Monday May 21st, 2018 - 12:34:pm
topbanner

എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം വേണം: മന്ത്രി കെ. രാജു

suvitha
എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം വേണം: മന്ത്രി കെ. രാജു

കോട്ടയം: വികസനത്തിന്റെ സദ്ഫലങ്ങൾ ഇനിയും എത്തിപ്പിടിക്കാൻ കഴിയാതെ ഒറ്റപ്പെട്ടു നില്ക്കുന്ന പാവപ്പെട്ടവരിലേയ്ക്കു കൂടി എത്തിച്ചേരുന്ന വികസന ക്ഷേമപ്രവർത്തനങ്ങൾ ഭരണകൂടങ്ങൾ ഏറ്റെടുക്കുമ്പോഴാണ് നാടിന്റെ സമഗ്രവികസനം സാദ്ധ്യമാകുന്നതെന്ന് വനം-ക്ഷീര വികസന വകുപ്പുമന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിന പരിപാടിയിൽ പതാക ഉയർത്തിയതിനു ശേഷം സ്വാതന്ത്ര്യദിനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. നാടിന്റെ മുഖഛായ തന്നെ മാറ്റുന്ന തരത്തിലുള്ള വൻകിട വികസന പദ്ധതികൾക്കൊപ്പം തന്നെയുള്ള പ്രാധാന്യമാണ് പാവപ്പെട്ടവരുടെ ക്ഷേമത്തിനും സർക്കാർ നൽകുന്നത്.

വികസനത്തിന്റെ ഫലങ്ങൾ ഏതാനും ചിലരിലേയ്ക്കു മാത്രമായി ഒതുങ്ങുന്നത് ഒരുവിധത്തിലും അംഗീകരിക്കാൻ കഴിയില്ല. അതിനുള്ള കാരണങ്ങൾ എന്തുതന്നെയായാലും അവ കണ്ടെത്തി പരിഹരിക്കുക തന്നെ ചെയ്യും. പ്രകൃതിയെയും പരിസ്ഥിതിയെയും അപകടപ്പെടുത്തിക്കൊണ്ടുള്ള വികസനം സർക്കാർ അനുവദിക്കില്ല. മാലിന്യത്തിനെതിരെ സർക്കാർ ഏറ്റെടുത്തിട്ടുള്ള പുതിയ ദൗത്യം പ്രകൃതിയുടെയും പ്രകൃതിവിഭവങ്ങളുടെയും സംരക്ഷണത്തിന് വേണ്ടി കൂടിയുള്ളതാണ്. ഇക്കാര്യത്തിൽ സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആൾക്കാരുടെ പിന്തുണയുണ്ടാകണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മുൻതലമുറകൾ ചോരയും നീരും നൽകി നേടിത്തന്ന സ്വതന്ത്ര്യത്തിനും ജനാധിപത്യമൂല്യങ്ങൾക്കും ഒരു പോറൽപോലും ഏല്ക്കാതെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്.

സമൂഹത്തിന്റെ ബഹുസ്വരത കാത്തുസൂക്ഷിക്കുന്നതിനും പണത്തിന്റെയും മറ്റ് തരത്തിലുള്ള ഇടപെടലുകളെയും ചെറുത്ത് ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും ഏവരും ഒന്നിച്ച് അണിനിരക്കേണ്ട സമയമാണിതെന്നും മന്ത്രി പറഞ്ഞു. മാലിന്യ നിർമ്മാർജനത്തിനായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ബഹുമുഖ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യപ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. മാലിന്യനിർമ്മാർജന പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുമെന്ന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷവേളയിൽ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കാര്യാലയത്തിലെ എഎസ്‌ഐ എംഎസ് ഗോപകുമാർ, പോലീസ് ടെലികമ്മ്യൂണിക്കേഷൻ വിഭാഗം എഎസ്‌ഐ ജെ. ദിനേശ്, കോട്ടയം ഈസ്റ്റ് ഇൻസ്‌പെക്ടർ സജു വർഗീസ് എന്നിവർക്ക് മന്ത്രി സമ്മാനിച്ചു. പോലീസ്, എക്‌സൈസ്, വനസംരക്ഷണ സേന, അഗ്നിശമന സേന, എൻസിസി, സ്റ്റുഡൻസ് പോലീസ് കേഡറ്റ്, ഗൈഡ്‌സ്, ബാന്റ് തുടങ്ങിയവർ അണിനിരന്ന പരേഡിനും മാർച്ച് പാസ്റ്റിനും മന്ത്രി അഭിവാദനം നൽകി. ആകെ 25 യൂണിറ്റുകൾ അണിനിരന്ന പരേഡിൽ എക്‌സൈസ് പ്ലാറ്റൂണിനെ നയിച്ച എൻ.വി. സന്തോഷ് കുമാർ മികച്ച പ്ലാറ്റൂൺ ലീഡർക്കുള്ള ട്രോഫി കരസ്ഥമാക്കി.

എക്‌സൈസ് പ്ലാറ്റൂൺ മികച്ച ഒന്നാമത്തെ പ്ലാറ്റൂണിനുള്ള ട്രോഫിയും കെ.കെ. നാരായണൻ കർത്ത നയിച്ച പോലീസിന്റെ പ്ലാറ്റൂൺ മികച്ച രണ്ടാമത്തെ പ്ലാറ്റൂണിനുള്ള ട്രോഫിയും കരസ്ഥമാക്കി. എൻസിസി സീനിയർ വിഭാഗത്തിൽ കോട്ടയം എം.ഡി.എച്ച്.എസ്.എസിലെ നന്ദൻ നയിച്ച പ്ലാറ്റൂൺ ഒന്നും എം.ഡി.എച്ച്.എസ്.എസിലെ ഹർഷിത വി. ഹരിദാസ് നയിച്ച പ്ലാറ്റൂൺ രണ്ടും സ്ഥാനം നേടി. എൻസിസി ജൂനിയർ വിഭാഗത്തിൽ പരിപ്പു ഹൈസ്‌കൂളിലെ അൻസു പ്രസന്നൻ നയിച്ച പ്ലാറ്റൂൺ ഒന്നും ഇതേ സ്‌കൂളിലെ അനന്തകൃഷ്ണൻ നയിച്ച പ്ലാറ്റൂൺ രണ്ടും സ്ഥാനം നേടി. എസ്പിസി വിഭാഗത്തിൽ അതുൽ വർക്കി നയിച്ച പ്ലാറ്റൂൺ ഒന്നും ബീന ട്രീസ കുര്യാക്കോസ് നയിച്ച പ്ലാറ്റൂൺ രണ്ടാം സ്ഥാനവും നേടി. സ്‌കൗട്ട് പ്ലാറ്റൂണുകളിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിലെ എ.എസ്. ആദിത്യൻ നയിച്ച പ്ലാറ്റൂണിന് ഒന്നാം സ്ഥാനവും ഗിരിദീപം ബഥനി എച്ച്.എസ്.എസിലെ ആയുഷ് നയിച്ച പ്ലാറ്റൂണിന് രണ്ടാംസ്ഥാനവും ലഭിച്ചു.

ഗൈഡ്‌സ് പ്ലാറ്റൂണുകളിൽ മൗണ്ട് കാർമൽ ജി.എച്.എസിലെ എസ്. റീനമോൾ നയിച്ച പ്ലാറ്റൂൺ ഒന്നും ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസിലെ അബിയ സോണിയ ബൈജു നയിച്ച പ്ലാറ്റൂൺ രണ്ടും സ്ഥാനങ്ങൾ നേടി. ബാന്റ് പ്ലാറ്റൂണുകളിൽ മൗണ്ട് കാർമ്മൽ ജി.ച്ച്.എസ്.എസിലെ ഷെറിൻ ജോർജ് നയിച്ച പ്ലാറ്റൂൺ ഒന്നും പാമ്പാടി ക്രോസ്സ് റോഡ് സ്‌കൂളിലെ ഗൗരി എസ് ഗോവിന്ദ് നയിച്ച പ്ലാറ്റൂൺ നയിച്ച പ്ലാറ്റൂൺ രണ്ടാം സ്ഥാവനും ലഭിച്ചു. സായുധ പതാക ദിനത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് ശേഖരിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡ് സെന്റ് ബർക്കമാൻസ് ഹയർ സെക്കൻഡറി സ്‌കൂളിനും ആർറ്റിഒ കോട്ടയത്തിനും ലഭിച്ചു.

തുടർന്ന് ജില്ലാഭരണകൂടത്തിന്റെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ കളക്ടർ സി.എ. ലത സിവിൽ സ്റ്റേഷനിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയതായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയ കുതിരവേലി, നഗരസഭാദ്ധ്യക്ഷ ഡോ. പി. ആർ. സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യൻ, ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രൻ, എഡിഎം കെ. രാജൻ, വിവിധ വകുപ്പുതല മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ദേശഭക്തിഗാനം, പഞ്ചവാദ്യം തുടങ്ങിയ കലാ-സാംസ്‌കാരിക പരിപാടികൾ നടന്നു. ദേശീയഗാനാലാപത്തോടെ ചടങ്ങുകൾ സമാപിച്ചു.

English summary
There should be development inclusive of all: minister k raju

More News from this section

Subscribe by Email