topbanner
Tuesday November 21st, 2017 - 1:39:pm
topbanner
Breaking News

ആശുപത്രിയിലെ സി.സി ടി.വി കാമറകള്‍ കണ്ണടച്ചിട്ട് എട്ടു മാസം: തിരിഞ്ഞ് നോക്കാതെ അധികൃതർ

suvitha
ആശുപത്രിയിലെ സി.സി ടി.വി കാമറകള്‍ കണ്ണടച്ചിട്ട് എട്ടു മാസം: തിരിഞ്ഞ് നോക്കാതെ അധികൃതർ

കോട്ടയം: ജനറല്‍ ആശുപത്രിയിലെ സി.സി ടി.വി കാമറകള്‍ കണ്ണടച്ചിട്ട് എട്ടു മാസം. കാമറയുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ 25,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ആശുപത്രിയിലെത്തുന്ന രോഗികളുടെ സുരക്ഷയ്ക്കായി പൊലീസ് തന്നെ സ്ഥാപിച്ച കാമറയാണ് കണ്ണുപൂട്ടിയത്. സുരക്ഷാചുമതല പൊലീസിനെ ഏല്‍പ്പിച്ചു കൈകഴുകിയ ആശുപത്രി അധികൃതരാകട്ടെ കാമറയുടെ അറ്റകുറ്റപ്പണി നടത്താന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നതുമില്ല.

രോഗികളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ അടക്കം മോഷ്ടിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് പൊലീസ് മുന്‍കൈയെടുത്ത് ആശുപത്രിയിലെ വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. അത്യാഹിത വിഭാഗം, വാര്‍ഡുകള്‍, ഒ.പി വിഭാഗം, ആശുപത്രി ഓഫീസിന്റെ പരിസരം എന്നിവിടങ്ങളിലെല്ലാം നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിരുന്നു. നിന്നു തിരിയാന്‍ ഇടമില്ലാത്ത ജനറല്‍ ആശുപത്രിയിലെ പൊലീസ് എയ്ഡ്‌പോസ്റ്റിലാണ് ഈ നിരീക്ഷണ കാമറയുടെ കണ്‍ട്രോള്‍ റൂം സ്ഥാപിച്ചിരുന്നതും. കാമറ സ്ഥാപിച്ച് മാസങ്ങള്‍ക്കകം തന്നെ ചില കാമറകള്‍ പണിമുടക്കിയിരുന്നു.

എന്നാല്‍, എട്ടുമാസം മുമ്പാണ് ഇവിടത്തെ എല്ലാ കാമറകളും ഒന്നിച്ച് പണിമുടക്കിയത്. ഈ കാമറകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് വെസ്റ്റ് എസ്.ഐ നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ നിന്നുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി കാമറകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 25,000 രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവിടുത്തെ കാമറകള്‍ മാറ്റി സ്ഥാപിക്കാനുള്ള തുക ചെലവഴിക്കാന്‍ പൊലീസിനു ഇനിയും സാധിച്ചിട്ടില്ല.

ചുരുക്കത്തില്‍ പരിശോധന നടത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും കാമറയുടെ കണ്ണുകള്‍ ഇപ്പോഴും അടഞ്ഞുതന്നെയിരിക്കുന്നു. രോഗികളെ കബളിപ്പിച്ചു ആഭരണങ്ങള്‍ കവരുന്ന സംഘം സജീവമായതോടെയാണ് ജനറല്‍ ആശുപത്രിയില്‍ കാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ പല പേരിലെത്തി തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ അക്കാലത്ത് സജീവമായിരുന്നു. ഇതിനു പിന്നാലെ നിരന്തരമുണ്ടാകുന്ന സംഘര്‍ഷങ്ങളും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിയില്‍ കാമറ സ്ഥാപിച്ചിരുന്നത്.

ജനറല്‍ ആശുപത്രിയുടെ ഗേറ്റിനോടു ചേര്‍ന്ന് പൊളിച്ചു വീഴാന്‍ തയ്യാറായി നില്‍ക്കുന്ന കെട്ടിടത്തിലാണ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിക്കുന്നത്. ഒരേ സമയം രണ്ടു പൊലീസുകാരാണ് ഇവിടെ ഡ്യൂട്ടിയിലുണ്ടാകുന്നത്. ഇവര്‍ക്കു വസ്ത്രംമാറാനുള്ള സ്ഥലം പോലും ഇവിടെയില്ല. ഇതിനിടെയാണ് സി.സി.ടി.വി കാമറയുടെ കണ്‍ട്രോള്‍ റൂം കൂടി ഇവിടെ പ്രവര്‍ത്തിക്കുന്നത്.

പൊലീസ് എയ്ഡ് പോസ്റ്റിനു കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നതാണ്. എന്നാല്‍, ആശുപത്രിയുടെ ചുമതലയുള്ള നഗരസഭയോ, ജില്ലാ പഞ്ചായത്തോ വിഷയത്തില്‍ അനുകൂലമായ നിലപാട് സ്വീകരിച്ചില്ല. ഇതോടെയാണ് എയ്ഡ് പോസ്റ്റിന്റെ സ്ഥിതി അതീവ ദയനീയമായത്.

 

English summary
damaged CCTV Cameras in kottayam general hospital
topbanner topbanner

More News from this section

Subscribe by Email