Thursday November 15th, 2018 - 10:30:pm
topbanner

സിഐടിയു വിട്ട് ബിഎംഎസില്‍ ചേര്‍ന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തിയെ പിരിച്ചുവിട്ടതായി ആരോപണം

fasila
സിഐടിയു വിട്ട് ബിഎംഎസില്‍ ചേര്‍ന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തിയെ പിരിച്ചുവിട്ടതായി ആരോപണം

തളിപ്പറമ്പ്: സിഐടിയു വിട്ട് ബിഎംഎസില്‍ ചേര്‍ന്ന തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തിയെ പിരിച്ചുവിട്ടതായി ആരോപണം. കഴിഞ്ഞ നാലിനാണ് തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം മേല്‍ശാന്തി പട്രോട്ടത്തില്ലത്ത് ഹരിദാസന്‍ നമ്പൂതിരിയെ പിരിച്ചുവിട്ടുകൊണ്ട് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി ഉത്തരവ് നല്‍കിയത്.

16 വര്‍ഷമായി ക്ഷേത്രം മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചുവരികയാണ് ഇദ്ദേഹം. ഒഴിവാക്കല്‍ ഉത്തരവിനെതിരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ്-ബിഎംഎസ്- പ്രക്ഷോഭത്തിലേക്ക്. നിയമമാര്‍ഗ്ഗത്തിലൂടെയും പ്രത്യക്ഷ സമരത്തിലൂടെയും മേല്‍ശാന്തിയെ തിരിച്ചെടുക്കുംവരെ പോരാടുമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് സംഘ് -ബിഎംഎസ് സെക്രട്ടെറി എ.പി.കെ.വിനോദ് പത്രക്കുറിപ്പില്‍ അറിയിച്ചു.

സംഭവം വിവാദമായതോടെ ദേവസ്വം അധികൃതര്‍ ഇന്ന് ബിഎംഎസിനെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ക്ഷേത്രദര്‍ശനത്തിനെത്തിയ ഒരു ഭക്തന്റെ കയ്യില്‍ ജൂലായ് 22 ന് ദേവസ്വം അധീനതയിലുള്ള പൊന്നിന്‍കുടം നല്‍കി അയാളെക്കൊണ്ട് വഴിപാട് കഴകം ചെയ്യിച്ചു, മെയ് 22ന് ക്ഷേത്രശ്രീലകത്ത് ആചാരവിരുദ്ധമായി നിലവിളക്ക് കത്തിച്ചുവെച്ചു, നവമാധ്യമങ്ങളിലൂടെ തന്ത്രി, ക്ഷേത്രം ഭരണാധികാരികള്‍ എന്നിവര്‍ക്ക് അവമതിപ്പുണ്ടാക്കുന്ന പ്രചാരണം നടത്തി എന്നീ കുറ്റങ്ങളാണ് മേല്‍ശാന്തിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.

എന്നാല്‍ മേല്‍ശാന്തി സിഐടിയു യൂണിയന്‍ വിട്ട് ബിഎംഎസ് യൂണിയനില്‍ ചേരുകയും ബിഎംഎസ് കഴിഞ്ഞ അഞ്ചിന് നടത്തിയ രാമായണസപര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച് നോട്ടീസില്‍ പേര് വെക്കുകയും ചെയ്തതാണ് ജോലിയില്‍ നിന്ന് നീക്കംചെയ്യാന്‍ കാരണമെന്നും ബിഎംഎസ് ആരോപിച്ചു.

പാരമ്പര്യ ജീവനക്കാരനെ കൊണ്ട് കഴക ജോലി ചെയ്യിച്ചതും, ക്ഷേത്രത്തില്‍ വൈദ്യുതി നിലച്ചപ്പോള്‍ നിലവിളക്ക് കത്തിച്ചുവെച്ചതുമാണ് ആരോപണങ്ങളായി ഉന്നയിച്ചിരിക്കുന്നതെന്നും ബിഎംഎസ് കുറ്റപ്പെടുത്തി. അതേസമയം മേല്‍ശാന്തിയെ പിരിച്ചുവിട്ടുവെന്ന ആരോപണം ശരിയല്ലെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി അറിയിച്ചു.

ക്ഷേത്രം മേല്‍ശാന്തിയായ പട്രോട്ടത്തില്ലത്ത് അഗ്നിശര്‍മ്മന്‍ നമ്പൂതിരിയുടെ പകരക്കാരനായിട്ടാണ് ഹരിദാസന്‍ നമ്പൂതിരി മേല്‍ശാന്തിയുടെ ജോലികള്‍ താല്‍ക്കാലികമായി നിര്‍വ്വഹിക്കുന്നതെന്നും, ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി നിരവധി പരാതികള്‍ ലഭിച്ചതിനാല്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു.

ക്ഷേത്രം തന്ത്രിയെയും ഭരണാധികാരികളേയും നവമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചതായി രേഖാമൂലം പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം ചോദിക്കുകയും ആവശ്യമായ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തശേഷമാണ് ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയതെന്നും എക്‌സിക്യുട്ടീവ് ഓഫീസര്‍ പറഞ്ഞു.

English summary
Taliparamba rajarajeshwara temple Melshandhi dismissed allegation
topbanner

More News from this section

Subscribe by Email