Thursday July 18th, 2019 - 4:17:am
topbanner
topbanner

ദുരിതാശ്വാസത്തിൽ വീഴ്ചയുണ്ടായാൽ നടപടി; ആലപ്പുഴ ജില്ലയിൽ ബയോടോയ്‌ലറ്റ് സ്ഥാപിച്ചു തുടങ്ങി

Aswani
ദുരിതാശ്വാസത്തിൽ വീഴ്ചയുണ്ടായാൽ നടപടി; ആലപ്പുഴ ജില്ലയിൽ  ബയോടോയ്‌ലറ്റ് സ്ഥാപിച്ചു തുടങ്ങി

ആലപ്പുഴ: ദുരിതാശ്വാസ മേഖലയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത്മന്ത്രി ജി.സുധാകരൻ മുന്നറിയിപ്പു നൽകി. ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനം വളരെ മെച്ചപ്പെട്ട നിലയിലാണ് നടക്കുന്നത്. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഏകോപനവും ഉദ്യോഗസ്ഥ സമീപനവും കാണാനായി. എന്നാൽ ചുരുക്കം ചിലയിടങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വേണ്ടത്ര സജീവമായ ഇടപെടലല്ല ഉണ്ടായത്.

വെള്ളമിറങ്ങിത്തുടങ്ങിയതോടെ വരും ദിവസങ്ങൾ വെല്ലുവിളി നിറഞ്ഞതാകും. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, പഞ്ചായത്ത് വകുപ്പുകൾക്ക് ഉത്തരവാദിത്തം കൂടുന്ന ദിനങ്ങളാണിനി. ദുരിതാശ്വാസ മേഖലയിലുള്ള എല്ലാ ജീവനക്കാരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു മന്ത്രി.

ദുരിതാശ്വാസമേഖലയിൽ നൂറോളം ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി 40 ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കുന്ന നടപടി തുടങ്ങി. കൈനകരി, പുളിങ്കുന്ന് പഞ്ചായത്തിലായാണ് 40 ബയോടോയ്‌ലറ്റ് സ്ഥാപിക്കുന്നത്. കൈനകരിയിൽ 28ഉം പുളിങ്കുന്നിൽ 12ഉം ടോയ്‌ലറ്റുകളാണ് സ്ഥാപിക്കുന്നത്. കൈനകരിയിൽ മുണ്ടക്കൽ പാലം നാലാം വാര്ഡിൽ എട്ടും എൻ.എസ്.എസ്. കുട്ടമംഗലം 14-ാം വാര്ഡില് നാലും അടിയാവന 14-ാം വാര്ഡില് മൂന്നും ചാലച്ചിറജട്ടി അഞ്ചാം വാര്ഡില് ആറും കുപ്പപ്പുറം ജി.എച്ച്.എസ്. 15-ാം വാര്ഡില് അഞ്ചും പുഞ്ചിരി ജട്ടി 15-ാം വാര്ഡില് രണ്ടും ബയോടോയ്‌ലറ്റുകളാണ് സ്ഥാപിക്കുന്നത്. പുളിങ്കുന്ന് പഞ്ചായത്തില് ചതുര്ത്യാകരി ഒന്നാം വാര്ഡ്, പുതുവല് ജട്ടി 1-ാം വാര്ഡ്, ആറായിരംപറ ഡി ബ്ലോക്കിലെ മുട്ടുങ്കല് കോളനി എന്നിവടങ്ങളിൽ നാലു വീതം ടോയിലറ്റുകളും സ്ഥാപിക്കും.

നഷ്ടമായ അധ്യായന ദിനങ്ങൾ എങ്ങിനെ തിരിച്ചു പിടിക്കുമെന്നത് സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പ പ്രത്യേക പദ്ധതി തയ്യാറാക്കണം. വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും നഷ്ടമായവർക്ക് അവ സൗജന്യമായി നൽകാൻ നടപടി എടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതു പ്രകാരമുള്ള കണക്കുകൾ തയ്യാറാക്കാൻ മന്ത്രി വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി.

ആരോഗ്യ വകുപ്പധികൃതർ പകർച്ചവ്യാധിക്കെതിരെ പ്രത്യേക ബോധവൽക്കരണ ചികിൽസ ക്യാമ്പുകൾ സംഘടിപ്പിക്കണം. ആശ വാളണ്ടിയൻമാർ, കുടുംബശ്രീ ആരോഗ്യസേന എന്നിവരുടെ സേവനം വിനിയോഗിക്കണം. ആയൂർവേദ വകുപ്പിന് മരുന്നു വാങ്ങാൻ 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഹോമിയോ വകുപ്പും ഉൾപ്പെടെ എല്ലാ ആരോഗ്യവിഭാഗങ്ങളും ഒന്നിച്ചുനിന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. പാടശേഖരങ്ങളിൽ മട വീണതു സംബന്ധിച്ച അന്തിമ കണക്ക് അടിയന്തരമായി ലഭ്യമാക്കണം. 12 ഗ്രാമപഞ്ചായത്തുകളിലായി 37 മടകൾ വീണതായാണ് പ്രാഥമിക നിഗമനം. ക്യാമ്പുകളിൽ പഞ്ചായത്തംഗങ്ങൾക്ക് ചുമതല നൽകി ശൂചീകരണ പ്രവർത്തനങ്ങളുൾപ്പെടയുള്ളവ ഏകോപിപ്പിക്കാൻ പഞ്ചായത്ത വകുപ്പു ഉപഡയറക്ടറെ ചുമതലപ്പെടുത്തി.

കുടിവെള്ള വിതരണം ഏറെ കാര്യക്ഷമമായി നടത്തണം. ക്യാമ്പുകളിൽ തിളപ്പിച്ചാറിയ വെള്ളമേ നൽകാവു. സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾക്കും തിളപ്പിച്ചാറിയ വെള്ളമേ നൽകുന്നുള്ളുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ഇപ്പോൾ ക്യാമ്പുകളിൽ നൽകുന്ന കുടിവെള്ള കുപ്പികൾ പഞ്ചായത്ത് സെക്രട്ടറിമാർ ശേഖരിച്ച് ശുചിത്വമിഷന് നൽകണമെന്ന് ജില്ല കളക്ടർ പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികൾ അല്ലെങ്കിൽ മറ്റൊരു ദുരന്തത്തിനു കാരണമാകുതെന്നതിനാലാണിത്.

കുടിവെള്ളം ആവശ്യത്തിനെത്തിക്കാൻ ഗ്രാമപഞ്ചായത്തുകൾക്ക് അധികാരമുണ്ട്. സെക്രട്ടറിമാർ ഇക്കാര്യത്തിൽ കൂടുതൾ ശ്രദ്ധ വേണമെന്നും കുടുംബശ്രീ പ്രവർത്തനം സജീവമാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.യോഗത്തിൽ ജില്ല കളക്ടർ എസ്. സുഹാസ്, എ.ഡി.എം ഐ. അബ്ദുൾ സലാം, ഡപ്യൂട്ടി കളക്ടർ മരളീധരൻ പിള്ള, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: alappuzha, bio toilet, relief camp
English summary
strict action take in Failure of disaster relief; Bio-toilet was started in Alappuzha district
topbanner

More News from this section

Subscribe by Email