Monday October 22nd, 2018 - 7:59:pm
topbanner
Breaking News

പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളലിനെതിരെ പൗരബോധം ഉണരണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Neethu
പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളലിനെതിരെ പൗരബോധം ഉണരണം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ: പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നതിനെതിരെ പൗരബോധം ഉണരണമെന്ന് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. പനിക്കും പകർച്ചവ്യാധികൾക്കുമെതിരെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന "ആരോഗ്യ ജാഗ്രത' പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജില്ലാ ആസൂത്രണ സമിതി ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പ്ലാസ്റ്റിക് നിർമാർജനം ജീവിതവ്രതമായി സ്വീകരിക്കണം. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുമ്പോൾ മാലിന്യ കൂമ്പാരവും വർധിക്കുകയാണ്. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾ മുഖം മൂടിക്കെട്ടി സഞ്ചരിക്കേണ്ടി വരികയാണ്. ദൈവത്തിൻെറ സ്വന്തം നാടെന്ന കീർത്തി നമുക്ക് വീണ്ടെടുക്കണം. പ്രകൃതിയെ സ്നേഹിക്കുക മാത്രമാണ് ഇതിന് പരിഹാരം.

മഴക്കാല രോഗങ്ങൾ നിതാന്തജാഗ്രതയിലൂടെയും പ്രതിരോധ പ്രവർത്തനത്തിലൂടെയും ഇല്ലാതാക്കുന്നതിനാണ് "ആരോഗ്യ ജാഗ്രത' പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ വർഷം ഡെങ്കിപ്പനി ബാധിച്ച് 14 പേർ മരിച്ചു. 2600 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു. 84 പേർക്ക് എലിപ്പനി ബാധിച്ചു. അതിൽ രണ്ടു പേർ മരിച്ചു. ഒരു ഡിഫ്തീരിയ മരണവും റിപ്പോർട്ട് ചെയ്തു.

"ആരോഗ്യ ജാഗ്രത' പദ്ധതിയുടെ ഭാഗമായി ഒാരോ വാർഡിലെയും 30 വീടുകൾ തെരഞ്ഞെടുത്ത് ആരോഗ്യ സേന രൂപവത്കരിക്കുമെന്നും മന്ത്രി അറിയിച്ചു. ഗൃഹസന്ദർശനം നടത്തി "ആരോഗ്യ ജാഗ്രത' പദ്ധതിയുടെ സന്ദേശം ഒാരോ വീടുകളിലുമെത്തിക്കും. മഴക്കാലമെത്തുന്നതിന് മുമ്പേ തന്നെ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ എല്ലാവരും ഒരുമിച്ചിറങ്ങണമെന്നും മന്ത്രി പറഞ്ഞു. ഒാഖി ദുരിതാശ്വാസ ഫണ്ടിലേക്ക് വിരമിച്ച റെയിൽവേ ജീവനക്കാർ നൽകുന്ന വിഹിതം മന്ത്രിക്ക് ചടങ്ങിൽ കൈമാറി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി സുമേഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ പത്ത് വർഷമായി പകർച്ച വ്യാധികൾ പടരുന്നത് ഒരേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ ഇൗ വർഷവും പകർച്ചവ്യാധി പടരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ ശുചീകരണ പ്രവർത്തനങ്ങൾ അങ്ങേയറ്റം ദുർബലമാണ്. മഴക്കാലപൂർവ ശുചീകരണം വേണ്ടത്ര ഫലപ്രദമല്ലാത്തതിനാൽ നേരത്തെ തന്നെ ശുചീകരണം തുടങ്ങണം. വാർഡ് അടിസ്ഥാനത്തിൽ ആശ വർക്കർമാർ ചെയ്യുന്ന പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പു വരുത്തണമെന്നും പ്രസിഡൻറ് ആവശ്യപ്പെട്ടു.

കണ്ണൂർ കോർപറേഷൻ മേയർ ഇ.പി ലത മുഖ്യാതിഥിയായി. ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ.പി ജയബാലൻ, കണ്ണൂർ കോർപറേഷൻ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. ഇന്ദിര പ്രേമാനന്ദ്, ജില്ലാ മെഡിക്കൽ ഒാഫീസർ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.വി ലതീഷ്, ജില്ലാ മെഡിക്കൽ ഒാഫീസർ (എെ.എസ്.എം) ഡോ. എസ്. അബ്ദുൽ ഫത്താഫ്, ജില്ലാ സർവേയ്ലൻസ് ഒാഫീസർ ഡോ. എം.കെ ഷാജ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കാലത്ത് സിവിൽ സ്റ്റേഷൻ പരിസരം ജീവനക്കാർ ശുചീകരിച്ചു.

English summary
clean kannur minister kadannappalli ramachandran
topbanner

More News from this section

Subscribe by Email