Friday July 19th, 2019 - 10:49:pm
topbanner
topbanner

വനിതാ ശിശു വികസനരംഗത്ത് മാതൃകയായി എറണാകുളം ജില്ലയിലെ വരാപ്പുഴ പഞ്ചായത്ത്

Aswani
വനിതാ ശിശു വികസനരംഗത്ത് മാതൃകയായി എറണാകുളം ജില്ലയിലെ വരാപ്പുഴ പഞ്ചായത്ത്

എറണാകുളം: സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്തു തലത്തിലുള്ള വനിതാശിശുവികസന ഓഫീസ് എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചുകൊണ്ട് വരാപ്പുഴ ഗ്രാമപഞ്ചായത്ത് മാതൃകയായി മാറിയിരിക്കുകയാണ്. വരാപ്പുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പറവൂര്‍ റോഡില്‍നിന്നും 100 മീറ്റര്‍ അകലെ ചിറയ്ക്കകം അങ്കണവാടിയുടെ മുകള്‍ നിലയിലാണ് ഓഫീസ് ഒരുക്കിയിട്ടുള്ളത്. തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ട് 2000 ജൂലൈയില്‍ ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറ്റം ചെയ്തു കിട്ടിയ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസ്, ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ വകുപ്പുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും സൂക്ഷിക്കാനിടമില്ലാതെ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ ഔദ്യോഗിക യാത്രകളിലും വീട്ടിലേക്ക് പോകുമ്പോഴും ഇവ സ്വന്തം ഉത്തരവാദിത്വത്തില്‍ കൈയില്‍ കരുതാറാണ് പതിവ്. ഔദ്യോഗിക മേശയോ കസേരയോ പോലുമില്ലാതെ മിക്കവരും മടിയില്‍ വെച്ച് റെക്കോര്‍ഡുകളും അനുബന്ധ രേഖകളും തയ്യാറാക്കുമ്പോള്‍ വരാപ്പുഴയിലേത് പഞ്ചായത്ത് അധികൃതരുടെ കാര്യക്ഷമതയുടെയും ഐ.സി.ഡി.എസ്. സൂപ്പര്‍ വൈസര്‍ എ. സിനിയുടെ ആത്മാര്‍പ്പണത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണെന്ന് ജില്ലാ സംയോജിത ശിശു വികസന ഓഫീസര്‍ ജെ.മായാലക്ഷ്മി പറഞ്ഞു.

സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും സ്ഥലം ലഭ്യമാകാതിരുന്നതിനെ തുടര്‍ന്നാണ് അങ്കണവാടിയുടെ മുകള്‍ ഭാഗം വനിതാ ശിശു വികസന ഓഫീസാക്കി മാറ്റിയത്. ഓഫീസിനായി ഹാള്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയപ്പോള്‍ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 95000 രൂപ വിനിയോഗിച്ച് വരാപ്പുഴ ഗ്രാമപഞ്ചായത്ത് അനുബന്ധ പ്രവൃത്തികള്‍ നടത്തി ഓഫീസ് എന്ന സങ്കല്‍പം പൂര്‍ത്തീകരിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മുഹമ്മദിന്റെ അധ്യക്ഷതയില്‍ അഡ്വ.വി.ഡി.സതീശന്‍ എം.എല്‍.എ. കഴിഞ്ഞ മാര്‍ച്ചില്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഓഫീസില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ & പഞ്ചായത്ത് വനിതാ ശിശു വികസന ഓഫീസര്‍ക്കും ജാഗ്രതാ സമിതി കൗണ്‍സിലര്‍ക്കും പ്രത്യേകമായുള്ള ക്യാബിനുകള്‍, അടുക്കള, കുളിമുറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഗാര്‍ഹിക പീഡനത്താലോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ ഒരു സ്ത്രീ അഭയം ചോദിച്ചെത്തിയാല്‍ ഒരു രാത്രി താമസിപ്പിക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് അത്യാവശ്യ സാധനങ്ങളും മറ്റും ശേഖരിച്ചു അടുക്കളയടക്കം തയ്യാറാക്കിയത്. വൈദ്യുതി , വെള്ളം, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ എടുത്തു നല്‍കിയിട്ടുണ്ട്. ചെലവ് പഞ്ചായത്ത് ഫണ്ടില്‍ നിന്നും വഹിക്കും.

ഉച്ചക്ക് 2:30 മുതല്‍ 3:30 വരെ വിവിധ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. തിങ്കളാഴ്ചകളില്‍ വനിതകള്‍ക്കും കുട്ടികള്‍ക്കും ചിത്രത്തുന്നല്‍ പരിശീലനം, ചൊവ്വ വനിതാ പോലീസിന്റെ സേവനം, വ്യാഴം കരകൗശല വസ്തുക്കളുടെ നിര്‍മാണം എന്നിവ നടത്തുന്നുണ്ട്. ഒന്നാമത്തേയും മൂന്നാമത്തേയും ശനിയാഴ്ച ആയുര്‍വേദ ഡോക്ടറുടെ ക്ലാസ്സും പ്രാണായാമ പരിശീലനവും നല്‍കും. പ്രദേശത്തെ ആയുര്‍വേദ ഡോക്ടറുടെ വൊളന്ററി സര്‍വീസായാണ് ഇത് നടത്തുന്നത്. കുട്ടികളിലെ വളര്‍ച്ച വൈകല്യങ്ങള്‍ കണ്ടെത്താന്‍ പത്താം തീയതികളില്‍ പ്രത്യേക ക്ലിനിക്കുമുണ്ട്. ചെറിയ ഒരു ലൈബ്രറി ഒരുക്കിയതിനു പുറമേ അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കി.

ആര്‍.ആര്‍.എസ്. ഓണ്‍ലൈന്‍ എന്‍ട്രി, ആധാര്‍ പുതുക്കല്‍ എന്നിവ ചെയ്യുന്നതു കൂടാതെ അവര്‍ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ മുഖേന എടുക്കുകയും മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്യുന്നു. വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിത കമ്മീഷന്‍, വനിത വികസന കോര്‍പ്പറേഷന്‍, കുടുംബശ്രീ തുടങ്ങിയവയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും അത്യാവശ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. മുതിര്‍ന്ന വനിതകളുടെ സംഗമം സംഘടിപ്പിക്കുകയും അവരുടെ അറിവുകള്‍ പുതുതലമുറയിലേക്കു പകരാന്‍ അവസരമൊരുക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ വീട്ടില്‍ പോയി കൗണ്‍സിലിങ്, പോലീസ് സംരക്ഷണം, നിയമസഹായം എന്നിവയും നല്‍കും.വിധവകള്‍, അവിവാഹിത അമ്മമാര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വനിതകള്‍ എന്നിവര്‍ക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ക്ഷേമപദ്ധതികളില്‍ പരിഗണനയും അര്‍ഹമായ സേവനവും ക്ഷേമപെന്‍ഷനുകളും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കി ഇതു സംബന്ധിച്ച് ഡാറ്റാബെയ്‌സ് തയ്യാറാക്കി ഓഫീസില്‍ സൂക്ഷിക്കുന്നുമുണ്ട്. ഓഫീസിനു താഴെ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയോടനുബന്ധിച്ച് ഒരു മള്‍ട്ടി യൂട്ടിലിറ്റി ഹാള്‍, ശുചിമുറി എന്നിവ നിര്‍മിക്കുന്നതിനും മറ്റുമായി പഞ്ചായത്ത് ഈ വര്‍ഷം അഞ്ചു ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ഓഫീസും അനുബന്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഓഫീസ് ഡവലപ്‌മെന്റ് കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. എല്ലാ മാസവും കമ്മറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ട്.

Read more topics: ernakulam, varapuzha, panchayat
English summary
Varapuzha panchayat in Ernakulam district as a model for women's child development
topbanner

More News from this section

Subscribe by Email