ആലപ്പുഴ: ജില്ലയിലെ പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ല ഭരണകൂടം നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ജില്ലയില്‍ വിവിധ ക്ലാസുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ നിന്നുള്ളത്.
ഇതില്‍ തന്നെ പത്താം ക്ലാസുകാര്‍ നൂറില്‍ താഴെയും. ഇവരെ പഠനത്തില്‍ സഹായിക്കുകയെന്നതിനപ്പുറം ജീവിതത്തില്‍ ഒപ്പമുണ്ടാവുകയെന്നതാണ് ഒപ്പത്തിന്റെ സന്ദേശം. ജില്ല പട്ടികവര്‍ഗ വികസന വകുപ്പിന്റെ പുതിയ ഈ സംരംഭത്തിന് ജില്ല ഭരണകൂടവും ഒപ്പമാകുകയാണ്.
ജില്ല കളക്ടര്‍ ടി.വി.അനുപമ വെബ്സൈറ്റ് പ്രകാശനം ചെയ്തു. പദ്ധതിയുടെ വിജയത്തിനായി ഓരോ വിദ്യാര്‍ഥിക്കും ഓരോ മെന്ററെ നിയമിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. മെന്ററര്‍ എന്ന പദം ഗ്രീക്ക് ഭാഷയില്‍ നിന്നാണുദ്ഭവിച്ചത്. വികസിത രാജ്യങ്ങളിലെ സംവിധാനങ്ങളില്‍ ഇന്ന് മെന്റര്‍ഷിപ്പ് കാണാനാകും. നമ്മുടെ സമൂഹത്തില്‍ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത ഈ രീതിയെ പട്ടികവര്‍ഗക്കാരായ യുവതലമുറയുടെ വികസനത്തിനായി ഉപയോഗിക്കാനുളള്ള ശ്രമമാണ് ഒപ്പം.
വിദ്യാഭ്യാസപരമായി മുന്നോട്ടുനയിക്കുന്നതിനും ദിശാബോധം നല്‍കുന്നതിനും ജീവിതവിജയത്തിലേക്കു ചുവടുറപ്പിക്കുന്നതിനും മാനസികമായ പിന്തുണ നല്കുന്ന തരത്തിലുള്ള ഇടപെടാണ് ഒപ്പത്തിന്റെ ലക്ഷ്യം. ലോകത്തിന്റെ വെല്ലുവിളികള്‍ക്കു മുമ്പില്‍ ധീരമായി പൊരുതി മികച്ച മനുഷ്യരായി ഇവരെ മാറ്റിയെടുക്കുന്നതിന് ഒരു സമൂഹമാകെ ഒപ്പമുണ്ടാവുകയാണ് ഇവിടെ.
സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരാണ് മെന്റര്‍മാരായി രംഗത്തുണ്ടാകുക. പഠനത്തിനൊപ്പം ജീവിതത്തിനും ഒരു കൈതാങ്ങാകുകയാണ് മെന്റററുടെ പ്രധാന ദൗത്യം. വിവിധ തലങ്ങളിലൂടെ പരീക്ഷിക്കപ്പെട്ടശേഷമാണ് ഒരു മെന്ററെ തിരഞ്ഞെടുക്കുക. ഇത്തരത്തില്‍ ഊര്ജസ്രോതസാകാന് കഴിവുള്ള ഉപദേശകരുടെ സംഗമം കൂടിയായി വെബ്സൈറ്റ് പ്രകാശനചടങ്ങ്. മാതാപിതാക്കളുടെ ശ്രദ്ധക്കുറവിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്ഥിതിക്കു മാറ്റമുണ്ടാക്കുകയാണ് ഒപ്പത്തിന്റെ ദൗത്യം.
മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സമൂഹപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, വനിത-ശിശു അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഉപദേശകരാകാന്‍ എത്തി. ഇവര്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍- മെയ് മാസങ്ങളിലായി സംഘടിപ്പിക്കും.
തുടര്‍ന്ന് വിദ്യാര്‍ഥികളും മെന്റര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കും. ആദ്യഘട്ടത്തില്‍ കായങ്കുളത്താണ് പദ്ധതിക്കു തുടക്കമിടുന്നതെങ്കിലും അടുത്ത അധ്യയനവര്‍ഷം തുടങ്ങുന്നതോടെ ജില്ല മുഴുവന്‍ വ്യാപിപ്പിക്കും. കുസാറ്റിലെ ഒരു പറ്റം വിദ്യാര്‍ഥികളാണ് ഒപ്പത്തിന്റെ വെബ്സൈറ്റ് സൗജന്യമായി രൂപകല്‍പ്പന ചെയ്തുനല്‍കിയത്. ഇവരുടെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ അബസൊല്യൂട്ട് ടെക്നോളജിയാണ് സൈറ്റിനു പിന്നില്‍.
ഇവര്‍ മെന്ററാകാനും തയ്യാറായിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍, എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇതിന്റെ ഭാഗമാകാന്‍ തയ്യാറായിട്ടുണ്ട്. ജില്ല പട്ടികവര്‍ഗ വികസന ഓഫീസിലെ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആര്.അനൂപാണ് പദ്ധതിയുടെ മുഖ്യസൂത്രധാരന്‍. എല്ലാ പിന്തുണയുമായി ജില്ല കളക്ടര്‍ അനുപമയും സബ്കളക്ടര്‍ കൃഷ്ണതേജയും ചേര്‍ന്നതോടെ ഒപ്പം സനാഥമായ ഒരു സംരംഭമാകുകയാണ്.