Saturday April 20th, 2019 - 2:09:am
topbanner
topbanner

ആലപ്പുഴയിലെ ദുരിതജീവിതം നേരിൽ കണ്ട കളക്ടർ മടകെട്ടാൻ 20 ശതമാനം മുൻകൂർ തുക നൽകി

Aswani
ആലപ്പുഴയിലെ  ദുരിതജീവിതം നേരിൽ കണ്ട കളക്ടർ മടകെട്ടാൻ 20 ശതമാനം മുൻകൂർ തുക നൽകി

ആലപ്പുഴ: മഴക്കെടുതി ബാധിത പ്രദേശങ്ങളിൽ ജില്ല കളക്ടറുടെ മിന്നൽ സന്ദർശനം. രാവിലെ നെടുമുടിയിൽ എ.സി.റോഡിലെ ഗതാഗത പ്രശ്‌നങ്ങൾ പഠിക്കാൻ പൊതുമരാമത്ത് സെക്രട്ടറിയോടൊപ്പം പോയ കളക്ടർ അവിടെ നിന്ന് നേരെ ക്യാമ്പുകൾ സന്ദർശിക്കാൻ തീരുമാനിക്കുകയായിരുന്നു. നഗരത്തിൽ ഡി.ടി.പി.സി.ജട്ടിയിൽ നിന്ന് സ്പീഡ്‌ലോഞ്ചിൽ യാത്ര തിരിച്ച കളക്ടറും സംഘവും സീറോ ജട്ടിയിലെ ക്യാമ്പിലേക്കാണ് ആദ്യമെത്തിയത്.

അവിടെ ഉച്ചയുണിന്റെ സമയം ആയിരുന്നു അപ്പോൾ. പാത്രങ്ങളും പാചകകേന്ദ്രവും നോക്കി തൃപ്തി രേഖപ്പെടുത്തിയപ്പോൾ ക്യാമ്പിലെ അമ്മമാരുടെ ആവശ്യം. അവർക്കൊപ്പം അൽപ്പം ഭക്ഷണം കഴിക്കണം. ഉടൻ അവർക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച കളക്ടർ ഭക്ഷണം പാകം ചെയ്യുന്ന രീതിയിലും രുചിയിലും സംതൃപ്തി രേഖപ്പെടുത്തി.

തുടർന്ന് ക്യാമ്പ് പരിസരത്തെ ബയോ ടോയ്‌ലറ്റുകളുകളുടെ പ്രവർത്തനവും അദ്ദേഹം നിരീക്ഷിച്ചു. വെള്ളത്തിനടിയിൽ ചുറ്റപ്പെട്ടു പോയ ശൗചാലയങ്ങൾ ഉപയോഗശൂന്യമായതോടെയാണ് ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ശുചിത്വമിഷന്റെ നേതൃത്വത്തിൽ നൂറോളം ടോയ്‌ലറ്റുകളാണ് സ്ഥാപിക്കുന്നത്. ഇതിൽ 70 എണ്ണം ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. പ്രാഥമികാവശ്യത്തിന് ശൗചാലയങ്ങൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയും മറ്റു സൗകര്യങ്ങൾ ഇല്ലാതാവുകയും ചെയ്താൽ മലമൂത്രവിസർജ്ജ്യങ്ങൾ ജലത്തിൽ കലർന്ന് രൂക്ഷമായ രീതിയിലുള്ള പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും പൊട്ടിപ്പുറപ്പെടാനുള്ള അവസ്ഥാവിശേഷം സംജാതമാവുകയും ചെയ്യും. ഈ പ്രതിസന്ധി മുൻകൂട്ടി മനസിലാക്കിയ ഭരണകൂടം മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ് ഇവ സ്ഥാപിച്ചത്.

പ്ലാസ്റ്റിക് നിർമ്മിത സെപ്റ്റിക് ടാങ്കുകൾ വെള്ളത്തിൽ ഒഴുകിനടക്കാതെ ഫിറ്റ് ചെയ്യുക എന്നത് ഏറെ ദുഷ്‌കരമായ പ്രവർത്തിയായിരുന്നു. ജില്ല കളക്ടറും ശുചിത്വമിഷൻ ടീം അംഗങ്ങളും കമ്പനി പ്രതിനിധികളും മഴയും വെയിലും വെള്ളക്കെട്ടുകളും വകവയ്ക്കാതെ രാത്രിയും പകലും വ്യത്യാസമില്ലാതെ ഏറെ പണിപ്പെട്ടാണ് സ്ഥലങ്ങൾ കണ്ടെത്തി ഇത്രയും വേഗം അവ കൃത്യമായി സ്ഥാപിക്കാൻ കഴിഞ്ഞത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിൽ ബയോടോയ്‌ലറ്റുകൾ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഉപയോഗിക്കുന്നത്.

തുടർന്ന കല്ലറ ജട്ടിയിലെ നാലാം നമ്പര് ക്യാമ്പിലെത്തുമ്പോൾ അവിടെ ഉച്ചഭക്ഷണം കഴിഞ്ഞിരുന്നു. വിശേഷങ്ങൾ ആരാഞ്ഞപ്പോൾ കുടിവെള്ളത്തിന്റെ അപര്യാപ്തതയാണ് അമ്മമാർ പലരും പങ്കുവച്ചത്. അതുവഴി വന്ന മാതൃഭൂമിയുടെ സഹായസംഘത്തോട് പറഞ്ഞ് ഉടൻ കുടിവെള്ളമെത്തിച്ചശേഷമാണ് സംഘം അടുത്ത ക്യാമ്പിലേക്കു നീങ്ങിയത്. മണലോടുംതുരുത്തിലെ മൂന്നാം നമ്പർ ക്യാമ്പിൽ ഗ്യാസ് തീരുന്നത് പ്രശ്‌നമായി അവർ ചൂണ്ടിക്കാണിച്ചു. വില്ലേജ് ഓഫീസർക്ക് അടിയന്തരമായി ഇത്തരം കേന്ദ്രങ്ങളിൽ ഗ്യാസ് എത്തിക്കാൻ നിർദേശം നൽകി.

കുട്ടമംഗലത്തെ ക്യാമ്പിനു സമീപത്തായി കാലികളെ കെട്ടിയിരിക്കുന്നത് ശ്രദ്ധയിൽപെട്ട് അവയ്ക്കു തീറ്റ എത്തുന്നുണ്ടോയെന്നായി അന്വേഷണം. ആദ്യഘട്ടത്തിൽ തീറ്റ എത്തിച്ചെങ്കിലും പിന്നീട് കിട്ടിയില്ലെന്ന് പലരും പരാതിപ്പെട്ടു.മടവീണതിനാൽ പ്രദേശശത്തെ എല്ലാ വീടുകളും വെള്ളത്തിനടിയിലാണെന്ന് കളക്ടർ കണ്ടു. മടകൾ പുനസ്ഥാപിക്കാൻ 20 ശതമാനം തുക മുൻകൂറായി പാടശേഖരസമതികൾക്ക് കൃഷിവകുപ്പു വഴി കൈമാറിക്കഴിഞ്ഞതായി അദ്ദേഹം ധരിപ്പിച്ചു.

ഇക്കാര്യത്തിൽ ജില്ല ഭരണകൂടത്തിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഇതിനിടെ മഴവന്നതോടെ മറ്റു ദ്വീപുകളിലും പോകാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും യാത്ര വെട്ടിച്ചുരുക്കുകയായിരുന്നു. ഇതിനിടെ നെഹ്‌റുട്രോഫി വാർഡിലെത്തിയപ്പോഴേക്കും മഴ കനത്തു. വിളക്കുമരം ജട്ടിക്കടുത്തുള്ള വിനോദിന്റെ വീട്ടിൽ അരമണിക്കൂറോളം ഇരുന്നശേഷമാണ് പിന്നീട് യാത്ര തുടരാനായത്. എ.ഡി.എം. ആ.അബ്ദുൾസലാം, ഡപ്യൂട്ടി കളക്ടർ മുരളീധരൻപിള്ള തുടങ്ങിയവരും കള്ക്ടർക്കൊപ്പമുണ്ടായിരുന്നു.

Read more topics: alappuzha, collector, relief camp
English summary
The Collector who saw the misery in Alappuzha gave 20% advance amount for protection of houses
topbanner

More News from this section

Subscribe by Email