Sunday February 17th, 2019 - 7:27:am
topbanner

സിനിമാസ്വാദനത്തെ കുട്ടികൾ ഗൗരവമായി കാണണം: കമൽ

NewsDesk
സിനിമാസ്വാദനത്തെ കുട്ടികൾ ഗൗരവമായി കാണണം: കമൽ

ഇടുക്കി: സമൂഹത്തിൽ സംസ്‌കാരം രൂപപ്പെടുത്തുന്നത് കലകളാണെന്നും ഏറ്റവും വലിയ ജനകീയ കലയായ സിനിമയെ കുട്ടികൾ ഗൗരവത്തോടെ കാണണമെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ പറഞ്ഞു. ചലച്ചിത്ര അക്കാഡമിയും സംസ്ഥാന ശിശുക്ഷേമ സമിതിയും ചേർന്ന് വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമെറ്ററിയിൽ സംഘടിപ്പിച്ച ചലച്ചിത്രാസ്വാദന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കമൽ.

അക്ഷരങ്ങളെ നെഞ്ചിലേറ്റുന്ന പോലെ കുട്ടികൾ സിനിമയെയും സമീപിക്കണം. സിനിമ വെറുതെ കണ്ട് ആസ്വദിച്ച് വിടാനുള്ളതല്ല. ലോകം എന്താണെന്നും യഥാർത്ഥ മനഷ്യജീവിതം എന്താണെന്നും വെളിപ്പെടുത്തുന്ന സിനിമകളും ഉണ്ട്. അത്തരം സിനിമകൾ കാണുന്നവർക്ക് വിവിധ ദേശങ്ങളിലെ ജീവിതം, അവിടുത്തെ മനുഷ്യരുടെ അവസ്ഥ, അതിജീവനം, ഭാഷ, വസ്ത്രധാരണം തുടങ്ങിയവ പഠിക്കാനും അവസരം ലഭിക്കും. വിനോദം മാത്രമല്ല, സിനിമ വിജ്ഞാനവും നൽകുന്നു.

നല്ല സിനിമകളെ ശരിയായി അസ്വദിക്കാനുള്ള പരിശീലനം നൽകാനാണ് ചലച്ചിത്ര അക്കാഡമി സിനിമാസ്വാദന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്നും കമൽ പറഞ്ഞു. അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ക്യാമ്പ് ഡയറക്ടറും സംവിധായകനുമായ മെക്കാർട്ടിൻ, ജില്ലാ ശിശക്ഷേമ സമിതി ഭാരവാഹികളായ കെ.ആർ. ജനാർദ്ദനൻ, കെ. രാജു, കെ.എം. ഉഷ, ഷൈലജ, കെ.ആർ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. അഞ്ച് ജില്ലകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ആറിന് അവസാനിക്കും. ചലച്ചിത്രമേഖലയിലെ പ്രമുഖർ ക്യാമ്പിൽ പങ്കെടുക്കും.

Viral News

Read more topics: director, kamal, idukki,
English summary
director kamal idukki vellappara
topbanner

More News from this section

Subscribe by Email