Saturday May 25th, 2019 - 1:52:pm
topbanner
topbanner

വിദ്യാഭ്യാസം ആധുനികവത്കരിക്കും, വിദ്യാലയങ്ങളെ ജനങ്ങൾ നയിക്കും: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദനാഥ്

Neethu
വിദ്യാഭ്യാസം ആധുനികവത്കരിക്കും, വിദ്യാലയങ്ങളെ ജനങ്ങൾ നയിക്കും: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദനാഥ്

മലപ്പുറം: അടുത്ത അധ്യയനവർഷം പൂർത്തിയാകുമ്പോഴേക്കും കേരളത്തിലെ സ്കൂളുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. എട്ട് മുതൽ 12 വരെ ക്ലാസുകൾ എട്ട് മാസത്തിനുള്ളിൽ തന്നെ പൂർണമായും ഹൈടെക് ആക്കും. കേരളത്തിന്റെ വിദ്യാഭ്യാസത്തെ നയിക്കേണ്ടത് കേരളത്തിന്റെ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളാണ്. മൂലധന താല്പര്യങ്ങളിൽ നിന്നും കോർപ്പറേറ്റ് താല്പര്യങ്ങളിൽ നിന്നും മുക്തമായ ജനകീയ വിദ്യാഭ്യാസമാണ് കേരളത്തിന്റേതെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പ്രധാനാധ്യാപകർക്കും ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കും വേണ്ടി നടത്തിയ ശില്പശാല മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്ലാസ് മുറികളുടെ കിളിവാതിലുകൾ അറിവിന്റെ ലോകത്തേക്ക് തുറന്നിടുകയാണ്. അത്തരം അറിവുകളുടെ ഇടമാണ് ക്ലാസ് എന്ന ബോധം അധ്യാപകരിലാണ് ആദ്യം ഉണ്ടാകേണ്ടതെന്നും മന്ത്രി ഒാർമിപ്പിച്ചു. ആയിരം സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുക എന്നത് ഇൗ സർക്കാരിന്റെ പ്രഖ്യാപിത നിലപാടായിരുന്നു. ഇതിൽ 141 എണ്ണം യാഥാർഥ്യമാകുന്നു. 138 എണ്ണത്തിന് ഭരണാനുമതി നൽകിക്കഴിഞ്ഞു. ഇതിനുപുറമെ വിഷൻ 100 എന്ന ലക്ഷ്യവും വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സമൂഹം എന്തു പ്രതീക്ഷിക്കുന്നുവോ അത് 100 ശതമാനവും നിറവേറ്റുക എന്നതാണ് വിഷൻ 100 എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ആധുനികവത്കരണം എന്നത് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന അജൻഡയാണ്. ഭക്ഷണമുണ്ടാക്കുന്ന സ്ഥലം, ഭക്ഷണം കഴിക്കുന്ന സ്ഥലം, മൂത്രപ്പുര എന്നിവ വൃത്തിയുള്ളതാക്കും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. ഭൗതിക സാഹചര്യങ്ങളുടെ ആധുനികവത്കരണം, ജനകീയ ഇടപെടൽ, അക്കാദമിക് മികവ് എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടുപോകുന്നത്. അക്കാദമിക് മികവാണ് വിദ്യാലയത്തിന്റെ മികവ് എന്നതാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ മുദ്രാവാക്യം. അക്കാദമിക് മാസ്റ്റർ പ്ലാൻ എല്ലാ വിദ്യാലയങ്ങളും തയ്യാറാക്കണം. സിലബസ് അനുസരിച്ച് എന്തെല്ലാം അറിവുകൾ ആർജിക്കണമെന്ന് ലക്ഷ്യമിടുന്നുവോ ആ അറിവ് പൂർണമായും വിദ്യാർഥി ആർജിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നതാണ് മിനിമം അക്കാദമിക് മികവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി സി രവീന്ദ്രനാഥ് വിശദീകരിച്ചു. നഗരസഭാ ചെയർപെഴ്സൺ സിഎച്ച് ജമീല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ സിഎെ വത്സല ചടങ്ങിൽ പങ്കെടുത്തു.

English summary
development of education lead people in school education minister
topbanner

More News from this section

Subscribe by Email