Sunday November 18th, 2018 - 2:27:pm
topbanner

ഉദുമ ബാങ്ക് തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി

princy
ഉദുമ ബാങ്ക് തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി

ഉദുമ:യു.ഡി.എഫിന്റെ കുത്തക ബാങ്കായ ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക്   തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 11 അംഗ ബാങ്ക് ഭരണസമിതിയാണ് നിലവിലുള്ളത്. ഇതില്‍ 6 ബോര്‍ഡംഗങ്ങള്‍ കോണ്‍ഗ്രസ്സിനും 5 അംഗങ്ങള്‍ മുസ്ലിംലീഗിനുമാണ്. നവംബര്‍ 25ന് നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പില്‍ ലീഗ് 5 സീറ്റിലും കോണ്‍ഗ്രസ് 6 സീറ്റിലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയാണ്.

ലീഗ് അവരുടെ 5 സ്ഥാനാര്‍ത്ഥികളെ നിയോഗിച്ചുവെങ്കിലും കോണ്‍ഗ്രസ് ഇതുവരെ ബാങ്ക് പരിധിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിപുലമായ കണ്‍വെന്‍ഷന്‍ പോലും വിളിച്ചുചേര്‍ക്കാതെ 25-ാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ 11 അംഗ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. ഉദുമ കോണ്‍ഗ്രസ് ഓഫീസില്‍ ചേര്‍ന്ന ബ്ലോക്ക്-മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചത് നിലവിലെ കോണ്‍ഗ്രസിലെ 6 ബാങ്ക് ഡയറക്ടര്‍മാരും മാറിനിന്ന് മറ്റുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ക്ക് അവസരമൊരുക്കണമെന്നതായിരുന്നു തീരുമാനം. ബാങ്ക് പരിധിയിലെ ഓരോ കോണ്‍ഗ്രസ് ബൂത്ത് കണ്‍വെന്‍ഷന്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനും നിലവിലെ കോണ്‍ഗ്രസ് ബാങ്ക് ഡയറക്ടര്‍മാരുടെ മനഃസ്ഥിതി അറിയുവാനുമാണ് 11 അംഗ കമ്മിറ്റിയെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തെരഞ്ഞെടുത്തത്. ഈ 11 അംഗ കമ്മിറ്റി നിലവിലെ ബാങ്ക് പ്രസിഡണ്ടും മുന്‍ ഡി.സി.സി. പ്രസിഡണ്ടുമായ അഡ്വ. സി.കെ. ശ്രീധരനെ സമീപിച്ചപ്പോള്‍ അദ്ദേഹം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിക്കുകയും സ്വയം മാറിനില്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മറ്റൊരു ഡി.സി.സി. ഭാരവാഹിയും നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ വിദ്യാസാഗര്‍ മത്സരരംഗത്ത് ഉറച്ച് നിന്നപ്പോള്‍ ഇത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തിന്റെ ലംഘനമാണെന്ന് പറഞ്ഞ് കൊണ്ട് സി.കെ. ശ്രീധരനും മത്സരരംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. നിലവിലെ ബോര്‍ഡ് മെമ്പര്‍മാരില്‍ നിന്ന് മറ്റുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ക്ക് വേണ്ടി അവസരം ഒരുക്കുവാന്‍ വേണ്ടി സ്വയം മാറിനിന്നത് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ഭാസ്‌കരന്‍ നായര്‍ മാത്രമായിരുന്നു. സി.കെ. ശ്രീധരന്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഡി.സി.സി. ഭാരവാഹിയായ വി.ആര്‍. വിദ്യാസാഗര്‍ വീണ്ടും മത്സരരംഗത്തേക്ക് വന്നത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ അവരുടെ മേഖലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗം വിളിക്കാതെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും ആ മേഖലകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

തീരദേശ മേഖല ഒരു കാലത്ത് യു.ഡി.എഫിന്റെ ശക്തിദുര്‍ഗമായിരുന്നു. ഈ മേഖലകളിലെ പ്രവര്‍ത്തകന്‍മാരും അവരുടെ കുടുംബാംഗങ്ങളും ഇന്ന് ബി.ജെ.പി.യിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ കോണ്‍ഗ്രസ് മത്സ്യത്തൊഴിലാളി കന്നഡ ന്യൂനപക്ഷമേഖലകളിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ക്ക് അവസരം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് അവശേഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാരും മറ്റു താവളങ്ങളിലേക്ക് ചേക്കേറുവാന്‍ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. പത്ത് വര്‍ഷത്തിലധികമായി മത്സരരംഗം ഇല്ലാത്ത ഉദുമ സര്‍വ്വീസ് സഹകരണ ബാങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ തന്നെ മത്സരരംഗത്ത് കടന്നുവരുന്നത് ഒഴിവാക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍മാര്‍ കെ.പി.സി.സി., ഡി.സി.സി. നേതൃത്വത്തോട് ആവശ്യപ്പെടുകയാണ്.

Read more topics: kasargod, Uduma, Bank Election
English summary
Uduma Bank Election created crisis in the Congress
topbanner

More News from this section

Subscribe by Email