Thursday November 15th, 2018 - 10:22:pm
topbanner

കുട്ടനാട്ടിലെ ദുരിത മേഖലയില്‍ ബയോ ഫ്‌ളോട്ടിംഗ് ടോയിലറ്റുകള്‍

Aswani
കുട്ടനാട്ടിലെ ദുരിത മേഖലയില്‍ ബയോ ഫ്‌ളോട്ടിംഗ് ടോയിലറ്റുകള്‍

ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടം ബയോ ടോയിലറ്റുകള്‍ ഏര്‍പ്പെടുത്തി. കൂടുതല്‍ വെള്ളക്കെട്ടുള്ള ഇടങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ബയോ ടോയ്ലറ്റുകള്‍ നല്‍കും. ആവശ്യമായ സ്ഥലങ്ങളില്‍ ഫ്ലോട്ടിങ് ടോയ്‌ലറ്റുകളും ഏര്‍പ്പെടുത്തും. വെള്ളം ഉയര്‍ന്നതിനാല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ഭാഗങ്ങളിലാണ് പ്രാധാന്യമനുസരിച്ച് താല്‍ക്കാലിക ടോയിലറ്റുകള്‍ നല്‍കുക. കഴിഞ്ഞ ദിവസം സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച രണ്ട് ലോഡ് കുപ്പിവെള്ളം എന്‍.ഡി.ആര്‍.എഫ് , നേവി എന്നിവയുടെ സഹായത്തോടെ കുട്ടനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ബോട്ടിലും ലോറിയിലുമായി എത്തിച്ചു.

ആള്‍ കേരള വീല്‍ചെയര്‍ യൂസേഴ്സ് അസോസിയേഷന്‍ എത്തിച്ച 100 പാക്കറ്റ് ബ്രഡ് 25 പാക്കറ്റ് ബണ്ണ്, 500 ലിറ്റര്‍ വെള്ളം എന്നിവ അത്യാവശ്യ ഇടങ്ങളില്‍ നല്‍കി. വളം കടിക്കുള്ള 20 പാക്കറ്റ് മരുന്നും ഇവര്‍ സ്പോണ്‍സര്‍ ചെയ്തിരുന്നു. ഇത് കുട്ടനാട്ടിലെയും വീയപുരത്തെയും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തിക്കാനായി കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ക്ക് കൈമാറി.

അമ്പലപ്പുഴ താലൂക്കില്‍ 130 ക്യാമ്പുകളിലായി 8003 കുടുംബങ്ങളും ചേര്‍ത്തല താലൂക്കില്‍ 10 ക്യാമ്പുകളിലായി 521 കുടുംബങ്ങളും കഴിയുന്നു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 77 ക്യാമ്പുകളിലായി 6088 കുടുംബങ്ങളും മാവേലിക്കര താലൂക്കില്‍ ഒമ്പത് ക്യാമ്പുകളിലായി 448 കുടുംബങ്ങളും കുട്ടനാട് താലൂക്കില്‍ 15 ക്യാമ്പുകളിലായി 172 കുടുംബങ്ങളും ചെങ്ങന്നൂരില്‍ 29 ക്യാമ്പുകളിലായി 1367 കുടുംബങ്ങളുമുണ്ട്. ആകെ 270 ക്യാമ്പുകളില്‍ 1699 കുടുംബങ്ങളാണുള്ളത് . 68597 പേര്‍ ക്യാമ്പുകളിലുണ്ട്. ഇതിന് പുറമേ കുട്ടനാട്ടില്‍ 464 കഞ്ഞിവീഴ്ത്തല്‍ കേന്ദ്രങ്ങളെ 29161 കുടുംബങ്ങള്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നുണ്ട്. ഏകദേശം 1,15,465 പേര്‍ കുട്ടനാട്ടില്‍ കഞ്ഞിവെപ്പ് കേന്ദ്രങ്ങളെ ആശ്രയിക്കുന്നു. മികച്ച ഭക്ഷണം, പ്രാഥമിക ചികിത്സാ സൗകര്യം, പാചകവാതക സിലിണ്ടര്‍, കുടിവെള്ളം എന്നിവ കൃത്യമായി ക്യാമ്പുകളില്‍ എത്തിക്കുന്നുണ്ട്.

ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. മെഡിക്കല്‍ഓഫീസര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. ആരോഗ്യ പരിശോധന, മരുന്ന് വിതരണം, ശുചിത്വ പരിശോധന, കുടിവെളള ശുദ്ധീകരണം, ബോധവല്‍ക്കരണം എന്നിവ നടത്തുന്നു. ക്യാമ്പുകളിലുളള എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ ഗുളികയും നല്‍കിയിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത എത്തി.

കരമാര്‍ഗ്ഗം എത്താനാവാത്ത സ്ഥലങ്ങളില്‍ സ്ഥിരമായി പ്രവര്‍ത്തിക്കുന്ന മൂന്നു ഫ്‌ളോട്ടിംഗ് ഡിസ്പെന്‍സറികള്‍ക്കു പുറമെ 11 ബോട്ടുകള്‍ വഴിയും വളളങ്ങളുടെ സഹായത്തോടെയും ക്യാമ്പുകള്‍ നടത്തിയിട്ടുണ്ട്. ഒരുജല ആംബുലന്‍സ് ചെങ്ങന്നൂര്‍ ബ്ലോക്കിലും എടത്വ, തലവടി കേന്ദ്രീകരിച്ച് രണ്ട് മൊബൈല്‍ ഡിസ്പെന്‍സറികളും ക്രമീകരിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ആലപ്പുഴ ജില്ലാമെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ 0477-22307111.

English summary
Bio floating toilets in Kuttanad distress area
topbanner

More News from this section

Subscribe by Email