Monday June 18th, 2018 - 9:06:pm
topbanner
Breaking News

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് തടയുന്നതില്‍ അദ്ധ്യാപകരുടെ പങ്ക് വലുത്: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്

suvitha
കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് തടയുന്നതില്‍ അദ്ധ്യാപകരുടെ പങ്ക് വലുത്: എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്

കോട്ടയം: സംസ്ഥാനത്ത് എട്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 70 ശതമാനം പേര്‍ ഒരു തവണയെങ്കിലും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്റെ ഭാഗമായി ജില്ലയില്‍ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനം നടക്കുന്ന ക്ലാസ്സ് മുറികളാണ് കുട്ടികള്‍ ഇതിനായി തെരഞ്ഞെടുക്കുന്നത്. മറ്റ് സ്ഥലങ്ങള്‍ ടോയ്‌ലറ്റുകളും ഹോസ്റ്റല്‍ മുറികളുമാണ്. ഇതിനാല്‍ തന്നെ കുട്ടികളില്‍ വ്യാപിക്കുന്ന ലഹരി ഉപയോഗം തടയുന്നതിന് മാതാപിതാക്കളേക്കാള്‍ ഉത്തരവാദിത്തം കൂടുതല്‍ സമയം അവരോടൊപ്പം ചെലവഴിക്കുന്ന അദ്ധ്യാപകര്‍ക്കാണ്.

സംസ്ഥാനത്ത് 70 ലക്ഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും കോളേജുകളിലുമായി ഉള്ളതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവര്‍ ലഹരി ഉപയോഗിക്കുന്നവരും ലഹരിവാഹകരുമാകുന്നത് തടയാന്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ഒരു ക്ലാസ്സിലെ സംശയമുള്ള രണ്ടു മുതല്‍ മൂന്നു ശതമാനം വരെ കുട്ടികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്താല്‍ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുന്നതില്‍ വിജയിച്ചതായി കരുതാം.

കൂടെക്കൂടെ അസ്വസ്ഥരാകുന്നവര്‍, പെട്ടെന്ന് മാര്‍ക്കില്‍ വലിയ വ്യത്യാസം കാണിക്കുന്നവര്‍, ശരീരത്തിന് വല്ലാത്ത തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്ന കുട്ടികള്‍, ക്ലാസ്സില്‍ ഉറക്കം തൂങ്ങുന്നവര്‍, എന്തെങ്കിലും മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍, വീട്ടില്‍ ഏറെ നേരം മുറിക്കുള്ളില്‍ അടച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍, വിശപ്പില്ലായ്മ അനുഭവപ്പെടുന്നവര്‍, അസമയത്ത് ഉണര്‍ന്നിരിക്കുന്നവരും ഉറങ്ങുന്നവരും ഇത്തരം സ്വഭാവവിശേഷം കാണിക്കുന്ന കുട്ടികളെ അദ്ധ്യാപകരും മാതാപിതാക്കളും പ്രത്യേകം ശ്രദ്ധിക്കുകയും കാരണം അറിയുകയും വേണം. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ ഉടന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡീ-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കണം.

അദ്ധ്യാപകരും മാതാപിതാക്കളഉം തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നേരിട്ട് 10 ജില്ലകളില്‍ ഇത്തരം ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കും. കോട്ടയത്ത് മെഡിക്കല്‍ കോളേജിലാണ് സെന്റര്‍ ആരംഭിക്കുക. കുട്ടികള്‍ എന്തുകൊണ്ട് ലഹരി ഉപയോഗത്തില്‍ പെട്ടുപോകുന്നു എന്ന് അദ്ധ്യാപകര്‍ അറിഞ്ഞിരിക്കണം. ആകാംക്ഷ, സുഹൃത്തുക്കളുടെ സമ്മര്‍ദ്ദം, പഠനത്തിലും മറ്റും ഉദ്ദേശിച്ച ഫലം ലഭിക്കുമോ എന്ന ഭയം തുടങ്ങിവയാണ് പ്രധാനമായും കുട്ടികളെ ലഹരി ഉപയോഗത്തിലേയ്ക്ക് നയിക്കുന്നത്. കാരണം കണ്ടെത്തി ചികിത്സിക്കാനാണ് ശ്രമിക്കേണ്ടത്. ട്രെയിനുകളിലൂടെയും അതിര്‍ത്തി കടന്നെത്തുന്ന വോള്‍വോ ബസുകളിലൂടെയും നടത്തുന്ന ലഹരികടത്ത് തടയുന്നതിന് എക്‌സൈസ്, പോലീസ്, റെയില്‍വേ പോലീസ് എന്നിവയുടെ നേതൃത്വത്തിലുളള സംയുക്ത പരിശോധന ഊര്‍ജിതമാക്കിയതായി കമ്മീഷണര്‍ അറിയിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് മനശാസ്ത്ര വിഭാഗം തലവന്‍ ഡോ. വര്‍ഗീസ് പുന്നൂസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി, ഹയര്‍സെക്കന്‍ഡറി ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്സിക്കുട്ടി ജോസഫ്, പൊതുവിദ്യാഭ്യാസ വകുപ്പു പ്രതിനിധി എന്‍. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദക്ഷിണമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി. അജിത്ത്‌ലാല്‍ സ്വാഗതവും കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ സുരേഷ് റിച്ചാര്‍ഡ് നന്ദിയും പറഞ്ഞു.

Read more topics: childrens, used drugs, rishiraj sing,
English summary
The role of teachers in preventing children from using drugs is great: Rishiraj singh

More News from this section

Subscribe by Email