Wednesday November 21st, 2018 - 1:18:am
topbanner

കോട്ടയം ക്ലബിലെ ചീട്ടുകളി: ചോര്‍ത്തിക്കൊടുത്തത് അംഗങ്ങള്‍ക്കിടയിലെ പടലപ്പിണക്കവും പണം നഷ്ടപ്പെട്ടതിന്റെ എതിര്‍പ്പും; സംഘത്തെ പിടികൂടിയതിന് പിന്നിൽ പോലീസുകാര്‍ക്കും പങ്ക്

fasila
കോട്ടയം ക്ലബിലെ ചീട്ടുകളി: ചോര്‍ത്തിക്കൊടുത്തത് അംഗങ്ങള്‍ക്കിടയിലെ പടലപ്പിണക്കവും പണം നഷ്ടപ്പെട്ടതിന്റെ എതിര്‍പ്പും; സംഘത്തെ പിടികൂടിയതിന് പിന്നിൽ പോലീസുകാര്‍ക്കും പങ്ക്

കോട്ടയം: കോട്ടയം ക്ലബിലെ ചീട്ടുകളി പോലീസിനു ചോര്‍ത്തിക്കൊടുത്തത് അംഗങ്ങള്‍ക്കിടയിലെ പടലപ്പിണക്കവും പണം നഷ്ടപ്പെട്ടതിന്റെ എതിര്‍പ്പുമാണ്. ഞായറാഴ്ച രാത്രി കോട്ടയം ദേവലോകം റോഡിലെ കോട്ടയം ക്ലബിലെ ചീട്ടുകളി സംഘത്തെ പിടികൂടിയ സംഭവത്തിനു പിന്നിലെ നാടകങ്ങള്‍ക്കു പോലീസുകാര്‍ക്കും പങ്കെന്നു ആരോപണം. കോട്ടയം ക്ലബ് ഭാരവാഹികള്‍ അടക്കം 12 പേര്‍ക്കെതിരെയാണു പോലീസ് കേസെടുത്ത്. ഏതാനും നാളുകളായി നഗരത്തിലെ വമ്പന്മാരുടെ ക്ലബായ കോട്ടയം ക്ലബില്‍ പടലപ്പിണക്കത്തില്‍ നട്ടംതിരിയുകയാണ്.

ആറുമാസം മുമ്പ് ക്ലബിനു നിരക്കാത്ത പ്രവൃത്തികളുടെ പേരില്‍ മൂന്നു പേരെ പുറത്താക്കിയിരുന്നു. ഗുണ്ടാ, ബ്ലേഡ് ബന്ധത്തിന്റെ പേരിലും അനധികൃത അംഗത്തമെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലുമാണു ഏറ്റുമാനൂര്‍ സ്വദേശികളെ പുറത്താക്കിയത്. കോട്ടയം ക്ലബിന്റെ അടിയന്തര പൊതുയോഗം ചേര്‍ന്നാണു ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ക്ലബിന്റെ മുന്‍ഭാരവാഹികളുടെ ബന്ധുക്കളാണു പുറത്താക്കപ്പെട്ടവര്‍. പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോട്ടയം ക്ലബില്‍ അംഗങ്ങള്‍ ആയിരിക്കെ പോലീസിലും ഇവര്‍ക്കു സ്വാധീനമുണ്ട്.

പുറത്താക്കപ്പെട്ടവരും ഭരണസമിതി അംഗങ്ങളും തമ്മിലുള്ള പോര് തുടരുന്നതിനിടെ കഴിഞ്ഞദിവസം ക്ലബിലെ പാര്‍ക്കിംഗ് വിഷയത്തിലും തര്‍ക്കമുണ്ടായി. വര്‍ഷങ്ങളായി ഷട്ടില്‍, ബാസ്‌ക്കറ്റ് ബോള്‍, ടെന്നീസ് കോര്‍ട്ടിനായി വരച്ചിട്ടിരുന്ന സ്ഥലത്ത് വാഹനപാര്‍ക്കിംഗ് നടത്തിയതിനെ ഒരുവിഭാഗം ചേദ്യം ചെയ്തതോടെ ഇവിടുത്തെ പാര്‍ക്കിംഗ് നിരോധിച്ചിരുന്നു. ക്ലബ് ലൈസന്‍സിന് ഗെയിംസ് കോര്‍ട്ടുകള്‍ ആവശ്യമാണെന്നും ഇത് ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്. കാലങ്ങളായി ക്ലബിലെ കോര്‍ട്ട് ഉപയോഗിക്കുന്നില്ലെന്ന് എതിര്‍ക്കുന്നവര്‍ പറയുന്നു.

എന്നാല്‍ ഗെയിംസ് കോര്‍ട്ടുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ക്ലബ് അധികൃതര്‍ പറയുന്നു. ഇതിനിടെയാണു കഴിഞ്ഞ ദിവസം പ്രചാരണം നടത്തി ചീട്ടുകളി സംഘടിപ്പിച്ചത്. ചീട്ടുകളിയ്ക്കു പുറത്തുനിന്നുള്ളവര്‍ എത്തിയതായും പറയുന്നു. ഇതിനിടെ ക്ലബില്‍ ചീട്ടുകളി നടക്കുന്നുണ്ടെന്നു പോലീസിനു വിവരം ലഭിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ പണം ഉപയോഗിച്ചുള്ള ചീട്ടുകളി ശ്രദ്ധയില്‍പ്പെടുകയും ഇവരെ പിടികൂടുകയുമായിരുന്നു. 2.10 ലക്ഷം രൂപ ഇവരില്‍നിന്നും പിടിച്ചെടുത്തു.

ആര്‍പ്പൂക്കര മൂന്നുകണ്ടത്തില്‍ ജോസഫ് തോമസ് (55), എസ്എച്ച് മൗണ്ട് ഹീര ഗ്രീന്‍ കോട്ടേജില്‍ അസീസ് (52), മുട്ടമ്പലം കണ്ണന്‍ചിറ കെ.സി. ചാക്കോ (53), കുമരകം സൗത്ത് പന്നിക്കോട്ട് ടി. ജോര്‍ജ് (73), മാങ്ങാനം സന്തോഷ് ഭവനില്‍ കുര്യന്‍ (72), കോട്ടയം ഒളശയില്‍ മാത്യു ജോര്‍ജ് (56), ദേവലോകം വരാപത്ര ജോസഫ് തമ്പാന്‍ (62), മുട്ടമ്പലം നെല്ലിമൂട്ടില്‍ ലിജി സി. ജോണ്‍ (52), കോട്ടയം പഴയചന്ത പതിനഞ്ചില്‍ ചെറിയാന്‍ പി. മാത്യു (68), കോട്ടയം കാരാപ്പുഴ ഓമച്ചിറ മോഹന്‍ ജ്യോതി (46), മൂലവട്ടം അമ്പലത്തിങ്കല്‍ അബു ജെയിംസ് (58), മാങ്ങാനം കറുകയില്‍ മനോജ് സ്റ്റീഫന്‍ (38) എന്നിവരെയാണു പോലീസ് സംഘം പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം പോലീസ് സംഘം മിന്നല്‍ പരിശോധന നടത്തിയത്. കോട്ടയം ഈസ്റ്റ് സ്റ്റേഷന്‍ പരിധിയിലായിട്ടും പാമ്പാടി സിഐ യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ജില്ലാ പോലീസ് മേധാവി പരിശോധനയ്ക്കായി നിയോഗിച്ചത്. ഈസ്റ്റ് എസ്‌ഐ ടി.എസ്. റെനീഷ്, ജില്ലാ പോലീസ് മേധാവിയുടെ ആന്റീ ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐമാരായ അജിത്, ഷിബുക്കുട്ടന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പ്രദീപ് വര്‍മ്മ, ദിലീപ് വര്‍മ്മ, ബൈജു, മനോജ്, ജീമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോട്ടയം ക്ലബില്‍ പരിശോധന നടത്തുകയായിരുന്നു. പിടിയിലായ പ്രതികളെ സ്റ്റേഷനില്‍നിന്നും ജാമ്യത്തില്‍ വിട്ടയച്ചു.

English summary
card game in kottayam club team arrested
topbanner

More News from this section

Subscribe by Email