Wednesday September 26th, 2018 - 2:26:pm
topbanner

വികസന വിരോധികളുടെ സമരത്തിന് സർക്കാർ വഴങ്ങില്ല: മുഖ്യമന്ത്രി

NewsDesk
വികസന വിരോധികളുടെ സമരത്തിന് സർക്കാർ വഴങ്ങില്ല: മുഖ്യമന്ത്രി

തൃശൂർ: വികസന വിരോധികളുടെ വിരട്ടലിന് വിധേയമായി വികസന പ്രവർത്തനം നിർത്തിവെയ്ക്കാനോ മരവിപ്പിക്കാനോ ഉപേക്ഷിക്കാനോ സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂർ കേരള ഫയർ & റെസ്ക്യൂ അക്കാദമിയിൽ 22 മത് ഫയർമാൻ ബാച്ചിന്റെ പാസിങ് ഔട്ട് രേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രക്ഷാപ്രവർത്തനത്തിന് സ്വയം സമർപ്പിച്ചിറങ്ങിയവരെ സേനയിലേക്ക് സ്വാഗതം ചെയ്തു കൊണ്ടായിരുന്നു പ്രസംഗം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർ സേനയ്ക്ക് മുതൽക്കൂട്ടാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ആഗ്രഹിക്കുന്ന ജോലി സംസ്ഥാനത്തു തന്നെ ലഭ്യമാകുന്നതിനുള്ള അവസരമുണ്ടാക്കുന്ന ശ്രമത്തിലാണ്
സർക്കാർ.

ഈ സാഹചര്യത്തിലാണ് നിക്ഷിപ്ത താൽപര്യക്കാരായ വികസന വിരോധികൾ തടസ്സമായി ഇറങ്ങിയിരിക്കുന്നത്. അഭ്യസ്ത വിദ്യരായ യുവാക്കളുടെ കർമ്മശേഷി കേരളത്തിന് പുറത്തേക്ക് പോകുന്നത് തടഞ്ഞ് അവരുടെ സേവനം സംസ്ഥാനത്തു തന്നെ ലഭിക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത് .

അതിന് സർവ്വതല സമഗ്ര സാമൂഹ്യ പരമായ വികസനം ആവശ്യമാണ്. ലിംഗസമത്വം ഉറപ്പാക്കുന്നതിന് അഗ്നി സുരക്ഷാ സേനയിൽ സ്ത്രീകളെക്കൂടി നിയമിക്കാൻ സർക്കാർ നടപടി ആരംഭിക്കും. അച്ചടക്കം, പ്രതിബദ്ധത, കൂട്ടായ്മ എന്നിവ വളർത്തി എടുക്കുകയും കാത്തു സൂക്ഷിക്കുകയും വേണം.

സേനയെ ആധുനീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. അതിന് ആധുനിക ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കും. ബഹുനില സമുച്ചയങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സേഫ്റ്റി സ്ക്വാഡുകൾ രൂപീകരിക്കും. അടിയന്തിര ഘട്ടങ്ങൾ നേരിടുന്നതിന് സേവന സന്നദ്ധരായ യുവജനങ്ങൾക്ക് പരിശീലനം നൽകുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സുസജ്ജവും ശക്തവുമായ സേനയായി ഫയർ & റെസ്ക്യൂ ഫോഴ്സിനെ വികസിപ്പിക്കും. ശാസ്ത്രീയമായും കാലാനുസൃതമായും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനും സേവിക്കാനും പുതിയ സേനാംഗങ്ങൾക്ക് കഴിയട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

കൃഷി മന്ത്രി അഡ്വ. വി.എസ്.സുനിൽകുമാർ, മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാർ, കൗൺസിലർ പി.കെ.സുരേഷ്, ഡയറക്ടർ ജനറൽ ടോമിൻ തച്ചങ്കരി എന്നിവർ സംബന്ധിച്ചു.

മോക്ഡ്രില്ലും സേനാ ഉപകരണങ്ങളുടെയും വാഹനങ്ങളുടേയും പ്രദർശനവും ഉണ്ടായിരുന്നു. പുതുതായി നിർമ്മിച്ച ബ്രീത്തിങ് അപ്പാരറ്റസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.

എംഫിൽ യോഗ്യതയുള്ള ഒരാളും എം ബി എ ബിരുദമുള്ള 5 പേരും ബിടെക് യോഗ്യതയുള്ള 26, ബിഎഡുള്ള 2, 39 ബിരുദാനന്തര ബിരുദധാരികൾ, 188 ബിരുദധാരികൾ, നേഴ്സിങ് യോഗ്യതയുള്ള 2, 18 ഡിപ്ലോമക്കാർ, 17 ഐ ടി ഐ ക്കാർ ഉൾപ്പെടെ 355 പേരാണ് പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് സേനയിലെത്തിയത്.

Read more topics: thrissure, pinarayi vijayan,
English summary
cm pinarayi vijayan against protest
topbanner

More News from this section

Subscribe by Email