Wednesday February 20th, 2019 - 2:50:am
topbanner

പ്രളയക്കെടുതി: രക്ഷാപ്രവര്‍ത്തനത്തിനു മത്സ്യത്തൊഴിലാളികളെ സജ്ജരാക്കിയത് വ്യക്തമായ ദിശാബോധത്തിലൂടെ: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

bincy
പ്രളയക്കെടുതി: രക്ഷാപ്രവര്‍ത്തനത്തിനു മത്സ്യത്തൊഴിലാളികളെ സജ്ജരാക്കിയത് വ്യക്തമായ ദിശാബോധത്തിലൂടെ: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കൊച്ചി: വ്യക്തമായ ദിശാബോധത്തോടെയാണ് മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനു സജ്ജരാക്കിയതെന്നു ഫിഷറീസ്വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം കേരളം എക്കാലവും നന്ദിയോടെ സ്മരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രളയദുരന്തത്തില്‍ രക്ഷകരായ എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിനായി ജില്ലാ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഒത്തൊരുമയോടെ നിന്നാല്‍ ഏതു ദുരന്തത്തേയും നേരിടാന്‍ കഴിയുമെന്നു ലോകത്തെ കാണിക്കുകൊടുക്കുകയായിരുന്നു നമ്മള്‍. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. എല്ലാ സംഘടനകളും ഒന്നിച്ചുനിന്നു. അക്കൂട്ടത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം എടുത്തു പറയേണ്ടതാണ്. ആഗസ്റ്റ് 14ന് രാത്രി വീശിയ കൊടുങ്കാറ്റ് എല്ലാ മുന്നൊരുക്കങ്ങളെയും തകര്‍ത്തു. 

പെരിയാറും പമ്പയാറും കരകവിഞ്ഞ് ഒഴുകുന്നതിനിടെ കടലും തിരിച്ചടിച്ചാലോ എന്നും ഭയന്നു. 15ന് എല്ലാ ജില്ലകളിലും കഷ്ടപ്പെട്ടാണു ദേശീയപതാക ഉയര്‍ത്താനായതെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അന്നുതന്നെ എല്ലാ ജില്ലകളിലും ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ഓഖിയുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. കടലാക്രമണം ശക്തമായാല്‍ വേണ്ട നടപടികള്‍ക്കാണു ഫിഷറീസ് വകുപ്പ് കണ്‍ട്രോള്‍ റൂമുകളും തുറന്നത്.

പ്രളയസമയത്തു പെരിയാറിലൂടെ ഒഴുകിയ ഒരു കുട്ടവഞ്ചി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് എന്തുകൊണ്ടു രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയാലോയെന്നു ചിന്തിക്കുന്നത്. 15ന് ഉച്ചയ്ക്കുതന്നെ രണ്ടുവഞ്ചികളുമായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയിലേക്ക് അയച്ചു. മഴതോരാതെ വന്‍നാശം വിതയ്ക്കുമ്പോള്‍ 15ന് രാത്രി കൊല്ലത്ത് കടപ്പുറത്ത് മൈക്ക് അനൗണ്‍സ്‌മെന്റിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുവാന്‍ മത്സ്യത്തൊഴിലാളികളോട് ആവശ്യപ്പെട്ടു.

ഉറങ്ങിക്കിടന്ന പലരെയും വീടുകളിലെത്തി ഉണര്‍ത്തി. കടലില്‍ പോയ മത്സ്യത്തൊഴിലാളികളെ തിരിച്ചുവിളിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള ലോറികള്‍ പിടിച്ചെടുത്തു വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികളെ പത്തനംതിട്ടയിലേക്ക് അയക്കുകയായിരുന്നു. പിന്നീട് മത്സ്യത്തൊഴിലാളികള്‍ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി സ്വന്തം നിലയ്ക്ക് നൂറുകണക്കിന് ലോറികളില്‍ വള്ളങ്ങളുമായി പ്രളയ സ്ഥലങ്ങളിലേക്കു പോകുകയായിരുന്നു. പത്തനംതിട്ട ജില്ലയില്‍ 70 ശതമാനം പേരെയും രക്ഷപ്പെടുത്തിയതു മത്സ്യത്തൊഴിലാളികളാണ്. ബാക്കി 30 ശതമാനമാണു സൈന്യവും മറ്റുള്ളവരും ചേര്‍ന്നു രക്ഷപ്പെടുത്തിയത്.

എല്ലാ ജില്ലകളിലുമായി 669 വള്ളങ്ങില്‍ 65,000 പേരെയാണു മത്സ്യത്തൊഴിലാളികള്‍ മാത്രം രക്ഷിച്ചത്. കൂടാതെ സന്നദ്ധ സംഘടകള്‍ 259 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. എല്ലാ വിഭാഗം ജനങ്ങളും രക്ഷാപ്രവര്‍ത്തിന് ഇറങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികളെ മാത്രം ആദരിക്കുന്നതിനു കാരണം അവര്‍ എക്കാലവും മുഖ്യധാരയില്‍ നിന്നും മാറ്റപ്പെട്ടരായിരുന്നതുകൊണ്ടാണ്. ദുരിതത്തിന്റെ പാതാളത്തില്‍ കഴിയുന്ന അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടുവരുകയാണു സര്‍ക്കാര്‍ ലക്ഷ്യം.

മത്സ്യത്തൊഴിലാളികള്‍ അന്തസിന്റെ കൊടുമുടിയിലാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊച്ചി ഹൈക്കോടതി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും നല്‍കി മന്ത്രി ആദരിച്ചു. നാലായിരം പേരെ രക്ഷിച്ച വൈപ്പിന്‍കരയില്‍ നിന്നുള്ള പൂങ്കാവനം വള്ളത്തിലെ മത്സ്യത്തൊഴിലാളികളെയാണ് ആദ്യം ആദരിച്ചത്.

ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി, എംഎല്‍എമാരായ എസ്. ശര്‍മ, പി.ടി. തോമസ്, കെ.ജെ. മാക്‌സി, ജോണ്‍ ഫെര്‍ണാണ്ടസ്, എം. സ്വരാജ്, ആന്റണി ജോണ്‍, വി ഡി സതീശന്‍, എല്‍ദോസ് കുന്നപ്പള്ളി, മത്സ്യത്തൊഴിലാളി ക്ഷേമനിധ്ി ബോര്‍ഡ് ചെയര്‍മാന്‍ സി പി കുഞ്ഞുരാമന്‍, മുന്‍ എംപി പി രാജീവ്, ഹുസൈന്‍ മടവൂര്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് എംഡി: വര്‍ഗീസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി എന്‍ മോഹനന്‍, പി രാജു, ടി ജെ വിനോദ്, എന്‍ കെ മോഹന്‍ദാസ്, എം പി അബ്ദുല്‍ഖാദര്‍, മത്സ്യ ബോര്‍ഡ് കമ്മീഷണര്‍ സി ആര്‍ സത്യവതി, മത്സ്യഫെഡ് മാനേജര്‍ ജോര്‍ജ്, വിവിധ മത്സ്യത്തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ കെ സി രാജീവ്, പി ഒ ആന്റണി, ആന്റണി കളരിക്കല്‍, സി എസ് സുനില്‍, ചാള്‍സ് ജോര്‍ജ്, വി.ഡി മജീന്ദ്രന്‍, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി ബി ദാളോ ഫ്രാന്‍സിസ്, ടി രഘുവരന്‍, ശ്രീവിദ്യ സുമോദ് എന്നിവര്‍ പങ്കെടുത്തു. മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ സ്വാഗതവും എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ് നന്ദിയും പറഞ്ഞു.

Viral News

Read more topics: flood, Minister, Fishermen, prepared
English summary
flood : Fishermen were prepared for rescue operations Through a clear direction: Minister Mercy Kuriyama
topbanner

More News from this section

Subscribe by Email