Tuesday May 21st, 2019 - 10:20:am
topbanner
topbanner

ഗവി നിവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ കളക്ടറെത്തി

suvitha
ഗവി നിവാസികളുടെ ബുദ്ധിമുട്ട് മനസിലാക്കാന്‍ കളക്ടറെത്തി

പത്തനംതിട്ട: ഗവി നിവാസികളുടെ ബുദ്ധിമുട്ടുകള്‍ നേരിട്ട് മനസിലാക്കുന്നതിന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. അടിസ്ഥാനസൗകര്യങ്ങളിലെ അപര്യാപ്തകള്‍ സംബന്ധിച്ച് തൊഴിലാളി പ്രതിനിധികളുമായും കെഎഫ്ഡിസി അധികൃതരുമായും കളക്ടര്‍ ചര്‍ച്ച നടത്തി. ലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ആശ്രിത നിയമനം സമയബന്ധിതമായി നടത്തണമെന്നും കെഎഫ്ഡിസി അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

ഇവിടുത്തെ അങ്കണവാടിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സാമൂഹ്യനീതി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ഗവിയിലേക്കുള്ള റോഡുകള്‍ മോശം സ്ഥിതിയിലാണെന്നും പരിഹാരം കാണണമെന്നും ജനങ്ങള്‍ കളക്ടറോടു പരാതിപ്പെട്ടു. സ്‌കൂള്‍ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമുയര്‍ന്നു. ഗവി സ്‌കൂളില്‍ ഇപ്പോഴുള്ള തമിഴ് മീഡിയത്തിലുള്ള അധ്യയനം ജംഗ്ലീഷിനു പ്രാധാന്യം നല്‍കി കൊണ്ട് മലയാളം മീഡിയത്തിലേക്ക് ക്രമമായി മാറ്റാന്‍ നടപടി സ്വീകരിക്കാമെന്ന് കളക്ടര്‍ അറിയിച്ചു. ഇവിടുത്തെ സ്‌കൂളില്‍ നാലാം ക്ലാസ് വരെയാണ് ഇപ്പോള്‍ ഉള്ളത്.

ഇത് അപ്‌ഗ്രേഡ് ചെയ്യുന്നതിന് പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. കെഎഫ്ഡിസിയുടെ മിനി ബസിലാണ് ഗവിയിലെ വിദ്യാര്‍ഥികളില്‍ കൂടുതല്‍ പേരും വണ്ടിപ്പെരിയാറില്‍ പഠിക്കാന്‍ പോകുന്നത്. വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലായതിനാല്‍ ഒരു ബസ് കൂടി അനുവദിക്കണമെന്ന് ആവശ്യമുയര്‍ന്നു. ആംബുലന്‍സിന്റെ സ്ഥിതി മോശമായതിനാല്‍ മാറ്റി നല്‍കുന്നതിന് ആവശ്യമായ നടപടി ഏകോപിപ്പിക്കുന്നതിന് കെഎഫ്ഡിസിയെ ചുമതലപ്പെടുത്തി.

ഗവി നിവാസികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതു സംബന്ധിച്ച് ഇപ്പോള്‍ ഇറങ്ങിയിട്ടുള്ള ഉത്തരവു പ്രകാരം ശ്രീലങ്കയില്‍ നിന്ന് ഫാമിലി കാര്‍ഡില്‍ ജാതി രേഖപ്പെടുത്താത്തവര്‍ ഉണ്ടെങ്കില്‍, ഇവരെ അറിയാവുന്ന അഞ്ച് പേരുടെ മൊഴിയും വ്യക്തിയുടെ മൊഴിയും രേഖപ്പെടുത്തി ജാതി നിര്‍ണയിക്കാമെന്ന് കളക്ടര്‍ പറഞ്ഞു. ലയങ്ങളില്‍ സൂക്ഷിച്ചിരുന്ന പലരുടെയും ഫാമിലി കാര്‍ഡ് നശിച്ചു പോയതായും പരാതിയുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ളവര്‍ മാത്രമല്ല. തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഗവിയിലുണ്ട്.

ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ എന്തു തീരുമാനം എടുക്കണമെന്ന് സര്‍ക്കാരില്‍ നിന്ന് തീരുമാനമുണ്ടാകേണ്ടതുണ്ട്. വൈകിട്ട് ആറിനു ശേഷം വള്ളക്കടവ് ചെക്ക്‌പോസ്റ്റിലൂടെ പച്ചക്കാനത്തുള്ളവരെ കടത്തി വിടുന്നെന്നും ഗവി നിവാസികളെ കടത്തി വിടുന്നില്ല എന്നുമുള്ള പരാതി പരിഹരിക്കുന്നതിന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.

ഗവി നിവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതു സംബന്ധിച്ച നടപടികള്‍ വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ഒക്ടോബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റില്‍ ചേരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. എഡിഎം അനു എസ് നായര്‍, അടൂര്‍ ആര്‍ഡിഒ എം.എ. റഹിം, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, കെഎഫ്ഡിസി ഡിവിഷണല്‍ മാനേജര്‍ ടി.കെ. രാധാകൃഷ്ണന്‍, റവന്യു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

 

 

English summary
The collector came to understand the difficulties of the inhabitants of Gavi
topbanner

More News from this section

Subscribe by Email