Friday December 14th, 2018 - 9:35:am
topbanner

തളിപ്പറമ്പിൽ സ്ത്രീ ജീവനക്കാരുടെ ശൗചാലയ സൗകര്യം നിഷേധിച്ചു: അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ നഗരസഭ നൽകിയ ഉത്തരവിന് പുല്ലുവില

NewsDesk
തളിപ്പറമ്പിൽ  സ്ത്രീ ജീവനക്കാരുടെ ശൗചാലയ സൗകര്യം നിഷേധിച്ചു: അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍  നഗരസഭ നൽകിയ  ഉത്തരവിന് പുല്ലുവില

തളിപ്പറമ്പ്: എഴോളം സ്ത്രീ ജീവനക്കാരുടെ പ്രാഥമികആവശ്യം നിറവേറ്റുന്നതിനുള്ള ശൗചാലയ സൗകര്യം തടസ്സപ്പെടുത്തി എന്ന പരാതിയില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ കെട്ടിട ഉടമക്ക് നഗരസഭാ സെക്രട്ടറി നല്‍കിയ ഉത്തരവിന് പുല്ലുവില. അനുവദിച്ച സമയം കഴിഞ്ഞിട്ടും കെട്ടിട ഉടമയുടെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.

തളിപ്പറമ്പ് നഗരസഭയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ സെന്ററില്‍ ജോലി ചെയ്തുവരുന്ന എഴോളം സ്ത്രീ ജീവനക്കാരുടെ പ്രാഥമികആവശ്യം നിറവേറ്റുന്നതിനുള്ള ശൗചാലയ സൗകര്യം തടസ്സപ്പെടുത്തുന്ന രീതിയില്‍
അക്ഷയ കേന്ദ്രം പ്രവര്‍ത്തിക്കുന്ന മുറിയുടെ തെക്കു ഭാഗത്ത് വാടകയ്ക്ക് നല്‍കിയ നൃത്ത വിദ്യാലയവുമായി വേര്‍തിരിക്കുന്നിന് സിമന്റ് കൊണ്ടുണ്ടാക്കിയ ഇഷ്ടികവെച്ച് കെട്ടിട ഉടമ ചുമര്‍ കെട്ടി മറച്ചിരിക്കുകയാണെന്നും ശൗചാലയ സൗകര്യവും നിഷേധിച്ചു എന്നുമാണ് പരാതി.

തുടര്‍ന്ന് നഗരസഭാ പൊതുമരാമത്ത് വിഭാഗം ഓവര്‍സിയര്‍ നടത്തിയ അന്വേഷണത്തില്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയില്‍ 17-ാം വാര്‍ഡില്‍ 2400-ാം നമ്പറായുള്ള മുറി അനുമതി ഇല്ലാതെ സിമന്റ് കട്ട ഉപയോഗിച്ച് വിഭജിച്ചത് കണ്ടെത്തിയിരുന്നു. ഒരു ഷട്ടറിൽ തന്നെയാണ് രണ്ടു സ്ഥാപനങ്ങളുടെയും പ്രവശനം. ഇതിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കാന്‍ കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി നല്‍കിയിരുന്നില്ല.

ഇതിനെ തുടര്‍ന്ന് പരാതിക്കാരിയെയും കെട്ടിട ഉടമയെയും കഴിഞ്ഞ 5ാം തിയ്യതി നഗരസഭാ സെക്രട്ടറിയുടെ ചേമ്പറില്‍ വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു. ഈ സമയത്തും കെട്ടിട ഉടമ അനധികൃത നിര്‍മ്മാണം നത്തിയതായും കൂടാതെ അക്ഷയ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് കെട്ടിട ഉടമതന്നെ ബോധിപ്പിച്ചിരുന്നു. ഇതില്‍ നിന്നും മുനിസിപ്പാലിറ്റി ആക്ട് 406 പ്രകാരം യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കെട്ടിട ഉടമ നിര്‍മ്മാണം നടത്തിയതെന്ന് അധികാരികള്‍ക്ക് ബോധ്യപ്പട്ടു.

തുടര്‍ന്നാണ് മുനിസിപ്പാലിറ്റി നിയമം 406 പ്രകാരം നഗരസഭാ സെക്രട്ടറിക്ക് നിയമപ്രകാരം അനുവദിച്ച അധികാരങ്ങള്‍ ഉപയോഗിച്ച് അനുവാദം വാങ്ങാതെ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടഭാഗങ്ങള്‍ 24മണിക്കൂറിനുള്ളില്‍ പൊളിച്ചുനീക്കി നഗരസഭയില്‍ രേഖാമൂലം അറിയിക്കേണ്ടതാണെന്നും ഇല്ലാത്തപക്ഷം കേരള മുനിസിപ്പാലിറ്റി ചട്ടം 18 പ്രകാരം പ്രസ്തുത കെട്ടിടഭാഗങ്ങള്‍ നഗരസഭ പൊളിച്ചു നീക്കുന്നതും അതിന്റെ ചിലവ് കെട്ടിടഉടമയില്‍ നിന്നും ഈടാക്കുമെന്നും നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു.

അതിനാല്‍ ഉത്തരവ് തീയ്യതി മുതല്‍ ഏഴു ദിവസത്തിനകം കെട്ടിടത്തിന് നിയമപ്രകാരം ഉണ്ടായിരിക്കേണ്ട പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യം ഒരുക്കി നഗരസഭാ ഓഫിസില്‍ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവ് നല്‍കി. വെളളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇതു സംബന്ധിച്ചുള്ള നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് കെട്ടിട ഉടമക്ക് നല്‍കിയത്.

ഉത്തരവ് അനുസരിക്കാന്‍ ഉടമ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇന്ന് നഗരസഭയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുമെന്നാണ് സൂചന. അതേസമയം അക്ഷയ ജീവനക്കാരെ കളളക്കേസില്‍കുടുക്കാനുളള ശ്രമവും നടക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.

കെട്ടിടത്തിലെ മുറികളുടെ അനുപാതത്തിന് അനുസരിച്ച് ശൗചാലയ സൗകര്യം ഇല്ലായെന്നത് നഗരസഭാ അധികാരികളുടെ ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. നിലവിലുളള സൗകര്യം ഒഴിവാക്കുന്നതിന് അനുമതി തേടിയിട്ടില്ല. ഒരു നമ്പറില്‍ തന്നെ രണ്ടു വാടകക്കാരെ ഉള്‍പ്പെടുത്തി തുടങ്ങിയ നിരവധി ക്രമക്കേടുകളാണ് കെട്ടിട ഉടമയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുളളത്.

Read more topics: taliparamba, municipality,
English summary
Women's staff refused to toilet facility in Taliparamba
topbanner

More News from this section

Subscribe by Email