Wednesday September 19th, 2018 - 10:22:pm
topbanner
Breaking News

അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: എസ്ഡിപിഐ

Neethu
 അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം: എസ്ഡിപിഐ

തൃശൂര്‍: അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ആവശ്യപ്പെട്ടു. എസ്ഡിപിഐ വടക്കന്‍ മേഖല ബഹുജന്‍ മുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് തൃശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി പിന്നാക്ക ജനവിഭാഗത്തിന്റേയും അപൂര്‍വ്വമായ പക്ഷി ജന്തുജാലങ്ങളുടെയും ആവാസ വ്യവസ്ഥ നശിപ്പിക്കുന്ന നൂറുകണക്കിന് ഏക്കര്‍ വനം ഇല്ലാതാക്കുന്ന പരിസ്ഥിതിയെ അപകടപ്പെടുത്തുന്ന വിനാശകരമായ പ്രവര്‍ത്തനമാണ് അതിരപ്പിള്ളി പദ്ധതിയുടെ പേരില്‍ ആരംഭിക്കാന്‍ നീക്കം നടത്തുന്നത്.

 സമ്പന്നായ ജൈവ വൈവിധ്യത്തിന്റെ കലവറയായ അതിരപ്പിള്ളിയുടെ പാരിസ്ഥിക പ്രാധാന്യം കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. കനത്ത പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്ന അതിരപ്പിള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് തിരിച്ചറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ജനങ്ങളും തള്ളികളഞ്ഞിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ ശ്രമം ആരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടിയാണ്. ജനങ്ങളുടേയും പരിസ്ഥിതി വാദികളുടെയും അതിശക്തമായ എതിര്‍പ്പിനെ മറികടന്ന് പദ്ധതി നടപ്പില്‍ വരുത്തുന്നതിനായി സര്‍ക്കാര്‍ കാണിക്കുന്ന അനാവശ്യ തിടുക്കം സംശയത്തിന് ഇട നല്‍കുന്നതാണ്. പദ്ധതിക്കു പിന്നില്‍ നിഗൂഡ താല്‍പര്യങ്ങളുണ്ടെന്ന് പരിസ്ഥിതി സംഘടനകളുടെ ആരോപണം ശരിവെക്കുന്നതാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

ലോകം മുഴുവന്‍ അണക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെ കയ്യൊഴിയുകയും ചെലവുകുറഞ്ഞ ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താന്‍ മുന്നോട്ടു വരുകയും ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ ജനാഭിപ്രായത്തെ തെല്ലും പരിഗണിക്കാതെ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്. അതിരപ്പിള്ളി ജല വൈദ്യുത പദ്ധതിയെ മഹാ ഭൂരിപക്ഷവും അനുകൂലിക്കുന്നവരാണെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചാണ് വൈദ്യുതി മന്ത്രി എം എം മണി പദ്ധതിക്കു വേണ്ടി പ്രചാരണം നടത്തുന്നത്.

പദ്ധതിക്കെതിരായി പ്രദേശവാസികളും ജനങ്ങളും നടത്തുന്ന സമരങ്ങള്‍ക്ക് എസ്ഡിപിഐ നല്‍കികൊണ്ടിരിക്കുന്ന പിന്തുണ തുടരുമെന്നും പദ്ധതി കൊണ്ടുവരാനുള്ള ഏതൊരു നീക്കത്തെയും ജനകീയമായി ചെറുത്തുതോല്‍പ്പിക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ ജാഥാ അംഗങ്ങളായ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതിയംഗം പി ആര്‍ കൃഷ്ണന്‍കുട്ടി, തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് പങ്കെടുത്തു.

English summary
athirappali electricity not good sdpi
topbanner

More News from this section

Subscribe by Email