Friday May 24th, 2019 - 1:08:pm
topbanner
topbanner

പ്രളയക്കെടുതി: മൂഴുവൻ വീടും വാസയോഗ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഏകോപനമുണ്ടാക്കണം: സർവ്വകക്ഷിയോഗം

bincy
പ്രളയക്കെടുതി: മൂഴുവൻ വീടും വാസയോഗ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ഏകോപനമുണ്ടാക്കണം: സർവ്വകക്ഷിയോഗം

കണ്ണൂർ : പ്രളയക്കെടുതിയിൽ പൂർണമായി നശിച്ചതും വാസയോഗ്യമല്ലാതായതുമായ മൂഴുവൻ വീടും വാസയോഗ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ മുൻകയ്യിൽ ജനകീയ കൂട്ടായ്മ ഉണ്ടാക്കണമെന്ന് കാലവർഷക്കെടുതി സംബന്ധിച്ച അവലോകന യോഗം അഭ്യർഥിച്ചു. സർക്കാരിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ദുരിത ബാധിതർക്ക് ലഭ്യമാക്കാനാവശ്യമായ ന ടപടികൾ എല്ലാ തലങ്ങളിലുമായി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.

എന്നാൽ അതിനുമപ്പുറം സഹായങ്ങൾ പ്രാദേശികമായി ജനങ്ങളുടെ സഹകരണത്തോടെ സമാഹരിക്കാൻ കഴിയേണ്ടതുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും ഏകസ്വരത്തിൽ പറഞ്ഞു. അടിയന്തര ദുരിതാശ്വാസ പ്രവർത്തനത്തിനാവശ്യമായ കാര്യങ്ങളാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടിട്ടുള്ളതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ദുരിത ബാധിത മേഖലകളെ പുനർ നിർമിക്കേണ്ടതുണ്ട്. ഇതിനായി പ്രത്യേക പാക്കേജിന് രൂപം നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. യോഗത്തിൽ ഉയർന്നുവന്ന ആവശ്യങ്ങളെല്ലാം പരിഗണിച്ചുള്ള നിർദേശങ്ങളും നടപടികളും പാക്കേജിന്റെ ഭാഗമായി ഉണ്ടാകുമെന്നും അവർ പറഞ്ഞു.

പുനരധിവാസ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക പരിഗണന നൽകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. വാർഡ് അടിസ്ഥാനത്തിലും തദ്ദേശസ്ഥാപന തലത്തിലും പ്രത്യേകം സമിതികൾ രൂപീകരിച്ച് ഇൗ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കണം. പുനർനിർമാണ പ്രവർത്തനത്തിനായി തദ്ദേശസ്ഥാപനങ്ങൾക്ക് കൂടതൽ അധികാരം സർക്കാർ നൽകിയിട്ടുണ്ടെന്നും ഇ പി പറഞ്ഞു. വീട് നഷ്ടപ്പെട്ടവർക്കെല്ലാം വീട് നിർമിച്ചു നൽകുക, വാസയോഗ്യമല്ലാതായ വീടുകൾ പുനരധിവാസത്തിന് യോഗ്യമാക്കുക എന്നതാണ് സർക്കാർ നിലപാട്. ഇതിനാവശ്യമായ കാര്യങ്ങളാണ് ആലോചിക്കുന്നത്. അടിയന്തരമായി ഇത്തരം വീടുകൾ അറ്റകുറ്റപ്പണി നടത്തുകയും പരിസരങ്ങൾ ശുചീകരിക്കുകയും വേണം. ഇക്കാര്യത്തിൽ ഒാരോ വീട്ടുകാരെയും സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങൾ മുൻകയ്യെടുക്കണമെന്നം മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിലും മറ്റ് ജില്ലകൾക്ക് സഹായമെത്തിക്കുന്നതിലും അവിടെ രക്ഷാപ്രവർത്തനം നടത്തുന്നതിലും കണ്ണൂർ ജില്ലയിലെ ജനങ്ങൾ സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തിയതെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പുനരധിവാസ പ്രവർത്തനങ്ങളിലും ഇൗ കൂട്ടായ്മ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഭാഗികമായി തകർന്നതാണെങ്കിലും വാസയോഗ്യമല്ലാതായ വീടുകളെ പൂർണമായി തകർന്നതായി കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കാൻ കഴിയേണ്ടതുണ്ടെന്ന് പി കെ ശ്രീമതി ടീച്ചർ എംപി ആവശ്യപ്പെട്ടു.

വ്യാപാരസ്ഥാപനങ്ങൾക്കും വലിയ നാശം സംഭവിച്ചിട്ടുണ്ട്. ഇവർക്കൂം നഷ്ടപരിഹാരം ലഭ്യമാക്കാൻ സാധിക്കണം. വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി ലഭ്യമാക്കിയാലേ വീട് വെക്കാനാകൂ. ഇക്കാര്യത്തിൽ പലരും ഭൂമി ദാനം നൽകാൻ സന്നദ്ധരാണെന്ന് അറിയിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ഇത് ഏകോപിപ്പിച്ചാൽ കുറേയേറെ ഭൂമി കണ്ടെത്താൻ കഴിയുമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. ചെറുപുഴ ഭാഗത്ത് രണ്ടു മരപ്പാലങ്ങൾ ഒലിച്ചു പോയത് താൽക്കാലികമായി പുനസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പുതിയ പാലം വേണമെന്ന് സി കൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.

ദുരന്തബാധിത മേഖലയിലെ കർഷകരുടെ അഞ്ച് ലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന് കെ സി ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. ഇൗ മേഖലയിലെ പഞ്ചായത്തുകൾക്ക് 25 ലക്ഷം രൂപ പ്രത്യേകമായി അനുവദിക്കണമന്നും അദ്ദേഹം പറഞ്ഞു. വീടും ജീവിത സമ്പാദ്യവും മുഴുവൻ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ അവർക്കുണ്ടായ യഥാർഥ നഷ്ടം കണക്കാക്കി അതിനനുസരിച്ച് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്ന് സണ്ണി ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി.

വീട് പുനർനിർമാണത്തിന്റെ കാര്യത്തിൽ കുടുംബങ്ങളുടെ സാമ്പത്തികനില കൂടി പരിഗണിക്കണം. മണ്ണൊലിച്ചും ഉരുൾപൊട്ടിയും ഭൂമി തന്നെ നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ നഷ്ടം കണക്കാക്കുന്നതിന് നിലവിലുള്ള മാനദണ്ഡപ്രകാരം വ്യവസ്ഥയില്ല. പക്ഷേ ഇത്തരം കുടുംബങ്ങളും ധാരാളമുണ്ട്. കൃഷി ഭൂമിയും ഇങ്ങനെ ഇല്ലാതായിട്ടുണ്ട്. ഇവർക്ക് പകരം കൃഷി ഭൂമി നൽകാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ധനസഹായത്തിനപ്പുറം സഹായങ്ങൾ പുനരധിവാസത്തിന് ആവശ്യമുണ്ടെന്നും ഇതിനായി ജനകീയമായ പരിശ്രമം ഉണ്ടാവണമെന്നും ജയിംസ് മാത്യു എംഎൽഎ അഭിപ്രായപ്പെട്ടു.

ഒാരോ മേഖലയിലും ഉണ്ടായ നഷ്ടം കണക്കാക്കാൻ മേഖല തിരിച്ച് ബന്ധപ്പെട്ടവരുടെ യോഗങ്ങൾ ചേരണമെന്നും അദ്ദേഹം നിർദേശിച്ചു. കൃഷിനാശം സംബന്ധിച്ച് സമയബന്ധിതമായി നാശനഷ്ടം കണക്കാക്കി നഷ്ടപരിഹാരം നൽകാൻ കഴിയണമെന്ന് സിപിഎെ എം ജില്ലാ സെക്രട്ടറി പി ജയരാജൻ. കൊട്ടിയൂർ മേഖലയിൽ ഇപ്പോഴും സ്വന്തം വീടുകളിൽ താമസിക്കാൻ ആത്മവിശ്വാസമില്ലാത്ത ചില കുടുംബങ്ങളുണ്ട്. ഉരുൾപൊട്ടൽ ഭീഷണിയും വന്യമൃഗശല്യവുമുള്ള പ്രദേശമാണിത്. ആനത്താര പദ്ധതിയിൽ ഉൾപ്പെടുത്തി ഇവരുടെ ഭൂമി ഏറ്റെടുക്കണമെന്നാണ് ഇൗ കുടുംബങ്ങളുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. 

പുനരധിവാസത്തിനായി ഭൂമി ദാനംചെയ്യാൻ പലരും തയ്യാണെന്നും ഇക്കാര്യത്തിൽ ഒൗദ്യോഗികമായ ഇടപെടൽ കൂടി ഉണ്ടായാൽ ഇങ്ങനെ കുറേയേറെ ഭൂമി കണ്ടെത്താൻ കഴിയുമെന്നും ഡിസിസി-എെ പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. വീട് നഷ്ടപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നതിൽ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാനാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. പുഴ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പുഴക്ക് സ്വാഭാവികമായി ഒഴുകാനുള്ള നടപടികൾ കൂടി ഉണ്ടാവണമെന്ന് സിപിഎെ പ്രതിനിധി കെ ടി ജോസ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം കണക്കാക്കുമ്പോൾ ഉദ്യോഗസ്ഥർ യാഥാർഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കണമെന്ന് ആർഎസ്എസ് പ്രാന്ത വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി പറഞ്ഞു. പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗതയിൽ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാർഷിക കടങ്ങൾ പരിധിവെക്കാതെ പൂർണമായി എഴുതി തള്ളണമെന്ന് മുസ്ലിംലീഗ് ജില്ലാ ട്രഷറർ വി പി വമ്പൻ പറഞ്ഞു.

യോഗത്തിൽ കെ കെ രാഗേഷ് എം.പി, എം.എൽ.എമാരായ എ എൻ ഷംസീർ, ടി വി രാജേഷ്, മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, റിച്ചാർഡ് ഹേ എം.പിയുടെ പ്രതിനിധി എം ടി പ്രകാശൻ, പി വി ഗോപിനാഥ് (സിപിഎെ എം), വി കെ സുരേഷ് ബാബു (സിപിഎെ), അൻസാരി തില്ലങ്കേരി (മുസ്ലിംലീഗ്), പി സത്യപ്രകാശ്, പി കെ വേലായുധൻ (ബിജെപി), സജീവൻ ആറളം (ആർഎസ്എസ്), താജുദ്ദീൻ മട്ടന്നൂർ (എെ.എൻ.എൽ), വി മോഹനൻ, ഇല്ലിക്കൽ അഗസ്തി (ആർഎസ്പി), സി എ അജീർ, സി വി ഗോപിനാഥ് (സിഎംപി- സി പി ജോൺ വിഭാഗം), രതീഷ് ചിറക്കൽ, ജോസഫ് കോക്കാട്ട് (കേരള കോൺഗ്രസ്-ബി), ജോസ് ചെമ്പേരി (കേരള വികാസ് കോൺഗ്രസ്), സി വി ശശീന്ദ്രൻ (സിഎംപി-അരവിന്ദാക്ഷൻ വിഭാഗം), കെ ബാലകൃഷ്ണൻ (കോൺഗ്രസ് എസ്), വി കെ ഗിരിജൻ (എൽജെഡി), ബഷീർ കണ്ണാടിപ്പറമ്പ്, വി ബഷീർ (എസ്ഡിപിഎെ), സി എച്ച് പ്രഭാകരൻ (എൻസിപി), മഹ്മൂദ് പറക്കാട്ട് (എെഎൻഎൽ), കെ എസ് സാദിഖ്, എ ഗോപാലൻ (എഎപി), എ പി രാഗേഷ്, സുഭാഷ് അയ്യോത്ത് (ജനതാദൾ എസ്), എസ്പി ജി ശിവവിക്രം, അസി. കലക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: flood, coordinated, All parties
English summary
flood : To make a mud house home Local bodies have to be coordinated ; All parties
topbanner

More News from this section

Subscribe by Email