Friday May 24th, 2019 - 4:44:pm
topbanner
topbanner

ആറാട്ടുപുഴ പൂരം കൊടിയേറി

fasila
ആറാട്ടുപുഴ പൂരം കൊടിയേറി

തൃശൂര്‍: ആറാട്ടുപുഴ പൂരത്തിന് ഭക്തിയുടെ നിറവില്‍ കൊടിയേറി. ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തില്‍ ബുധനാഴ്ച രാത്രി 8.30 നാണ് കൊടിയേറ്റം നടന്നത്. ക്ഷേത്ര ഊരാളന്‍ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസന്‍ നമ്പൂതിരി, പ്രസാദ് നമ്പൂതിരി, ചിറ്റിശ്ശേരി കപ്‌ളിങ്ങാട്ട് ബാബു നമ്പൂതിരി, ബാലകൃഷ്ണന്‍ നമ്പൂതിരി, ദിലീപ് നമ്പൂതിരി, ബിജു നമ്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമന്‍ നമ്പൂതിരി, ശ്രീകുമാര്‍ നമ്പൂതിരി, ഓട്ടൂര്‍ മേക്കാട്ട് ജയന്‍ നമ്പൂതിരി, വിനോദ് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.

വൈകീട്ട് 4ന് ശാസ്താവിന് ദ്രവ്യം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചിട്ടാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തില്‍ ദേശക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാന്‍ പോയത്. അവിടെ നിന്നും അത്യുത്സാഹപൂര്‍വ്വം ആര്‍പ്പും കുരവയുമായി കൊണ്ടുവന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കിയത്. ശാസ്താവിന്റെ നിലപാടു തറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെല്‍പറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കിയത്. ക്ഷേത്രനടപ്പുരയില്‍ വെച്ചാണ് ഒന്നിടവിട്ട് ആലിലകളും മാവിലകളും 7 സ്ഥാനങ്ങളില്‍ ചാര്‍ത്തി കൊടിമരം അലങ്കരിച്ചത്.

അലങ്കരിച്ച കൊടിമരം 8.30 ന് ദേശക്കാരാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് ക്ഷേത്രം ഊരാളന്മാര്‍ ഭര്‍ഭപ്പുല്ല് കൊടിമരത്തില്‍ ബന്ധിപ്പിച്ചു. വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഊരാളന്‍ കുടുംബാംഗം മാടമ്പ് പ്രസാദ് നമ്പൂതിരിയെ കയറ്റി കുത്തു വിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിര്‍ത്തി വരെ ആനയിച്ചു. പൂരം പുറപ്പാട് ഉദ്‌ഘോഷിച്ച് കൊണ്ട് കൊണ്ട് അടിയന്തിരം മാരാര്‍ 9 തവണ ശംഖധ്വനി മുഴക്കി. തുടര്‍ന്ന് തൃപുട താളത്തില്‍ വാദ്യഘോഷങ്ങളോടെ ആര്‍പ്പും കുരവയുമായി പുരുഷാരം ക്ഷേത്രത്തിലേക്ക് മടങ്ങി.

തൃപുട മേളം ക്ഷേത്രനടപ്പുരയില്‍ കലാശിച്ച് ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തില്‍ 2 നാളികേരം ഉടച്ചു വെച്ചു. തുടര്‍ന്ന് അടിയന്തിരം മാരാര്‍ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് 'ക്ഷേത്രം ഊരാളന്മാര്‍ മുഖമണ്ഡപത്തില്‍ എഴുന്നെള്ളിയിട്ടില്ലേ' എന്നും 'സമുദായം നമ്പൂതിരിമാര്‍ വാതില്‍മാടത്തില്‍ എത്തിയിട്ടില്ലേ ' എന്നും 3 തവണ ചോദിച്ചു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് 'ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ ' എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ 3 തവണ കൂടി ചോദിച്ചു.

3 പ്രാവശ്യം ശംഖു വിളിച്ച് വലംതലയില്‍ പൂരം കൊട്ടിവെക്കുന്ന തോടുകൂടി കൊടിയേറ്റ ചടങ്ങുകള്‍ പര്യവസാനിച്ചു. ഗോപുരത്തിന് മുന്‍വശത്ത് ആല്‍ത്തറയ്ക്കു സമീപം ബാലകൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തില്‍ കളരിക്കല്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് നിറപറ യോടൊപ്പം തിരുവായുധം ശാസ്താവിന് സമര്‍പ്പിച്ചു. ആറാട്ടുപുഴ ശാസ്താവ് പുറത്തേക്ക് എഴുന്നള്ളുമ്പോഴെല്ലാം തിരുവായുധം അകമ്പടിയായുണ്ടാകും. വില്ലും ശരവും പ്രത്യേക മരത്തില്‍ തീര്‍ത്ത വാളും പരിചയും ആണ് 'തിരുവായുധം'.

തൃപ്രയാര്‍ തേവര്‍ പുറത്തേക്കെഴുന്നള്ളി

ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാര്‍ തേവര്‍ ഗ്രാമ പ്രദക്ഷിണത്തിനായി പുറത്തേക്കെഴുന്നള്ളി. ചൊവ്വാഴ്ച്ച വൈകിട്ട് മൂന്നോടെ കര്‍ക്കിടകം രാശിയില്‍ ഊരായ്മക്കാര്‍ കുളിച്ച് മണ്ഡപത്തിലിരുന്ന് തേവരെ പുറത്തേക്കെഴുന്നള്ളിക്കാന്‍ അനുവാദം നല്‍കി. നാളിശേരി പട്ടത്ത് പദ്മിനി ബ്രാഹ്മണി അമ്മ, ചേന്ദമംഗലത്ത് പുഷ്പകത്ത് ബേബി എന്നിവര്‍ ബ്രാഹ്മണിപ്പാട്ട് നടത്തി. തുടര്‍ന്ന് മണ്ഡപത്തിന്‍ പറ നടത്തി. അവില്‍ പറ, മലര്‍ പറ, നെല്‍പ്പറ, അരിപ്പറ എന്നിവ അവകാശികളായ ഭക്തര്‍ തേവര്‍ക്ക് സമര്‍പ്പിച്ചു.

ദേവസ്വം കൊമ്പന്‍ സീതാരാമന്റെ പുറത്ത് സ്വര്‍ണക്കോലത്തിലായിരുന്നു ഭഗവാന്റെ എഴുന്നള്ളത്ത്. മൂന്നാനകളോടെ ക്ഷേത്രം പ്രദക്ഷിണം ചെയ്ത് നാലേകാലിന് അഞ്ചാനകളോടെ തേവര്‍ പുറത്തേക്കെഴുന്നള്ളി. തുടര്‍ന്ന് സേതുകുളത്തില്‍ ആറാട്ടിനു പുറപ്പെട്ടു. കുളം പ്രദക്ഷിണം ചെയ്താണ് തേവര്‍ ആറാട്ട് നടത്തിയത്. യാത്രയിലുടനീളവും പ്രദക്ഷിണ സമയത്തുമെല്ലാം നൂറുകണക്കിനു ഭക്തര്‍ രാമമന്ത്രം ഉരുവിട്ടിരുന്നു. തേവര്‍ക്ക് പിന്നാലെ ഭക്തരും കുളത്തില്‍ ആറാട്ടിനിറങ്ങി.

കരയില്‍ നില്‍ക്കുന്നവരുടെ ദേഹത്തേക്ക് വെള്ളം കോരിയെറിഞ്ഞ് അവരെയും നീരണിയിച്ചു. ആറാട്ടിനുശേഷം ചെറുശേരി കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തിലുള്ള പാണ്ടിമേളത്തോടെ തേവര്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. ചുറ്റമ്പലത്തിനകത്തെ തീര്‍ഥ കിണറ്റിന്‍ കരയില്‍ ചെമ്പിലാറാട്ട് നടത്തി. തുടര്‍ന്ന് അത്താഴപൂജയും അത്താഴ ശീവേലിയും നടത്തി.

രാവിലെ തേവരുടെ പള്ളിയോടം ക്ഷേത്രത്തിനരികെ കനോലി കനാലില്‍ നീരണിയിച്ചിരുന്നു. ഈ പള്ളിയോടത്തിലാണ് ഗ്രാമ പ്രദക്ഷിണത്തിന്റെ അഞ്ചാംദിനമായ ഞായറാഴ്ച തേവര്‍ കിഴക്കേ നടയിലേക്ക് എഴുന്നള്ളാനായി പുഴ കടക്കുന്നത്. അതുവരെയുള്ള ദിവസങ്ങളില്‍ പടിഞ്ഞാറെ കരയിലായിരിക്കും പുറപ്പാടും പറയെടുപ്പും.

Read more topics: thrissur, arattupuzha pooram 2019,
English summary
arattupuzha pooram 2019
topbanner

More News from this section

Subscribe by Email