പഞ്ചായത്തുകളിൽ നഷ്ടപ്പെടാൻ സാധ്യത. കുട്ടനാട്ടിലെ 12 പഞ്ചായത്തിലും ചെങ്ങന്നൂരിലെ വിവിധ പ്രദേശങ്ങളിലുമാണ് ഈ പ്രശ്‌നമുണ്ടാവുക. ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കും.

ചികിൽസ രേഖകൾ പെട്ടന്നു നൽകാൻ നടപടിയുണ്ടാകുമെന്ന് ജില്ല മെഡിക്കൽ ഓഫീസറും മെഡിക്കൽ കോളേജ് സൂപ്രണ്ടും യോഗത്തിൽ വ്യക്തമാക്കി. ഇതിനായി പ്രത്യേകം ഡോക്ടർമാരെ നിയമിക്കും.എസ്.എസ്.എൽ.സി. പുസ്തകം നഷ്ടമായതിൽ ഇതിനകം 790 അപേക്ഷകൾ ലഭിച്ചതായും അവ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്കു സമർപ്പിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2001 മുതലുള്ള പുസ്തകങ്ങൾ വളരെ പെട്ടെന്നു നൽകാനാകും. അതിനു മുമ്പുള്ളവയ്ക്കാണ് അൽപ്പം കാലതാമസമെടുക്കുകയെന്നും വകുപ്പ് വ്യക്തമാക്കി. മാവേലിക്കര, കുട്ടനാട് മേഖലകളിൽ ഇതിനായി പ്രത്യേക ക്രമീകരണം നടത്തും.

നിലവിൽ വിവിധ വകുപ്പുകൾക്ക് രേഖകൾ നഷ്ടമായതു സംബന്ധിച്ച് വലിയ പരാതികളൊന്നും ലഭിച്ചിട്ടില്ല. പരാതികൾ വരുന്ന മുറയ്ക്ക് അവയിൽ പരിഹാരം കാണാൻ എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്തു. പല വകുപ്പുകളും ആവശ്യപ്പെടുന്ന പല സാക്ഷ്യപത്രങ്ങളും മറ്റു വകുപ്പുകൾ നൽകുന്നവയായതിനാൽ ഇതിനായി ഒരു ഏകീകൃത സംവിധാനം നല്ലതായിരിക്കുമെന്നാണ് ജില്ലാതല വകുപ്പുമേധാവികൾ അഭിപ്രായപ്പെട്ടത്.

യോഗത്തിൽ എ.ഡി.എം. ഐ.അബ്ദുൾ സലാം, ജില്ല രജിസ്ട്രാർ കെ.സി.മധു, വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് കൃഷ്ണകുമാർ, പഞ്ചായത്ത് വകുപ്പ് സീനിയർ സൂപ്രണ്ട് പ്രസാദ്ബാബു, ജില്ല മെഡിക്കൽ ഓഫീസർ ഡോ.മുരളീധരൻപിള്ള, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.രാംലാൽ, കെ.എസ്.ഇ.ബി. ഇ.ഇ.മാരായ രാധാകൃഷ്ണൻ, സുരേഷ്‌കുമാർ, മെഡിക്കൽ കോളേജ് അഡ്മിനിസ്‌ട്രേഷൻ പ്രതാപൻ, ഡി.ആർ.ഡി.എ. പ്രൊജക്ട് ഡയറക്ടർ കെ.ആർ.ദേവദാസ്, സർവെ ഡപ്യൂട്ടി സൂപ്രണ്ട് രാജൻ, പൊതുമരാമത്ത് നിരത്തു വിഭാഗം ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഉഷാകുമാരി, സഹകരണ ജോയിന്റ് രജിസ്ട്രാർ ശ്രീകുമാർ, ജില്ല ഇൻഫർമാറ്റിക്‌സ് ഓഫീസർ പാർവതിദേവി മറ്റു ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: flood, alappuzha, Special adalat
English summary
Time lost to those who lost their documents Special adalat will be conducted in panchayath to give a new one
topbanner

More News from this section

Subscribe by Email