തൃശൂർ: പ്രളയത്തെ തുടർന്ന് വീട് വാസയോഗ്യമല്ലാതായവർക്കുള്ള 10,000 രൂപ ധനസഹായം വിതരണം ദ്രുതഗതിയിൽ നടക്കുന്നതായി ജില്ലാ കളക്ടർ ടി.വി.അനുപമ അറിയിച്ചു. എസ്.ഡി.ആർ.എഫിൽ നിന്ന് 3800 രൂപ 40585 പേരുടെ അക്കൗണ്ടിലേക്ക് കൈമാറിക്കഴിഞ്ഞു. ബാക്കി 6200 രൂപ 21000 പേർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
ബാക്കിയുള്ളവർക്ക് തുക ഉടൻ തന്നെ കൈമാറും. രണ്ട് അക്കൗണ്ടിൽ നിന്നുള്ള തുകയായതിനാൽ രണ്ട് വ്യത്യസ്ത കൈമാറ്റമായിട്ടായിരിക്കും ഈ തുകകൾ ക്രെഡിറ്റ് ചെയ്യുക. ഇതിൽ ജനങ്ങൾ സംശയിക്കേണ്ടതില്ലെന്നും കളക്റ്റർ അറിയിച്ചു. എല്ലാവർക്കും 10,000 രൂപ നല്കുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്. താലൂക്കുകളിൽ പത്തിലധികം പേരെ ഡാറ്റാ എൻട്രിയ്ക്കും നാലു പേരെ കൈമാറ്റത്തിനുമായി നിയോഗിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ ശരിയാണെന്ന് ഉറപ്പു വരുത്തുന്നതിനും നിയോഗിച്ചീട്ടുണ്ട് അനർഹർ കടന്നു കൂടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധന നടക്കുന്നതിനാലാണ് നടപടികൾ പൂർത്തിയാകാൻ സമയമെടുക്കുന്നതെന്നും കളക്റ്റർ പറഞ്ഞു.അനർഹരായവർ ധനസഹായത്തിനപേക്ഷിക്കുന്നതും ധനസഹായം ലഭിക്കാൻ തെറ്റായ വിവരങ്ങൾ നൽകുന്നതും ദുരന്തനിവാരണ നിയമ (എസ് 52 ) പ്രകാരം കുറ്റകരമാണെന്നും കളക്ടർ അറിയിച്ചു.