Wednesday July 17th, 2019 - 12:19:am
topbanner
topbanner

ആരോഗ്യവകുപ്പിന് കരുത്തായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം; ഇവരുടെ സേവനമാണ് ആശുപത്രികളില്‍ നിന്നും രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞത് ...

bincy
ആരോഗ്യവകുപ്പിന് കരുത്തായി റാപ്പിഡ് റെസ്‌പോണ്‍സ് ടീം; ഇവരുടെ  സേവനമാണ് ആശുപത്രികളില്‍ നിന്നും രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ കഴിഞ്ഞത് ...

കൊച്ചി: പ്രളയം നാടിനെ വിഴുങ്ങിയ രാത്രിയില്‍ ആശുപത്രികളില്‍ നിന്നും രോഗികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ആരോഗ്യവകുപ്പിന് കരുത്തായത് എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീമി(ആര്‍ആര്‍ടി)ന്റെ സേവനം. ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡിസിറ്റി, പറവൂര്‍ പ്രാഥികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും രോഗികളെ മാറ്റിക്കൊണ്ട് രംഗത്തിറങ്ങിയ ആര്‍ആര്‍ടി അംഗങ്ങള്‍ക്ക് പിന്നീട് വെള്ളമിറങ്ങുന്നതു വരെ വിശ്രമമുണ്ടായില്ല. പ്രളയജലം കടന്നെത്തിയ ആഗസ്റ്റ് 16ന് ആസ്റ്റര്‍ മെഡിസിറ്റിയിലെ രക്ഷാദൗത്യം പൂര്‍ത്തിയാകുമ്പോള്‍ സമയം രാത്രി ഒന്‍പതര. വെന്റിലേറ്ററിലായിരുന്ന നാല് രോഗികളടക്കം 26 പേരെയാണ് ആസ്റ്ററില്‍ നിന്നും എറണാകുളം ലൂര്‍ദ് ആശുപത്രിയിലേക്കും നെട്ടൂരിലെ ലേക് ഷോര്‍ ആശുപത്രിയിലേക്കും മാറ്റിയത്.

ഇതിന് പിന്നാലെ വരാപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും വിളിയെത്തി. പുറത്തിറങ്ങാനാകാതെ ഇവിടെ കുടുങ്ങിയത് ഒന്‍പത് രോഗികള്‍. ഇരച്ചെത്തുന്ന വെള്ളം മറികടന്ന് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നത് അത്യന്തം പ്രയാസകരമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങലില്‍ പറവൂര്‍, വരാപ്പുഴ, കോതാട് എന്നിവിടങ്ങളില്‍ നിന്നും ആര്‍ആര്‍ടി രക്ഷാപ്രവര്‍ത്തനം നടത്തി.ഏലൂര്‍ പാതാളത്ത് നിന്നും സഹായമഭ്യര്‍ത്ഥിച്ച് വിളിച്ച യുവാവ് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ തന്നെ ആരോഗ്യനില വഷളായി കുഴഞ്ഞു വീണു. വീട്ടില്‍ ആരുമില്ലാതിരുന്ന യുവാവിനെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തിയാണ് ആര്‍ആര്‍ടി രക്ഷിച്ച് ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റിയത്.

സമൂഹ മാധ്യമങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വഴി 316 ലോഡ് മരുന്നുകളാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയത്. കരുതിയിരുന്ന പതിനഞ്ച് ലക്ഷത്തോളം മരുന്നുകള്‍ തീര്‍ന്നപ്പോള്‍ ആരോഗ്യ വകുപ്പിന്റെ ഊര്‍ജിതമായ ഇടപെടലിലൂടെ വളരെ പെട്ടെന്നാണ് ഇത്രയും മരുന്നുകള്‍ സംഘടിപ്പിപിച്ചത്. മുപ്പതോളം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, പതിനഞ്ചോളം ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ സഹായത്തോടെ എയര്‍ ഡ്രോപ് ചെയ്യാനുള്ള വിധത്തില്‍ മരുന്നുകള്‍ തയ്യാറാക്കി. എറണാകുളം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശൂര്‍ എന്നീ ജില്ലകളിലേക്കുള്ള മരുന്നുകള്‍ എത്തിച്ചത് ഇവിടെ നിന്നുമാണ്. ആയിരത്തി മുന്നൂറോളം എയര്‍ ഡ്രോപ്പുകളിലൂടെ രണ്ടായിരം മരുന്ന് കിറ്റുകള്‍ വിതരണം ചെയ്തു. 87 രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ 116 പേര്‍ക്കാണ് ആര്‍ആര്‍ടി പുതുജീവന്‍ നല്‍കിയത്.

ഡോ. വി. മധുവിന്റെ നേതൃത്വത്തില്‍ 2017ലാണ് ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ച് ആര്‍ആര്‍ടി പ്രവര്‍ത്തനം തുടങ്ങിയത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സിന്റെ ഭാഗമായി 2011 മുതല്‍ പ്രവര്‍ത്തനനിരതരായിരുന്ന രക്ഷാപ്രവര്‍ത്തകരുടെ സംഘമാണ് 2017ല്‍ ആര്‍ആര്‍ടിയായി മാറിയത്. വിംഗ് എ, വിംഗ് ബി എന്നിങ്ങനെ രണ്ട് ടീമുകളായാണ് സംഘത്തിന്റെ പ്രവര്‍ത്തനം. ഒരു ഡോക്ടര്‍, രണ്ട് ഹൗസ് സര്‍ജന്‍മാര്‍, രണ്ട് പാരാമെഡിക്കല്‍ ജീവനക്കാര്‍, ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍, നാല് സ്റ്റാഫ് നഴ്‌സുമാര്‍ എന്നിങ്ങനെ ഓരോ ടീമിലും പത്ത് വീതം അംഗങ്ങളാണുള്ളത്. ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ ആര്‍ആര്‍ടി യ്ക്ക് വേണ്ടിയുള്ള പരിശീലനം ലഭിച്ചവരാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി ആശുപത്രികള്‍

സജ്ജമാക്കുന്നതിനുള്ള വെന്റിലേറ്റര്‍ അടങ്ങിയ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകള്‍ ആര്‍ആര്‍ടിയ്ക്ക് കീഴിലുണ്ട്. ഡോ. ഹനീഷ് മീരാസാഹിബ്, ഡോ. സിറില്‍ ജി. ചെറിയാന്‍ എന്നിവരാണ് ആര്‍ആര്‍ടിയുടെ ചാര്‍ജ് ഓഫീസര്‍മാര്‍. 20 പേരടങ്ങിയ ഫാക്കല്‍റ്റി ടീം ജനറല്‍ ആശുപത്രിയില്‍ ആര്‍ആര്‍ടിക്ക് പരിശീലനം നല്‍കി വരുന്നു. കുടുംബശ്രീ അംഗങ്ങള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയ്ക്ക് പുറമെ റസിഡന്റ്‌സ് അസോസിയേഷനുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പരിശീലനം നല്‍കുന്നു.
വിവിധ ക്യാമ്പുകളിലായി ഉണ്ടായിരുന്ന ആറ് പേരെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആര്‍ആര്‍ടി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആരോഗ്യനില വളരെ മോശമായ ഇവരില്‍ നാല് പേരുടെ ജീവന്‍ രക്ഷിക്കാന്‍ ആര്‍ആര്‍ടിയ്ക്ക് കഴിഞ്ഞു. കൂനമ്മാവ് സ്‌കൂളിലെ ക്യാമ്പില്‍ ചവിട്ടുപടിയില്‍ നിന്ന് താഴെ വീണ് തുടയെല്ല് ഒടിഞ്ഞ അന്തേവാസിയെ ഉടനെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഡയാലിസിസ് ആവശ്യമുണ്ടായിരുന്ന നിരവധി രോഗികളെ റോഡ് മാര്‍ഗം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. നാല് ഗര്‍ഭിണികളെ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും എറണാകുളത്തേക്ക് മാറ്റി. അതില്‍ പ്രസവവേദന ആരംഭിച്ച യുവതിയെ ആര്‍ആര്‍ടി ആംബുലന്‍സ് ഉപയോഗിച്ച് ആശുപത്രിയില്‍ എത്തിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ കുഞ്ഞിന് ജൻമം നല്‍കിയതും ആര്‍ആര്‍ടിക്ക് ചാരിതാര്‍ത്ഥ്യമേകുന്നു.

രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാനായത് അഭിമാനാര്‍ഹമാണെന്ന് ചാര്‍ജ് ഓഫീസര്‍ ഡോ. സിറില്‍ ജി.ചെറിയാന്‍ പറഞ്ഞു. മൂന്ന് ദിവസങ്ങളായി ഭക്ഷണമോ വെള്ളമോ മരുന്നോ ലഭ്യമാകാതെ ഒറ്റപ്പെട്ട പുത്തന്‍വേലിക്കരയില്‍ രണ്ട് ഡോക്ടര്‍മാര്‍, ഒരു നഴ്‌സ് എന്നിവരടങ്ങിയ മെഡിക്കല്‍ സംഘത്തെ പ്രസന്റേഷന്‍ കോളേജിന്റെ മൈതാനത്ത് നാവികസേനയുടെ ഹെലികോപ്റ്ററിലെത്തിച്ചു. ദിവസം മുഴുവന്‍ ക്യാമ്പുകളിലും വീടുകളിലും അവര്‍ സേവനം നല്‍കി. ഒറ്റപ്പെട്ട് കിടന്നിരുന്ന മിക്കവാറും എല്ലാ സ്ഥലങ്ങളിലും മരുന്നും ഭക്ഷണവും എത്തിച്ചു. എയര്‍ ഡ്രോപ്, ഗതാഗതം, മരുന്നു വിതരണം എന്നിങ്ങനെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സംവിധാനമേര്‍പ്പെടുത്താന്‍ ആര്‍ആര്‍ടിക്ക് കഴിഞ്ഞു.

ആഗസ്റ്റ് 18ന് പുത്തന്‍വേലിക്കര, ആലുവ യു.സി കോളേജ് എന്നീ ഭാഗങ്ങളിലേക്ക് ടോറസ് ലോറിയില്‍ ഡോ. സജിത്ത് ജോണിന്റെ നേതൃത്വത്തില്‍ ഭക്ഷണം, മരുന്ന് എന്നിവയുമായി തിരിച്ച സംഘത്തിന് റോഡുകള്‍ വെള്ളത്തിലായതിനാല്‍ ദൗത്യം പൂര്‍ത്തിയാക്കാനായില്ല. പള്ളിക്കെട്ടിടം തകര്‍ന്ന് അപകടമുണ്ടായ കുത്തിയതോട്ടില്‍ ഡോ. ജോബ് പോള്‍ ഹെലികോപ്റ്ററിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതും ആര്‍ആര്‍ടിയുമായി സഹകരിച്ചാണ്.

Read more topics: flood, Rapid, Responses, Team
English summary
Rapid Responses Team for Health Department Their services were transferred from hospitals and patients to safety ...
topbanner

More News from this section

Subscribe by Email