Saturday June 23rd, 2018 - 3:43:pm
topbanner
Breaking News

അതിജീവന സംസ്‌ക്കാരം വളര്‍ത്തുവാനും ഹിംസ നിരുത്സാഹപ്പെടുത്താനും ശ്രമിക്കണം: ഇറോം ശര്‍മ്മിള

suvitha
അതിജീവന സംസ്‌ക്കാരം വളര്‍ത്തുവാനും ഹിംസ നിരുത്സാഹപ്പെടുത്താനും ശ്രമിക്കണം: ഇറോം ശര്‍മ്മിള

കോട്ടയം: അതിജീവന സംസ്‌ക്കാരം വളര്‍ത്തുവാനും ഹിംസ നിരുത്സാഹപ്പെടുത്താനും ശ്രമിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആത്മഹത്യാപ്രതിരോധ ദിനാചരണം 'ടേക്ക് എ മിനുറ്റ് ചേഞ്ച് എ ലൈഫ്' ശ്രേഷ്ഠ അതിഥിയായി ചടങ്ങില്‍ സംബന്ധിച്ച മണിപ്പൂര്‍ സമരനായിക ഇറോം ശര്‍മ്മിള പറഞ്ഞു. നമ്മുടെ രാജ്യമായ ഇന്ത്യ ഒരു വിഷമഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്, വര്‍ഗ്ഗീയ കലാപങ്ങളെ പ്രോത്സാഹിപ്പിക്കുന്നവര്‍ അത് അധികാരം കൈയ്യാളാനുള്ള മാര്‍ഗ്ഗമായി കാണുന്നു. അവര്‍ മരണ സംസ്‌ക്കാരം പിന്തുടരുന്നവരാണ് ഇറോം ശര്‍മ്മിള അഭിപ്രായപ്പെട്ടു.

ഇന്ത്യയിലും ലോകത്താകമാനവും നമ്മുടെ യുവാക്കളെ ആത്മഹത്യ വലിയ തോതില്‍ മരണത്തിലേക്ക് തളളിവിടുന്നു. പ്രേമനൈരാശ്യം, പ്രിയപ്പെട്ടവരുടെ മരണം, ജോലി നഷ്ടപ്പെടുക, പരീക്ഷയിലെ തോല്‍വി തുടങ്ങിയ കാരണങ്ങളാല്‍ യുവതീയുവാക്കള്‍ നിരാശ്ശരാകുന്ന സന്ദര്‍ഭത്തില്‍ ഒരു കാരുണ്യ സ്പര്‍ശം, അല്ലെങ്കില്‍ സന്ദര്‍ഭോചിതമായ ഇടപെടല്‍ അവരെ സാന്ത്വനപ്പെടുത്തും.

ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ വിധിക്കാതെ, കുറ്റപ്പെടുത്താതെ സ്‌നേഹപൂര്‍വ്വമായ ഒരു നിമിഷത്തെ ഇടപെടല്‍ കൊണ്ട്, ഒരു കൈത്താങ്ങല്‍ കൊണ്ട് അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാം എന്നതാണ് ഇന്നത്തെ സന്ദേശമെന്നും ഇറോം പറഞ്ഞു. അടുത്തയിടെ ആത്മഹത്യ ചെയ്ത അനിത എന്ന 17 വയസ്സുകാരിയായ തമിഴ് ദളിത് പെണ്‍കുട്ടിയെപ്പറ്റി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എത്രമാത്രം കഠിനാധ്വനം നടത്തിയാലും ധനികര്‍ക്കും ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ക്കും ലഭിക്കുന്ന അവസരങ്ങള്‍ ഇന്നത്തെ വ്യവസ്ഥിതിയില്‍ തങ്ങള്‍ക്ക് ലഭിക്കുകയില്ല എന്ന ധാരണയിലാണ് ആ ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

ജീവന സംസ്‌ക്കാരത്തെ ഉറപ്പിക്കുക എന്നത് ആത്മഹത്യയെ എതിര്‍ക്കുന്നതിനേക്കാള്‍ പ്രധാനമാണ് അവര്‍ വ്യക്തമാക്തി. ആത്മഹത്യാ ശ്രമക്കുറ്റം ആരോപിക്കപ്പെട്ട് 16 വര്‍ഷം ജയില്‍ വാസവും കഠിനയാതനയും അനുഭവിച്ച എനിക്ക് മരണ സംസ്‌ക്കാരത്തിന്മേല്‍ വിജയം വരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

ആത്മഹത്യയെ എതിര്‍ക്കുന്നവര്‍ വധശിക്ഷയേയും എതിര്‍ക്കേണ്ടതാണന്നും പറഞ്ഞു. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തെ ആത്മഹത്യരഹിത സംസ്ഥാനമാക്കുവാന്‍ സര്‍ക്കാരും സന്നദ്ധ സംഘങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്‌സ് സഭ കോട്ടയം ബസേലിയസ് കോളേജില്‍ സംഘടിപ്പിച്ച ലോക ആത്മഹത്യ പ്രതിരോധ ദിനാചരണത്തിന്റെ സഭാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവദാനമായ ജീവന്‍ സ്വയം എടുക്കാനോ അപരന്റെ ജീവന്‍ നശിപ്പിക്കാനോ മനുഷ്യന് അവകാശമില്ലെന്നും ആത്മഹത്യപ്രതിരോധത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഏവരും പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. തോല്‍വി അഭിമുഖീകരിക്കാന്‍ കഴിയാത്തവരാണ് ഇന്നത്തെ യുവാക്കള്‍. ഇന്നത്തെ ശ്രേഷ്ഠ അതിഥി ഇറോം ശര്‍മ്മിള തോറ്റുപോയ ഒരു മഹതിയാണ്. ആ അര്‍ത്ഥത്തില്‍ യേശുക്രിസ്തുവും തോറ്റുപോയി.

എന്നാല്‍ യേശു ലോകത്തിന്റെ വിളക്കായി ശോഭിക്കുന്നു എന്നത് മറക്കരുതെന്ന് ബെന്യാമിന്‍ ഓര്‍മ്മിപ്പിച്ചു. സഭാ മാനവശാക്തീകരണ വിഭാഗം അദ്ധ്യക്ഷന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ് അദ്ധ്യക്ഷത വഹിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസക്കോറോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഡെപ്യൂട്ടി സെക്രട്ടറി ഫാ. പി.എ. ഫിലിപ്പ്, ഡോ. സിബി തരകന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

English summary
We should try to cultivate the survival culture and to discourage violence; Irom sharmila

More News from this section

Subscribe by Email