ആലപ്പുഴ: റോഡിലെ ഗട്ടറില്‍ വീണ ഓട്ടോ നീയന്ത്രണം തെറ്റി ആഴമുള്ള നദിയിലേക്ക് മറിഞ്ഞു. അഞ്ചും സ്ത്രീകളും ഡ്രൈവറും നാട്ടുകാരുടെ സമയോജിതമായ ഇടപെടലില്‍ അത്ഭുതകരമായി രക്ഷപെട്ടു. എടത്വ മാര്‍ക്കറ്റ്-ഇല്ലിമൂട് റോഡില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. പള്ളിപാട് വഴുതാനത്ത് പാടത്ത് കൊയ്യാനായി പോയ നാല് സ്ത്രീകളും എടത്വ മഹാജൂബിലി ആശുപത്രിയിലെ ഒരു നേഴ്സുമാണ് ഓട്ടോയിലുണ്ടായിരുന്നത്. തായങ്കരി സ്വദേശികളായ കരീക്കളത്തില് വാസന്തി (51), അറുപതില്‍ചിറ മായ (39), അജിതാഭവനത്തില്‍ ഭവാനി (60), ദേവസ്വം തറ സുലേഖ (37), മെതിക്കളത്തില്‍ സാലി ബിനു (42), ഡ്രൈവര്‍ വടകരത്തറ വിനോദ് (33) എന്നിവരായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്.
രാവിലെ ഏഴ് മണിക്ക് എത്തേണ്ട കെഎസ്ആര്‍റ്റിസി ബസ്സ് വരാഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ വിനോദിന്റെ ഓട്ടോ പിടിച്ച് എടത്വാക്ക് വരുമ്പോഴായിരുന്നു അപകടം. ഈ റോഡിലെ ഖട്ടറില്‍ വീണ ഓട്ടോ കല്ലില്‍ തട്ടി നീയന്ത്രണം തെറ്റി എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയുടെ മുന്നിലൂടെയുള്ള ആഴമേറിയ നദിയിലേക്ക് വീഴുകയുമായിരുന്നു. ഓട്ടോ പൂര്‍ണ്ണമായും നദിയുടെ ആഴത്തിലേക്ക് മുങ്ങി താഴുകയും ചെയ്തു. ഇത് കണ്ട് സമീപവാസികളും വഴിയാത്രക്കാരുമായ പരുത്തിപ്പള്ളിച്ചിറ ബാബു ദേവസ്യാ, മണ്ണിശ്ശേരില്‍ തോമസുകുട്ടി, ജോണ്സണ് കല്ലറയ്ക്കല്‍ എന്നിവര്‍ നദിയിലേക്ക് ചാടി ഓട്ടോയിലുണ്ടായിരുന്നവരെ കരക്കെത്തിക്കുകയായിരുന്നു. പുറകിലെ സീറ്റില്‍ ഇരുന്ന മായ രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ ഡ്രൈവറുടെ സീറ്റിനിടയില്‍ കുടുങ്ങുകയും നാട്ടുകാര്‍ പുറത്തേക്ക് വലിച്ച് എടുക്കുന്നതിനിടയില്‍ മൂക്കിന് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളം കുടിച്ചും അബോധവാസ്ഥയിലുമായി തീര്‍ന്ന സ്ത്രീകളെ മറ്റ് വാഹനങ്ങളില്‍ കയറ്റി എടത്വ മഹാജൂബിലി ആശുപത്രിയിലെത്തിച്ചു. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
തായങ്കരി റോഡിലൂടെ എടത്വ പള്ളിയിലേക്ക് വരാനുള്ള എളുപ്പമാര്ഗ്ഗമായതിനാല് നൂറ് കണകക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോവുന്നത്. പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്ന ഈ റോഡില്‍ വാഹനങ്ങള്‍ ഖട്ടറില്‍ വീണ് നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇരുചക്രവാഹനം കുഴിയില്‍ വീണതിനെ തുടര്‍ന്ന് നീയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് വാഹനത്തിന്റെ പുറകില്‍ ഇരുന്ന് യാത്രചെയ്ത വിദ്യാര്‍ത്ഥിയുടെ കാല് ഒടിഞ്ഞ സംഭവവും ഉണ്ട്. എടത്വ പള്ളി തിരുനാളിന് 27 ന് കൊടിയേറി കഴിയുമ്പോള്‍ ഏറ്റവും തിരക്കേറിയ റോഡ് കൂടിയായി തീരും ഇത്.