തൃശൂര്‍: സുഹൃത്തിന്റെ കുത്തേറ്റ് പിഞ്ചു കുഞ്ഞുങ്ങളുമായി ബൈക്കില്‍ യാത്ര ചെയ്തിരുന്ന അയല്‍വാസി റോഡില്‍ മരിച്ച സംഭവാത്തിലെ പ്ര തിയെ വടക്കാഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. തണ്ടിലം പടിഞ്ഞാറൂട്ട് കൃഷ്ണന് മകന് ശാന്തിനികേതന്‍ (51, ശാന്തിനി) ആണ് കഴുത്തില്‍ കുത്തേറ്റ് രക്തംവാര്‍ന്ന് മരിച്ചത്.
കൃത്യം കഴിഞ്ഞ് എരുമപ്പെട്ടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കുറുവന്നൂര് ചീനക്കവളപ്പില് മുല്ലന് മകന് രാജനെയാണ് ഇന്ന് കോടതി റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. ശാന്തിനികേതനും രാജനും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അമിതമായ മദ്യപാനത്താല്‍ രാജന് നാളേറെയായി മാനസികനില തെറ്റിയ അവസ്ഥയിലായിരുന്നു.
ശാന്തിനികേതന്‍ തന്റെ മകളുടെ ഒന്നര വയസും നാലു വയസുമുള്ള കുട്ടികളുമായി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ സുഹൃത്തായ രാജന് തടഞ്ഞുനിര്‍ത്തി മറച്ചുവച്ചിരുന്ന കത്തികൊണ്ട് ശാന്തിനിയുടെ കഴുത്തില്‍ ആഞ്ഞുകുത്തുകയായിരുന്നു. രക്തം വാര്‍ന്ന് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ ശാന്തിനിയെ നാട്ടുകാര്‍ ആക്ട്സിന്റെ വാഹനത്തില്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയില്‍ എത്തുംമുന്‍പെ മരണപ്പെടുകയായിരുന്നു.
അമിതമായ മദ്യപാനംകൊണ്ട് മാനസികാവസ്ഥ തകരാറിലായ രാജന് കുറെ കാലങ്ങളായി ചികിത്സയിലാണ്. മദ്യപാനംകൊണ്ട് കുടുംബം തകര്‍ന്ന രാജന്റെ വീട്ടില്‍ അമ്മ മാത്രമാണ് ഉള്ളത്. തൃശൂര്‍ അമല ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ശാന്തിനികേതന്റെ മൃതദേഹം പോലീസ് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. തൊഴില്‍ സ്ഥലത്തെ തര്‍ക്കമാണ് തന്നെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് രാജന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുന്നംകുളം അസി. കമ്മിഷണര്‍ പി. വിശ്വംഭരന്, എരുമപ്പെട്ടി എസ്.ഐ. സുബിന്ത്, അഡീഷണല്‍ എസ്.ഐ. വി.ജെ. ജോണ്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ക്ക് നേതൃത്വം നല്കി.