Sunday November 18th, 2018 - 10:02:pm
topbanner

ദേശീയപാതയില്‍ സുരക്ഷാസംവിധാനങ്ങളൊരുക്കാന്‍ ധനസഹായം: മന്ത്രി ഇബ്രാഹിംകുഞ്ഞ്

NewsDesk
ദേശീയപാതയില്‍ സുരക്ഷാസംവിധാനങ്ങളൊരുക്കാന്‍  ധനസഹായം: മന്ത്രി ഇബ്രാഹിംകുഞ്ഞ്

തളിപ്പറമ്പ് ദേശീയപാതയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന്റെ ധനസഹായം ലഭ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. ദേശീയപാത 17 ല്‍ ചിറവക്ക് മുതല്‍ പൂക്കോത്ത് നട വരെയുള്ള ഭാഗം വീതികൂട്ടി മെക്കാഡം ടാറിങ് ചെയ്ത് നവീകരിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

തളിപ്പറമ്പ് ടൗണിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ചിറവക്ക് മുതല്‍ പൂക്കോത്ത് നട വരെയുള്ള വീതികുറഞ്ഞ ഭാഗത്ത് ഏറെക്കാലമായി ഗതാഗതകുരുക്ക് അനുഭവപ്പെടുകയായിരുന്നു. ഇതിന് പരിഹാരം കാണാനാണ് 4 കോടി രൂപ ചെലവില്‍ 1400 മീറ്റര്‍ നീളത്തില്‍ പാത നവീകരിച്ചത്.

പാതയോടനുബന്ധിച്ച് വാഹന പാര്‍ക്കിങ്ങിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നേരത്തേ 7 മുതല്‍ 9 മീറ്റര്‍ വരെ മാത്രം വീതിയുണ്ടായിരുന്ന റോഡ് ഇരുവശങ്ങളിലും വീതികൂട്ടി 15 മീ. ആക്കിയാണ് മെക്കാഡം ടാറിങ് ചെയ്തത്.

നിശ്ചിത സ്ഥാനങ്ങളില്‍ സംരക്ഷണഭിത്തികള്‍, കലുങ്കുകള്‍, ഓവുചാല്‍, നടപ്പാത തുടങ്ങിയവയും നിര്‍മിച്ചു. ഡിവൈഡര്‍ ഉള്‍പ്പെടെയുള്ള റോഡ് സുരക്ഷാസംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജെയിംസ് മാത്യു എംഎല്‍എ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നഗര സഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദ്, വൈസ് ചെയര്‍പേഴ്‌സണ്‍ വത്സല പ്രഭാകരന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ അഫ്‌സത്ത്, റംല പക്കര്‍, എം കെ മനോഹരന്‍, കൗണ്‍സിലര്‍മാരായ കെ മുരളീധരന്‍, വി വി കുഞ്ഞിരാമന്‍, കെ നിഷ തുടങ്ങിയവരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സംസാരിച്ചു.

കണ്ണൂര്‍ ദേശീയപാത വിഭാഗം എക്‌സി. എന്‍ജിനീയര്‍ പി കെ മിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൂപ്രണ്ടിങ് എന്‍ജിനീയര്‍ സി എം മുഹമ്മദ് ബഷീര്‍ സ്വാഗതവും അസി. എക്‌സി.എന്‍ജിനീയര്‍ സുനില്‍ കൊയിലേരിയന്‍ നന്ദിയും പറഞ്ഞു.

English summary
Taliparamba 4 lane road inauguration V.K.Ibrahim Kunju minister
topbanner

More News from this section

Subscribe by Email