Sunday July 22nd, 2018 - 12:31:am
topbanner
Breaking News

എന്തിനോ വേണ്ടി തിളയ്ക്കുന്ന ആലപ്പുഴ കുടിവെള്ള പദ്ധതി: 24 മണിക്കൂറും വെള്ളമെന്നത് വെള്ളത്തിൽ

suvitha
എന്തിനോ വേണ്ടി തിളയ്ക്കുന്ന ആലപ്പുഴ കുടിവെള്ള പദ്ധതി: 24 മണിക്കൂറും വെള്ളമെന്നത് വെള്ളത്തിൽ

ആലപ്പുഴ: എട്ടു ലക്ഷം ജനങ്ങൾക്ക് 24 മണിക്കൂറും കുടിവെള്ളം, വീടുകൾ തോറും ഗാർഹിക കണക്ഷൻ, പൊതുടാപ്പുകളിലൂടെയുള്ള ജലഉപയോഗം കുറയ്ക്കൽ... തുടങ്ങി വാഗ്ദാനങ്ങൾ ഏറെയായിരുന്നു. ഒമ്പതു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്തപ്പോൾ കുടിവെള്ള ക്ഷാമമില്ലാത്ത ആലപ്പുഴയെന്ന സ്വപ്നം യാഥാർത്ഥ്യമായതായി ജനങ്ങൾ കരുതി. പക്ഷെ, ഒന്നും നടന്നില്ല. കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്തിട്ട് രണ്ടരമാസം പിന്നിട്ടെങ്കിലും ഇപ്പോഴും ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും പൈപ്പ് തുറന്നാൽ കിട്ടുന്നത് കാറ്റുമാത്രം.

പാതിരാത്രിയോ, പത്തുവെളുപ്പിനോ രണ്ടുദിവസത്തിലൊരിക്കലോ അൽപ്പനേരത്തേക്ക് വരുന്ന കുടിവെള്ളത്തിനായി വേഴാമ്പലിനെപ്പോലെ കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. കഴിഞ്ഞ മേയ് ആറിനാണ് ആലപ്പുഴ കുടിവെള്ള പദ്ധതി മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. അതിന് മുമ്പ് പൊതുടാപ്പിലൂടെ വല്ലപ്പോഴുമെത്തുന്ന വെള്ളമായിരുന്നു ആലപ്പുഴക്കാർക്ക് ആശ്രയം. നഗരത്തിലും പഞ്ചായത്തിലും രൂക്ഷമായ കുടിവെള്ളക്ഷാമം നേരിട്ടിരുന്നു. ആർ.ഒ പ്ലാന്റുകൾക്ക് മുന്നിൽ ജനങ്ങൾ ക്യൂ നിന്നാണ് കുടിക്കാനും പാചകത്തിനുമുള്ള ജലം ശേഖരിച്ചിരുന്നത്. 95 ശതമാനം വീടുകളിലും കുഴൽകിണറുകൾ ഉണ്ടെങ്കിലും ജലം പാചകത്തിന് യോഗ്യമല്ലായിരുന്നു.

ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്തതോടെ ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമായെന്ന് കരുതി. ഇതനുസരിച്ച് നഗരസഭ എല്ലാ വാർഡുകളിലും സബ്സിഡി നിരക്കിൽ ഗാർഹിക കണക്ഷനുകൾ ഏർപ്പെടുത്തി. എന്നാൽ പൈപ്പുകൾ എത്തിയെങ്കിലും വെള്ളം മാത്രമെത്തിയില്ല. മേയിൽ അഴുക്കുവെള്ളമാണ് പൈപ്പിലൂടെ എത്തിയത്. പരാതികൾ ഏറി. പഴയപൈപ്പുകളിലെ അഴുക്കുകളാണിതെന്നും കൂടുതൽ വെള്ളം പമ്പ് ചെയ്ത് ഇവ ശരിയാക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. പിന്നീട് ജലം സംഭരിക്കുന്നതിനുള്ള വാട്ടർ ടാങ്കിന്റെ ചോർച്ച, തൊഴിലാളികളുടെ അഭാവം എന്നിവ മൂലവും വെള്ളം മുടങ്ങി.

അടിക്കടിയുള്ള പൈപ്പ് പൊട്ടലായിരുന്നു അടുത്ത പ്രശ്നം. പഴയപൈപ്പുകൾ പൊട്ടുന്നത് മൂലം പലയിടത്തും ദിവസങ്ങളോളം വെള്ളം മുടങ്ങി. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. കഴിഞ്ഞാഴ്ച പൈപ്പ് പൊട്ടൽ കുറഞ്ഞു. എന്നിട്ടും രണ്ടുദിവസത്തോളം തുടർച്ചയായി വെള്ളം മുടങ്ങി. പമ്പിംഗ് സ്റ്റേഷനിലെ വൈദ്യുതി മുടക്കമാണ് ഇതിനു പിന്നിലെന്നാണ് അധികൃതരുടെ വാദം. പണം കൊടുത്ത് വീട്ടുവളപ്പിൽ പൈപ്പ് കണക്ഷനെടുത്തിട്ട് നാടു മുഴുവൻ വെള്ളത്തിനായി അലയേണ്ട ഗതികേടിലാണ് നാട്ടുകാർ.

കുടിവെള്ള പദ്ധതി

പത്തനംതിട്ട കടപ്രയിൽ നിന്നുള്ള വെള്ളം തകഴി കരുമാടിയിലെ ജലശുദ്ധീകരണ പ്ളാന്റിലേക്കെത്തിച്ച് അവിടുത്തെ വലിയ ടാങ്കിൽ നിന്ന് മറ്റു ടാങ്കിലേക്ക് വെള്ളം പമ്പു ചെയ്യുന്നതാണ് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനരീതി. 29.5 ദശലക്ഷം ലിറ്ററാണ് ടാങ്കിന്റെ സംഭരണ ശേഷി. ക്ളോറിനേഷൻ നടത്തിയതിന് ശേഷം നഗരത്തിലേക്കും മറ്റ് എട്ട് പഞ്ചായത്തുകളിലേക്കുമുള്ള വെള്ളം മറ്റ് ടാങ്കുകളിലേക്ക് വിതരണം ചെയ്യും. നിലവിലുള്ള ജലവിതരണ പൈപ്പുകളുപയോഗിച്ചാണ് എട്ട് ഓവർഹെഡ് ടാങ്കുകളിലേക്ക് ജലം പമ്പ് ചെയ്യുക.


''ആലപ്പുഴ കുടിവെള്ള പദ്ധതി ഇനിയും വാട്ടർ അതോറിറ്റിക്ക് കൈമാറ്റം ചെയ്തിട്ടില്ല. ജലവിതരണം മാത്രമാണ് ചെയ്യുന്നത്. പകൽ വൈദ്യുതി മുടങ്ങുമ്പോൾ പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. പുതിയ പദ്ധതിയുടെ ആരംഭഘട്ടത്തിൽ ഇത്തരം ചില പകപ്പിഴകൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് "എ. ഷീജ വാട്ടർ ആലപ്പുഴ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.

'' കഴിഞ്ഞദിവസങ്ങളിൽ ജലവിതരണം മുടങ്ങിയതിന് പിന്നിൽ പൈപ്പ് പൊട്ടലുകളല്ല. മറിച്ച് വൈദ്യുതി വിതരണത്തിലെ തടസമാണ്. ദിവസം 15 പ്രാവശ്യംവരെ കടപ്രയിൽ വൈദ്യുതി മുടങ്ങുന്നു. ഈ സമയത്ത് പമ്പിംഗ് നിറുത്തിവയ്ക്കേണ്ടിവരും. പിന്നീട് കറന്റ് വന്നാലും വൈദ്യുതി സ്റ്റേബിൾ ആയാലേ പമ്പിംഗ് പുനരാരംഭിക്കാനാവൂ. മാന്നാർ സബ്സ്റ്റേഷനിൽ നിന്നും ഡെഡിക്കേറ്റഡ് വൈദ്യുതി ലൈനിന് അപേക്ഷ നൽകിയിട്ടുണ്ട്. അത് ലഭിച്ചാൽ ഈ പ്രശ്നം ഒരുപരിധിവരെ പരിഹരിക്കാനാകും. "

Read more topics: alappuzha, drinking, water, project,
English summary
alappuzha water Drinking water project is nothing
topbanner

More News from this section

Subscribe by Email