Tuesday May 21st, 2019 - 6:39:am
topbanner
topbanner

മലപ്പുറത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കുന്നംകുളത്ത് പനി ബാധിതര്‍ ആശങ്കയില്‍

Mithun Muyyam
മലപ്പുറത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ  കുന്നംകുളത്ത് പനി ബാധിതര്‍ ആശങ്കയില്‍

തൃശൂര്‍: നിപ വൈറല്‍ പനി സംബന്ധിച്ച് ജില്ലയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍. കേരളത്തെ ഭീതിയിലാഴ്ത്തി കോഴിക്കോട് പടര്‍ന്നു പിടിച്ച നിപ്പ വൈറല്‍ പനി സംബന്ധിച്ച ആശങ്ക തൃശൂര്‍ ജില്ലയിലേക്കും വ്യാപിക്കുന്ന സാഹചര്യത്തിലാണ് അടിയന്തിര പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജില്ലാ ആരോഗ്യവകുപ്പ് രംഗത്തെത്തുന്നത്.

എല്ലാ ആശുപത്രികളിലേയും ആരോഗ്യ കേന്ദ്രങ്ങളിലേയും നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍യിട്ടുണ്ട്. കൂടാതെ വിദഗ്ധരെ ഉള്‍പ്പെടുത്തി കൊണ്ട് ദ്രുതകര്‍മ്മ സേനയ്ക്കും ഉടന്‍ രൂപം നല്‍കും. വെറ്ററിനറി സര്‍ജന്‍, ഫോറസ്റ്റ് ഐ.എം.എ. പ്രതിനിധികള്‍, ഡോക്ടര്‍മാര്‍, ജില്ലയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തി കൊണ്ടുള്ള സംഘത്തെയാണ് ഇതിനായി സജ്ജമാക്കുന്നത്. പനി ബാധിത മേഖലകളില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും നല്‍കാനും ജില്ലാ ആരോഗ്യവിഭാഗം അതത് പ്രാദേശികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിലവിലെ അവസ്ഥയില്‍ നിപ്പ വൈറല്‍ പനി സംബന്ധിച്ച് ജില്ലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും താലൂക്ക് ആരോഗ്യകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഡോക്ടര്‍മാരടങ്ങുന്ന ഓരോ പ്രത്യേക സംഘങ്ങളെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കും. ആവശ്യമെന്നു കണ്ടാല്‍ ഈ സംഘങ്ങളെ മറ്റ് ജില്ലകളിലേക്ക് അയക്കാനും വേണ്ടിയാണിത്.

വിവിധ വകുപ്പുകളുടേയും ജില്ലയിലെ സ്വകാര്യ ആശുപത്രികളുടേയും പൂര്‍ണ സഹകരണത്തോടെയുമാകും ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക. അതേസമയം മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതലത്തില്‍ രോഗവ്യാപനം തടയുന്നതിനും ഇവയുടെ നിരീക്ഷണത്തിനുമായി പ്രത്യേക സമിതികള്‍ രൂപീകരിച്ചു. നിപ്പ വൈറല്‍ പനി നിലവില്‍ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു. കര്‍ഷകര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗവ്യാപനം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. വവ്വാലുകള്‍ കടിച്ചതായി സംശയിക്കുന്ന ജാമ്പക്ക, പേരക്ക, മാങ്ങ തുടങ്ങിയ പഴവര്‍ണ്മങ്ങള്‍ മനുഷ്യര്‍ കഴിക്കുകയോ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. മൃഗങ്ങളില്‍ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍, വിഭ്രാന്തി തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈനും പൊതുജനങ്ങളുടെ സംശയ ദൂരീകരണത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ആനിമല്‍ ഡിസീസ് എമര്‍ജന്‍സി കണ്‍ട്രോളും (നിപ്പ വൈറല്‍ പനി) സജ്ജീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 0471 2732151. മൃഗങ്ങളെ ബാധിക്കുന്ന ഈ രോഗം ഇന്ത്യയില്‍ ഇതേവരെ വളര്‍ത്തുമൃഗങ്ങളില്‍ വന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നാടന്‍ ഫലങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗവാഹകര്‍. വവ്വാലുകളുടെ വിസര്‍ജ്ജ്യം, ശരീരസ്രവങ്ങള്‍ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കമാണ് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും രോഗം പകരാന്‍ കാരണം. വവ്വാലുകള്‍ കടിച്ച പഴവര്‍ണ്മങ്ങളിലൂടെയാണ് സാധാരണയായി രോഗവ്യാപനം നടക്കുന്നത്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല സംഘം പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

നാഷണല്‍ സെന്റര്‍ ഫോര്‍ കമ്മ്യൂണിക്കബിള്‍ ഡിസീസ് ഡയറക്ടര്‍ ഡോ. സുജീത്‌സിംഗ്, എപ്പിഡമിയോളജി വിഭാഗം മേധാവി ഡോ. എസ് കെ ജയിന്‍, ഇ.എം.ആര്‍ ഡയറക്ടര്‍ ഡോ. പി. രവീന്ദ്രന്‍, ജന്തുജന്യരോഗ വിഭാഗം മേധാവി ഡോ. നവീന്‍ ഗൂപ്ത, സതേണ്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറട്ടറി മേധാവി ഡോ. വെങ്കിടേഷ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസ് മേധാവി ഡോ. എം.കെ പ്രസാദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്തി രോഗവ്യാപനം തടയാനുള്ള തുടര്‍നടപടികള്‍ ഏകോപിക്കുന്നുണ്ട്.

രോഗലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്ന മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് രോഗനിര്‍ണയത്തിന്റെ പ്രാഥമിക പരിശോധന സംസ്ഥാനതല ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തുന്നതിനും ആവശ്യമെങ്കില്‍ രോഗസ്ഥിരീകരണത്തിനായി ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്ക് അയക്കുന്നതിനുമുള്ള സംവിധാനം മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേ സമയം അതിര്‍ത്തി ജില്ലയായ മലപ്പുറത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കുന്നംകുളത്ത് പനി ബാധിതര്‍ ആശങ്കയിലാണ്. കുന്നംകുളം താലൂക്ക് ആശുപത്രി ഒ.പിയില്‍ പരിശോധനക്കെത്തിയ 1,022 പേരില്‍ 110 പേര്‍ പനി ബാധിതര്‍ ആയിരുന്നു.

ആശുപത്രിയില്‍ പ്രത്യേക പനി വാര്‍ഡും തുടങ്ങി. നേര്‍ത്ത പനിയുണ്ടെന്നതിനാല്‍ തന്നെ ഭയം കൊണ്ടാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇതാണ് ഒ.പി.യില്‍ തിരക്കനുഭവപ്പെടാന്‍ കാരണമായത്. പനിയെ ഭയപ്പെടേണ്ടെന്നും. എന്നാല്‍ ലക്ഷണം കണ്ടാല്‍ ചികിത്സ വൈകിപ്പിക്കരുതെന്നുമാണ് ഡോകടര്‍മാര്‍ പറയുന്നത്. നിപ വൈറസ് ബാധയേറ്റാല്‍ അത് സ്ഥിരീകരിക്കുന്നതിന് 10 മുതല്‍ 15 ദിവസം വരേ വേണ്ടിവരും.

വവ്വാല്‍ ചപ്പിയതുള്‍പടേയുള്ള പഴങ്ങള്‍ വൈറസ് ബാധക്ക് കാരണമാണെന്നതിനാല്‍ ഇത് കൂടി ശ്രദ്ധിക്കണമെന്ന് താലൂക്ക് ആശുത്രി സൂപ്രണ്ട് താജ് പോള്‍ പനയ്ക്കല്‍ പറയുന്നു. (ബൈറ്റ്) പനി സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടികളോ, അറിയിപ്പുകളോ ഇതുവരേ നല്‍കി തുടങ്ങിയിട്ടില്ല. റോഡരികില്‍ നിന്നും പഴ വര്‍ഗ്ഗങ്ങള്‍ വാങ്ങുന്നവര്‍ പഴത്തില്‍ കേടുപാടുകളോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Read more topics: trissur, nipa, virus,
English summary
fever people in kunnamkulam now anxiety
topbanner

More News from this section

Subscribe by Email