topbanner
Monday December 18th, 2017 - 4:09:pm
topbanner
topbanner

സംരക്ഷണ ഭിത്തിയില്ല: അഴുതാ നദിയ്ക്കു കുറുകെയുള്ള പാലം അപകട ഭീഷണി ഉയര്‍ത്തുന്നു

suvitha
സംരക്ഷണ ഭിത്തിയില്ല: അഴുതാ നദിയ്ക്കു കുറുകെയുള്ള പാലം അപകട ഭീഷണി ഉയര്‍ത്തുന്നു

കോട്ടയം: സംരക്ഷണ ഭിത്തിയും കൈവരിയുമില്ലാത്ത ശബരിമല പരമ്പരാഗത കാനനപാതയിലെ അഴുതാ നദിയ്ക്കു കുറുകെയുള്ള പാലം അപകട ഭീഷണി ഉയര്‍ത്തുന്നു. സീസണ്‍ സമയത്ത് പതിനായിരക്കണക്കിനു യാത്രക്കാര്‍ കടന്നു പോകുന്ന പാലമാണ് കൈവരികളില്ലാതെ അപകട സാധ്യത ഉയര്‍ത്തുന്നത്. സീസണിനു മുന്‍പ് പാലം പുതിക്കി നിര്‍മ്മിക്കുകയോ സംരക്ഷ ഭിത്തി നിര്‍മ്മിക്കുകയോ വേണമെന്ന ആവശ്യം പക്ഷേ, ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ശബരിമല സീസണ്‍ സമയത്ത് കാനന പാതയിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണ് ഇവിടം. ഇവിടെ അഴുത നദിയില്‍ കുളിക്കുന്നതിനടകം നിരവധി ഭക്തരാണ് ദിവസവും എത്തിച്ചേരുന്നത്.

എന്നാല്‍, ഇവിടെ പാലത്തിന് കൈവരികളില്ല. ഉയരവും കുറവാണ്. ഒരു വശത്ത് സംരക്ഷണഭിത്തി ഇല്ലാത്തത് പാലത്തിന്റെ ബലത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പാലം ബലക്ഷയത്തിലാണെന്നതാണ് ഭക്തരുടെ ആരോപണം. മലയോര മേഖലകളില്‍ മഴ കനത്തതോടെ നദിയിലൂടെയുള്ള നീരൊഴുക്കും ശക്തമായിട്ടുണ്ട്. കഷ്ടിച്ച് രണ്ട് പേര്‍ക്ക് കടന്നുപോകാവുന്ന വീതി മാത്രമുള്ള പാലത്തിലൂടെയുള്ള യാത്ര ഇതോടെ കൂടുതല്‍ ഭയപ്പെടുത്തുന്നതായി മാറിയിട്ടുണ്ട്. തീര്‍ത്ഥാടനകാലത്ത് ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്.

ആദ്യമായി വരുന്നവര്‍ക്ക് പലര്‍ക്കും പാലത്തിന്റെ അവസ്ഥ അറിയില്ല. പാലത്തില്‍ തിരക്കേറുമ്പോള്‍ അപകടസാധ്യത കൂടും. അഴുതാ നദിയില്‍ ചെറിയ തോതില്‍ വെളളപ്പൊക്കം ഉണ്ടായാലും ഉയരം തീരെ കുറവായതിനാല്‍ പാലം വെളളത്തിനടിയിലാകും. തിരക്കു കുറവുള്ള ദിവസങ്ങളില്‍ ഒറ്റപ്പെട്ട് വരുന്ന തീര്‍ത്ഥാടകര്‍ അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്. സ്ഥിരം സംവിധാന മൊരുക്കാന്‍ കഴിയുന്നില്ലെങ്കില്‍ താല്‍ക്കാലിക സംവിധാനമെങ്കിലും
അഴുത നദി പാലം ബലപ്പെടുത്തുകയോ അല്ലെങ്കില്‍ പുതുക്കി പണിയുകയോ ചെയ്യണമെന്ന് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ഇത് സംബന്ധിച്ച് നിരവധി തവണ അധികാരികള്‍ക്ക് നാട്ടുകാര്‍ തന്നെ പരാതികളും നിവേദനങ്ങളും സമര്‍പ്പിച്ചതുമാണ്. എന്നാല്‍ പാലം സ്ഥിതി ചെയ്യുന്ന അതിര്‍ത്തികളാണ് ഇവിടെ വിനയായിരിക്കുന്നത്. തെന്നല ബാലകൃഷ്ണ പിളള രാജ്യസഭാംഗമായിരിക്കെ അനുവദിച്ച ഫണ്ടിലാണ് പാലം നിര്‍മിച്ചത്. പാലം സ്ഥിതി ചെയ്യുന്നത് എരുമേലി,പെരുവന്താനം,കോരുത്തോട് പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ്. ഇക്കാരണത്താല്‍ പാലത്തിന്റെ വികസനത്തിന് ത്രിതല പഞ്ചായത്തുകള്‍ ഫണ്ട് അനുവദിക്കുന്നില്ല. പ്രദേശം പെരിയാര്‍ കടുവ സംരക്ഷിത വന സങ്കേതമായതിനാല്‍ നിര്‍മാണത്തിന് വനം വകുപ്പിന്റെ അനുമതിയും വേണം.

പാലത്തിന്റെ മറുവശമായ വനം ഇടുക്കി ജില്ലയിലാണ്. പാലത്തിലേക്ക് കാളകെട്ടിയില്‍ നിന്നാരംഭിക്കുന്ന റോഡ് കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ്. ഇതുവഴിയുളള റോഡ് പൊതുമരാമത്തിന്റേതല്ലാത്തതിനാല്‍ പാലം ഏറ്റെടുത്ത് വികസനം നടപ്പിലാക്കാനാവില്ലെന്ന് മരാമത്ത് അധികൃതര്‍ പറയുന്നു. ശബരിമല തീര്‍ത്ഥാടന കാലത്ത് പാലം അപകടത്തിലാകാതിരിക്കാന്‍ ജനപ്രതിനിധികളും വിവിധ സംഘടനകളും ഇടപെട്ട് അടിയന്തിര പരിഹാരം തേടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Read more topics: bridge, damaged, azhutha, river,
English summary
bridge damaged azhutha river
topbanner topbanner

More News from this section

Subscribe by Email