Thursday September 20th, 2018 - 8:20:pm
topbanner
Breaking News

ഉപരാഷ്ട്രപതിക്ക് സ്‌നേഹോഷ്മള സ്വീകരണം

NewsDesk
ഉപരാഷ്ട്രപതിക്ക് സ്‌നേഹോഷ്മള സ്വീകരണം

കൊച്ചി: ത്രിദിന കേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി എം.ഹാമിദ് അന്‍സാരിക്കു കൊച്ചി നാവികസേന വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹോഷ്മള സ്വീകരണം, ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് ഉപരാഷ്ട്രപതിയെയും പത്‌നി സല്‍മ അന്‍സാരിയേയും ടാര്‍മാര്‍ക്കില്‍ സ്വീകരിച്ചു.
 
മേയര്‍ സൗമിനി ജയിന്‍, കെ.വി.തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ദക്ഷിണ നാവികസേന മേധാവി വൈസ് അഡ്മിറല്‍ സുനില്‍ ലംബ, ഡി.ജി.പി ടി.പി.സെന്‍കുമാര്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ല കളക്ടര്‍ എം.ജി.രാജമാണിക്യം, സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ടി.പി.വിജയകുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി.ദിനേശ്, ഗവര്‍ണറുടെ പത്‌നി കമല സദാശിവം തുടങ്ങിയവരും ടാര്‍മാര്‍ക്കില്‍ ഉപരാഷ്ട്രപതിയെയും പത്‌നിയേയും സ്വീകരിക്കാനെത്തിയിരുന്നു.
 
തുടര്‍ന്ന് പന്തലിലെത്തിയ ഉപരാഷ്ട്രപതിയെ ഫിഷറീസ് മന്ത്രി കെ.ബാബു, ബെന്നി ബഹ്നാന്‍ എം.എല്‍.എ, സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം.സി.ദിലീപ്കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ എന്നിവര്‍ സ്വീകരിച്ചു. തുടര്‍ന്ന്  തൊട്ടടുത്ത അതിഥി മുറിയില്‍ അല്പനേരത്തെ വിശ്രമത്തിനു ശേഷം 2.35 നാണ് ഉപരാഷ്ട്രപതി കോട്ടയത്തേക്കു യാത്രയായത്.
 
ഇന്ന് രാത്രി ഏഴിന് കോഴിക്കോടിന് യാത്രയാകുന്ന ഉപരാഷ്ട്രപതി 12ന് മലപ്പുറം മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം 11.30ന് തിരുവനന്തപുരത്തേക്ക് യാത്രയാകും. ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി തുടര്‍ന്ന് രാജ്ഭവനിലേക്കു പോകും. നാലിന് ടാഗോര്‍ തീയറ്ററില്‍ ശ്രീചിത്രതിരുനാള്‍ അവാര്‍ഡ് വിതരണത്തിനു ശേഷം വൈകിട്ട് അഞ്ചിന് ഹോട്ടല്‍ മസ്‌കറ്റില്‍ നടക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചുളള പുസ്തകം പ്രകാശനം ചെയ്യും.
 
13ന് രാവിലെ 10.45ന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടര്‍ മാര്‍ഗം വര്‍ക്കലയ്ക്കു തിരിക്കുന്ന ഉപരാഷ്ട്രപതി 12.15 വരെ ശിവഗിരി മഠത്തിലുണ്ടാകും. തുടര്‍ന്ന് തിരുവനന്തപുരത്തേക്കു മടങ്ങുന്ന അദ്ദേഹം വൈകിട്ട് മൂന്നിന് കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സാക്ഷരത മിഷന്റെ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യും. 4.20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വായുസേനയുടെ പ്രത്യേക വിമാനത്തില്‍ തലസ്ഥാനത്തേക്കു മടങ്ങും. 26 അംഗ സംഘമാണ് രാഷ്ട്രപതിക്കൊപ്പം കേരളത്തിലുളളത്.

English summary
Vice president M.Hamid Ansari Visit kerala
topbanner

More News from this section

Subscribe by Email