Tuesday November 13th, 2018 - 7:04:am
topbanner

പതിറ്റാണ്ടുകളിലെ അനുഷ്ഠാനമായി തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ വൃക്ഷത്തൈ നടീല്‍

fasila
പതിറ്റാണ്ടുകളിലെ അനുഷ്ഠാനമായി തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ വൃക്ഷത്തൈ നടീല്‍

പാലാ: നാടൊട്ടുക്ക് ഇന്ന് പരിസ്ഥിതിദിനം ആചരിക്കുമ്പോള്‍ ഈ കോലാഹലങ്ങള്‍ക്കൊക്കെമുമ്പെതന്നെ പതിറ്റാണ്ടുകളായി വൃക്ഷത്തൈ നടീല്‍ ഉഴവൂര്‍ തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ ഒരനുഷ്ഠാനമാണ്. ഓരോ വര്‍ഷവും മൂന്നില്‍ കുറയാത്ത വൃക്ഷത്തൈകള്‍ വീതമാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. ഭക്തിവിശ്വാസങ്ങള്‍ക്കൊപ്പം കാവ് സംരക്ഷിക്കാനുള്ള മുന്‍തലമുറയുടെ ദീര്‍ഘവീക്ഷണമാണിവിടെ അനുഷ്ഠാനമായി രൂപം പ്രാപിച്ചത്. ഉഴവൂര്‍ ടൗണിന് സമീപം കൊച്ചുകുന്നിന്‍ മുകളിലാണ് തച്ചിലംപ്ലാവ് സര്‍പ്പക്കാവ്. ഇവിടെ മുപ്പത് സെന്റോളം സ്ഥലത്താണ് ഇടതൂര്‍ന്ന വൃക്ഷങ്ങളും വള്ളിപ്പടര്‍പ്പുകളും ഉള്‍പ്പെട്ട സര്‍പ്പക്കാവും ഏറ്റുമാനൂര്‍ തേവരുടെ കൊട്ടാരവും.

കാലപ്പഴക്കത്താല്‍ കൊട്ടാരം ഇടിഞ്ഞുപൊളിഞ്ഞു ശോച്യാവസ്ഥയിലായെങ്കിലും സര്‍പ്പക്കാവിന്റെ തനിമയും ശാന്തതയും ഇനിയും നഷ്ടപ്പെട്ടിട്ടില്ല. എല്ലാവര്‍ഷവും മേടപ്പത്തിന് സര്‍പ്പങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്ന ചടങ്ങില്‍ നിരവധി ഭക്തര്‍ എത്താറുണ്ട്. മേടപ്പത്തിന് ശേഷം 41 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഇവിടെ പുതിയ വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുന്നത്. കുടുംബക്കാരണവരുടെ നേതൃത്വത്തിലാണ് വൃക്ഷത്തൈ നടീല്‍. കഴിഞ്ഞമൂന്നുപതിറ്റാണ്ടായി തച്ചിലംപ്ലാക്കല്‍ സി.കെ. കരുണാകരന്‍ നായരാണ് (കുഞ്ഞന്‍ നായര്‍) കുടുംബകാരണവരായി സര്‍പ്പപൂജയ്ക്കും തുടര്‍ന്നുള്ള അനുഷ്ഠാനമായ വൃക്ഷത്തൈ നടീലിനും നേതൃത്വം നല്‍കുന്നത്.

ഒറ്റമുണ്ടുടുത്ത് മേല്‍വസ്ത്രം ധരിക്കാതെ പ്രാര്‍ത്ഥനയോടെയാണ് വൃക്ഷത്തൈകള്‍ നടുന്നത്. ആദ്യം സര്‍പ്പക്കാവ് ഭൂമിയില്‍ തൊട്ടുതൊഴുത് പ്രവേശിച്ച് കുഴിയെടുക്കുന്നു. തുടര്‍ന്ന് ശുദ്ധജലം തളിച്ചശേഷമാണ് വൃക്ഷത്തൈകള്‍ നടുന്നത്. ശേഷവും ജലം ഒഴിക്കും. ഈ വര്‍ഷത്തെ വൃക്ഷത്തൈ നടീല്‍ ഇന്നലെയായിരുന്നു. ഇത്തവണ പരിസ്ഥിതി ദിനത്തിന്റെ തലേന്നുതന്നെ തച്ചിലംപ്ലാക്കല്‍ സര്‍പ്പക്കാവില്‍ വൃക്ഷത്തൈ നടീല്‍ നടന്നതും യാദൃശ്ചികതയായി. കഴിഞ്ഞ 30 വര്‍ഷമായി വൃക്ഷത്തൈ നട്ടുപോന്നിരുന്ന കുടുംബക്കാരണവര്‍ കരുണാകരന്‍ നായര്‍ക്ക് ഇത്തവണ ശാരീരിക അസ്വാസ്ഥ്യം മൂലം അനുഷ്ഠാനത്തിന് എത്താനായില്ല.

പകരം ഇദേഹത്തിന്റെ മകള്‍ ശ്രീജയുടെ മകന്‍ 10 വയസ്സുകാരന്‍ എസ്. അഭിനവ് കൃഷ്ണയാണ് തൈകള്‍ നട്ടത്. തേന്‍വരിക്കപ്ലാവ്, നാട്ടുമാവ്, നാഗലിംഗമരം, അത്തി, പേരാല്‍ വൃക്ഷങ്ങളുടെ തൈകളാണ് ഇത്തവണ പ്രാര്‍ത്ഥനാ പൂര്‍വ്വം നട്ടത്. മുന്‍ വര്‍ഷങ്ങളില്‍ നട്ട തൈകള്‍ ഇപ്പോള്‍ വലിയ മരങ്ങളായി മാറിയിട്ടുണ്ട്. ഭക്തിവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ചേര്‍ത്ത് കുടുംബക്കാര്‍ തച്ചിലംപ്ലാക്കല്‍ കാവ് സംരക്ഷിക്കുന്നുണ്ടെങ്കിലും വനംവകുപ്പിന്റെ കാവുസംരക്ഷണ ആനുകൂല്യങ്ങളൊന്നും ഇതേവരെ ഇവിടെ ലഭിച്ചിട്ടില്ല.

English summary
Uzhavoor Thachilamplakkal Sarppakavu
topbanner

More News from this section

Subscribe by Email