Saturday November 17th, 2018 - 6:36:pm
topbanner

പാലുത്പാദനത്തില്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം: മന്ത്രി കെ. രാജു

suvitha
പാലുത്പാദനത്തില്‍ മുന്നേറ്റം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സജീവം: മന്ത്രി കെ. രാജു

കൊല്ലം: ഒരു വര്‍ഷത്തിനുള്ളില്‍ പാലുത്പാദനത്തില്‍ രാജ്യത്ത് മുന്‍നിരയിലുള്ള അഞ്ചു സംസ്ഥാനങ്ങളിലൊന്നാക്കി കേരളത്തെ മാറ്റുന്നതിനുള്ള കര്‍മപരിപാടികള്‍ ഊര്‍ജിതമായി നടപ്പാക്കിവരികയാണെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിയന്‍ നടപ്പിലാക്കുന്ന മില്‍മസുരഭി-2017 കന്നുകുട്ടി ദത്തെടുക്കല്‍ പദ്ധതിയുടെ ഉദ്ഘാടനം അഞ്ചല്‍ റോയല്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ പാലുത്പാദനത്തില്‍ കേരളം പതിമൂന്നാം സ്ഥാനത്താണ്.

ഇവിടെനിന്നും ഏറെ മൂന്നോട്ടുപോകേണ്ടതുണ്ട്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട് പാലുത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജില്ലകളില്‍ സിറ്റിംഗ് നടത്തി തെളിവ് ശേഖരിക്കും. കര്‍ഷകരെയും ഉദ്യോഗസ്ഥരെയും ക്ഷീരമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെയും സമിതി നേരില്‍ കാണും. വരുമാനം കിട്ടാത്തതുകൊണ്ട് കന്നുകുട്ടികളെ വളര്‍ത്താന്‍ കര്‍ഷകര്‍ പൊതുവേ താല്‍പര്യം കാണിക്കാറില്ല. ഈ സാഹചര്യത്തിലാണ് അവരെ സഹായിക്കുന്നതിനായി കന്നുകുട്ടികളെ ആരോഗ്യത്തോടെ വളര്‍ത്താന്‍ സഹായകമായ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഏറെ ഉത്പാദനശേഷിയുള്ള പശുക്കളെ വളര്‍ത്തിയെടുക്കുന്നതിന് ഈ പദ്ധതി ഉപകരിക്കും. കൊല്ലം ജില്ലയില്‍ ഒരു ഡയറി ആരംഭിക്കാമെന്ന് നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ്(എന്‍.ഡി.ഡി.ബി) അധികൃതര്‍ അടുത്തയിടെ ഗുജറാത്തില്‍ സന്ദര്‍ശനം നടത്തിയ കേരള പ്രതിനിധി സംഘത്തെ അറിയിച്ചിട്ടുണ്ട്. ഏറ്റവും ആധുനികമായ സാങ്കേതിക സംവിധാനങ്ങളുള്ള ഡയറിയാണ് ഇവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലും ബോര്‍ഡ് സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്-മന്ത്രി പറഞ്ഞു.

മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിച്ചു. കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി. ജോസഫ്, അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ ചന്ദ്രബാബു, തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ. രാജശേഖരന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി. രവീന്ദ്രന്‍പിള്ള, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം പി. വി. പ്രശാന്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.

തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ കെ ആര്‍ സുരേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ വി വേണുഗോപാലക്കുറുപ്പ് സ്വാഗതവും കൊല്ലം ഡയറി മാനേജര്‍ ജി ഹരിഹരന്‍ നന്ദിയും പറഞ്ഞു.

 

English summary
activity aimed at growth in milk production: minister k raju
topbanner

More News from this section

Subscribe by Email