Thursday November 15th, 2018 - 7:41:am
topbanner

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

NewsDesk
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

മൂന്നാര്‍: രാജാപ്പാറമെട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. രാജാപ്പാറമെട്ട് ജംഗിള്‍ പാലസ് റിസോര്‍ട്ട് ജീവനക്കാരനും, എസ്റ്റേറ്റ് സൂപ്പര്‍വൈസറുമായ കുമാര്‍ (43) ആണ് മരിച്ചത്.

കുമാറിന്റെ തലയില്‍ ആനയുടെ ചവിട്ടേറ്റാണ് കൊലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഭാര്യ കവിത, സഹപ്രവര്‍ത്തകന്‍ സുരുളി എന്നിവര്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു. തമിഴ്നാട് ബോഡിനായ്ക്കന്നൂരില്‍ പോയി ട്രിപ്പ് ജീപ്പില്‍ മടങ്ങിയെത്തിയ മൂവരും പൂപ്പാറ -കുമളി സംസ്ഥാന പാതയിലെ രാജാപ്പാറ കവലയില്‍ ഇറങ്ങി രണ്ടര കിലോമീറ്റര്‍ അകലെയുള്ള താമസസ്ഥലത്തേക്ക് നടന്ന് പോകുമ്പോഴാണ് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്.

കൂരിരുട്ടും മൂടല്‍മഞ്ഞും മഴയും കാരണം മുന്നോട്ടുള്ള കാഴ്ച്ച വ്യക്തമായിരുന്നില്ല. കുമാറാണ് ടോര്‍ച്ച് തെളിച്ച് മുമ്പില്‍ നടന്നത്. ഈ സമയം വഴിവക്കില്‍ നില്‍ക്കുകയായിരുന്ന ആന ഇവര്‍ക്ക് നേരെ പാഞ്ഞടുത്തു. കവിതയും സുരുളിയും തിരിഞ്ഞോടി സമീപത്തെ വീട്ടില്‍ അഭയം തേടിയെങ്കിലും മുമ്പിലുണ്ടായിരുന്ന കുമാറിന് രക്ഷപെടാനായില്ല.

ഇയാള്‍ കുറ്റിച്ചെടികള്‍ നിറഞ്ഞ ഭാഗത്തേയ്ക്ക് ഓടിമാറിയെങ്കിലും ആനഅടിച്ച് വീഴ്ത്തിയശേഷം തലയില്‍ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. കുമാറിന്റെ വലത് കാലിന് ഒടിവും സംഭവിച്ചിട്ടുണ്ട്. പാറക്കെട്ടുകളും കുറ്റിക്കാടും നിറഞ്ഞമലഞ്ചെരിവില്‍ മൊബൈല്‍ ഫോണ്‍ കവറേജ് ഇല്ലാത്തതിനാല്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് കുമാറിനെ ബന്ധപ്പെടാനും സാധിച്ചില്ല. നാട്ടുകാര്‍ സംഘടിച്ച് എത്തിയപ്പോഴേക്കും കൊലപാതകം നടത്തിയ ആന സ്ഥലം വിട്ടിരുന്നു.

നടന്നുപോയ റോഡില്‍ നിന്ന് അല്‍പം മാറി കുറ്റിക്കാട്ടില്‍ കുമാറിന്റെ മൃതദേഹവും കണ്ടെത്തി. വനംവകുപ്പ് പൊന്മുടി സെക്ഷന്‍ ഫോറസ്റ്റര്‍ കെ.ഡി. അനില്‍കുമാര്‍, ബോഡിമെട്ട് സെക്ഷന്‍ ഫോറസ്റ്റര്‍ കെ.കെ. വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ വനപാലകസംഘവും രാത്രിതന്നെ സ്ഥലത്തെത്തി.

ഇന്നലെ രാവിലെ എട്ട് മണിയോടെ ദേവികുളം റേഞ്ച് ഓഫീസര്‍ നിബു കിരണ്‍, ശാന്തന്‍പാറ എസ്.ഐ. ബി. വിനോദ്കുമാര്‍ എന്നിവരുടെ നേൃത്വത്തില്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം തമിഴ്നാട്ടില്‍ സംസ്‌കരിച്ചു. കല്ലുപാലം വിജയമാത പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രിയദര്‍ശിനി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി രശ്മി എന്നിവരാണ് മക്കള്‍. ഇടുക്കിയില്‍ രണ്ടുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് കുമാര്‍.

Read more topics: idukki, elephant, killed,
English summary
The resort worker was killed in the forest idukki
topbanner

More News from this section

Subscribe by Email