Sunday April 21st, 2019 - 2:41:pm
topbanner
topbanner

പത്തനംതിട്ട ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കെല്ലാം ഉപാധികള്‍ ഇല്ലാതെ ധനസഹായം ലഭ്യമാക്കും: മന്ത്രി കെ രാജു

bincy
പത്തനംതിട്ട ജില്ലയിലെ ക്ഷീരകര്‍ഷകര്‍ക്കെല്ലാം ഉപാധികള്‍ ഇല്ലാതെ ധനസഹായം ലഭ്യമാക്കും: മന്ത്രി കെ രാജു

പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും ഉപാധികള്‍ ഇല്ലാതെ സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. പ്രളയത്തില്‍ ജില്ലയിലെ ക്ഷീരവികസന-മൃഗസംരക്ഷണ മേഖലകളിലുണ്ടായ നാശനഷ്ടം വിലയിരുത്താന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ധനസഹായം ലഭിക്കുന്നതിന് കന്നുകാലികളെ ഇൻഷുർ ചെയ്തിട്ടുണ്ടോ ക്ഷീരകര്‍ഷക സംഘത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നൊന്നും പരിഗണിക്കേണ്ടതില്ല. സര്‍ക്കാരിന്റെ മുന്നില്‍ ദുരിതം നേരിട്ട എല്ലാ കര്‍ഷകരും ധനസഹായത്തിന് അര്‍ഹരാണ്. നഷ്ടങ്ങളുടെ ക ണക്കെടുക്കാന്‍ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളും മില്‍മ അധികൃതരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഉദ്യോഗസ്ഥര്‍ ഓരോ പഞ്ചായത്തിലും നേരിട്ടെത്തി കര്‍ഷകരുമായി സംസാരിച്ച് നഷ്ടം തിട്ടപ്പെടുത്തണം.

നിലവിലുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അവരുടെ ആവലാതികള്‍ ബോധ്യപ്പെടുത്താന്‍ അവസരം ലഭിച്ചു എന്ന് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇന്‍ഷുറന്‍സ് ഉള്ള കന്നുകാലികളുടെ ഉടമകള്‍ക്ക് ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ നല്‍കുന്നതില്‍ ഉദാര സമീപനം ഉണ്ടാവും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലുള്ള യാതൊരു സര്‍ട്ടിഫിക്കറ്റും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ഇതിന് ആവശ്യമായ നടപടി ഉണ്ടാവും.

യുണൈറ്റഡ് ഇന്‍ഡ്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി ഇതുസംബന്ധിച്ച് ഇതിനോടകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രളയബാധിതരായ ക്ഷീരകര്‍ഷകരുടെ കടം എഴുതിതള്ളുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. മരണപ്പെട്ട പശുക്കള്‍, കിടാരികള്‍, കന്നുകുട്ടികള്‍, തകര്‍ന്ന തൊഴുത്ത്, നിലവില്‍ ആവശ്യമായ തീറ്റ, ഡോക്ടര്‍മാരുടെ സേവനം എന്നിവയെക്കുറിച്ച് ഏകോപനത്തിലൂടെ കൃത്യമായ കണക്ക് തയ്യാറാക്കണം. കര്‍ഷകര്‍ക്കുള്ള നഷ്ടത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍ഗണനാക്രമം നിശ്ചിയിക്കുകയും അതിന്‍പ്രകാരം സഹായം വിതരണം ചെയ്യാന്‍ ഏകീകൃത പദ്ധതി തയ്യാറാക്കുകയും ചെയ്യണം.

പ്രളയത്തിന്റെ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ നിന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ട്. ഇതിന്‍ പ്രകാരം ക്ഷീരകര്‍ഷകര്‍ക്കും തുകലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കണം. എല്ലാ പഞ്ചായത്തിലും നിലവില്‍ ഓരോ മൃഗാശുപത്രികള്‍ വീതമുണ്ട്. ഇതിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ആവശ്യമെങ്കില്‍ കൂടുതല്‍ വൈദ്യസഹായം ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കും.

പ്രളയബാധിത പ്രദേശങ്ങള്‍ കണ്ടെത്തി കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇത്തരം പ്രദേശങ്ങളില്‍ പഞ്ചായത്തില്‍ ഒരിടത്തെങ്കിലും വെള്ളംകയറാത്ത ഉയര്‍ന്ന പ്രതലമുള്ള കാലിത്തൊഴുത്തുകള്‍ തയ്യാറാക്കണം. വെള്ളപ്പൊക്കമുള്ളപ്പോള്‍ ഇവിടം കന്നുകാലികളുടെ പൊതുതൊഴുത്തായി ഉപയോഗപ്പെടുത്താം. അതുവരെ മൃസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് ഉപയോഗിക്കാനും സാധിക്കും. നിലവില്‍ പാലുത്പാദനം വളരെ കുറഞ്ഞിട്ടുണ്ട്.

പാലുത്പാദന രംഗത്ത് സ്വയംപര്യാപ്ത എന്ന ലക്ഷ്യത്തിലേക്ക് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും ദീര്‍ഘദൃഷ് ടിയോടു കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നും മന്ത്രി പറഞ്ഞു.  ക്ഷീരകര്‍ഷകര്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്ന അപ്പര്‍കുട്ടനാട്, റാന്നി, പന്തളം ആറന്‍മുള ഭാഗങ്ങളില്‍ വകുപ്പിന്റെ കൂടുതല്‍ ശ്രദ്ധയുണ്ടാവണമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് പറഞ്ഞു. ജില്ലയില്‍ ആകെ 1085 കന്നുകാലികള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 621 കാലിത്തൊഴുത്തുകള്‍ പൂര്‍ണമായും 1132 തൊഴുത്തുകള്‍ ഭാഗികമായും തകര്‍ന്നു.

സഹകരണ സംഘങ്ങളില്‍ 20500 ലീറ്റര്‍ പാലിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഇത് ആകെയുള്ള സംഭരണത്തിന്റെ 50 ശതമാനമാണ്. ക്ഷീരമേഖലയില്‍ ആകെ 15.69 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. മില്‍മ ചെയര്‍മാന്‍ കല്ലട രമേശന്‍, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍ സില്‍വി മാത്യു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സാബു, പ്രൊജക്ട് ഓഫീസര്‍ ഡോ എലിസബത്ത് ഡാനിയേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Minister K Raju will provide financial assistance to dairy farmers in Pathanamthitta district without any conditions
topbanner

More News from this section

Subscribe by Email