Tuesday July 16th, 2019 - 10:34:pm
topbanner
topbanner

മാതൃഭാഷ ഉപേക്ഷിച്ച് ഇംഗ്ലീഷ് പഠിക്കുന്ന പരിഷ്കാരം വേണ്ട :സി. കെ. ശശീന്ദ്രൻ എം.എൽ.എ

RAsh
മാതൃഭാഷ ഉപേക്ഷിച്ച് ഇംഗ്ലീഷ് പഠിക്കുന്ന പരിഷ്കാരം വേണ്ട :സി. കെ. ശശീന്ദ്രൻ എം.എൽ.എ

മാതൃഭാഷയെ അവഗണിച്ച് ഇംഗ്ലീഷ് പഠിക്കണമെന്നുള്ള പരിഷ്കാര ചിന്ത മലയാളികൾ ഉപേക്ഷിക്കണമെന്ന് സി. കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും വയനാട് സർവ ശിക്ഷാ അഭിയാനും ചേർന്ന് സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും ഭരണ ഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഏകദിന സെമിനാറും എസ്.കെ.എം.ജെ ഹൈസ്കൂൾ ജൂബിലി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒാരോ ജനവിഭാഗത്തിന്റെയും അസ്തിത്വത്തിന്റെ ഭാഗമാണു അവരുടെ ഭാഷ. ഭാഷകൾ ഇല്ലാതാകുന്നതോടെ ഒരു സംസ്കാരം ഇല്ലാതാകും. കാലക്രമേണ ആ ജനത തന്നെ ഇല്ലാതാകുന്നതാണ് ചരിത്രം. നമ്മുടെ സംസ്ഥാനം കേരളപ്പിറവി ദിനം ആഘോഷിക്കുമ്പോൾ കേരള മോഡൽ പരക്കെ അംഗീകരിക്കപ്പെട്ടു.

അഭിപ്രായ വ്യത്യാസങ്ങൾ കണ്ടേക്കാമെങ്കിലും പല വികസിത രാജ്യങ്ങളുടെയും ഒപ്പം കേരളവും എത്തി. വികസനത്തിന്റെ പല അളവുകോലുകളും നമ്മളെ ഏറെ മുന്നിലെത്തിച്ചിട്ടുണ്ട്. സമ്പൂർണ സാക്ഷരത, സ്ത്രീ ശാക്തീകരണം തുടങ്ങിയവയിൽ കേരളം ഏറെ മുന്നോട്ടുപോയി. അനേകം സമരങ്ങളിലൂടെ കൂടി നേടിയെടുത്തതാണ് ഇത്തരം നേട്ടങ്ങൾ. സർക്കാർ പോലും പല അവസരങ്ങളിലും സമര സന്നദ്ധരായിട്ടുള്ള സാഹചര്യം കേരളം കണ്ടിട്ടുണ്ട്.

കോളേജുകളിൽ രാഷ്ട്രീയം നിരോധിക്കാനുള്ള കോടതികളുടെ പരിശ്രമത്തെ കേരളസർക്കാർ പിന്തുണയ്ക്കില്ല. ഒരു കോടതിയും പറഞ്ഞിട്ടല്ല ഇവിടെ വിദ്യാർഥി സംഘടനകൾ പ്രവർത്തിച്ചുവരുന്നത്. സ്കൂളുകളിൽ മലയാളം നിർബന്ധിതമാക്കിക്കൊണ്ട് നിയമനിർമാണം നടത്തിയ സർക്കാരാണ് ഇപ്പോഴത്തേതെന്നും സി.കെ.ശശീന്ദ്രൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വായനയുടെ സാമൂഹ്യപാഠം എന്ന വിഷയത്തിൽ പ്രശസ്ത സാഹിത്യകാരൻ പി.കെ.പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂളിനൊരു പുസ്തകം പദ്ധതിയിലുള്ള പുസ്തകം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത് വിദ്യാഭ്യാസ ഉപഡയറക്ടർ എം.ബാബുരാജിനും അദ്ധ്യാപകർ ശേഖരിച്ച പുസ്തകം ഡയറ്റ് പ്രിൻസിപ്പൽ ഇ.ജെ.ലീനയ്ക്കും കൈമാറി.

അദ്ധ്യാപക അവാർഡ് ജോതാക്കളായ സി.ജയരാജൻ, എം.എ. പൗലോസ് എന്നിവരെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.ദേവകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.ഇസ്മയിൽ, ജില്ലാ ഇൻഫർമേഷൻ ഒാഫീസർ കെ.പി.അബ്ദുൾ ഖാദർ, എസ്.എസ്.എ. ജില്ലാ പ്രൊജക്ട് ഒാഫീസർ ജി.എൻ.ബാബുരാജ്, എസ്.എസ്.എ. ജില്ലാ പ്രോഗ്രാം ഒാഫീസർ ഒ.പ്രമോദ്, വൈത്തിരി ബി.പി.ഒ. എ.കെ.ഷിബു, എസ്.കെ.എം.ജെ. സ്കൂൾ ഹെഡ്മാസ്റ്റർ എം.ബി.വിജയരാജൻ, ഷാജി പുൽപ്പള്ളി, വിപിൻ ബോസ്, പ്രീത ജെ പ്രിയദർശിനി, സി.ഇസ്മായിൽ, കുമാരി. വിഷ്ണുമായ, കുമാരി സുൽത്താന എന്നിവർ സംസാരിച്ചു. 

Read more topics: WAYANAD, KERALAPPIRAVI, PROGRAMME
English summary
WAYANAD KERALAPPIRAVI PROGRAMME CK SHASHEENDRAN MLA
topbanner

More News from this section

Subscribe by Email