തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരനോട് അപമര്യാദമായി പെരുമാറിയ ചാലക്കുടി ഡിവൈഎസ്പി കെ കെ രവീന്ദ്രനെ സ്ഥലം മാറ്റി. കാസര്‍ഗോഡ് ക്രൈം ഡിറ്റാച്ച്മെന്റിലേക്കാണ് കെ കെ രവീന്ദ്രനെ സ്ഥലംമാറ്റിയത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരെ നടപടിയെടുത്തത്. എസ് സാജുവിനെയാണ് പുതിയ ചാലക്കുടി ഡിവൈഎസ്പിയായി നിയമിച്ചിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ടോള്‍ ഒഴിവാക്കി വന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഹരിറാമും കുടുംബവും സഞ്ചരിച്ച കാര്‍ പോലീസ് സംഘം തടയുകയും രേഖകള്‍ പിടിച്ചുവെയ്ക്കുകയും ചെയ്തു. പാലിയേക്കര ടോള്‍ പ്ലാസയിലെ സമാന്തരപാതയിലൂടെ യാത്ര ചെയ്ത പാലക്കാട് സ്വദേശിക്കും കുടുംബത്തിനുമാണ് അപമാനം നേരിടേണ്ടി വന്നത്.
സംഭവസ്ഥലത്തുനിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. സംഭവം വൈറലായതോടെ പോലീസിനും ഡിവൈ.എസ്.പി.ക്കുമെതിര വ്യാപക പ്രതിഷേധമുയര്‍ന്നു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായ ഹരിറാം ഡി.ജി.പി., ഐ.ജി., എ.ഡി.ജി.പി., എ.ഡി.ജി.പി. ഇന്റലിജന്റ്സ് വിഭാഗങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.