Saturday April 20th, 2019 - 2:07:pm
topbanner
topbanner

ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം: മന്ത്രി ജി.സുധാകരന്‍

suvitha
ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകണം: മന്ത്രി ജി.സുധാകരന്‍

പത്തനംതിട്ട: ഇഷ്ടമുള്ള വിഷയങ്ങള്‍ തിരഞ്ഞെടുത്ത് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ടാകുന്ന തരത്തില്‍ വിദ്യാഭ്യാസ രംഗത്ത് മാറ്റമുണ്ടാകണമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന മികവരങ്ങ് പരിപാടി കോഴഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണമടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണം ശ്രദ്ധേയമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലെയുള്ള പദ്ധതികള്‍ ഇതിനുദാഹരണമാണ്. ഒരുകാലത്ത് ഏറെ പരിതാപകരമായിരുന്ന വിദ്യാഭ്യാസരംഗം ഇന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ വിദ്യാര്‍ഥികളുടെ അഭിരുചി അറിഞ്ഞ് അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലേക്ക് വിദ്യാഭ്യാസരംഗം മാറ്റപ്പെട്ടിട്ടില്ല. ധനസമ്പാദത്തിനുള്ള കേവലമാര്‍ഗങ്ങളല്ല വിദ്യാഭ്യാസം. പണസമ്പാദനത്തിനുള്ള മാര്‍ഗമായി മാത്രം വിദ്യാര്‍ഥികളെ മെഡിസിനും എന്‍ജിനിയറിംഗിനും അയയ്ക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ഇന്ന് പൊതുസമൂഹം അഭിമൂഖീകരിച്ചുകൊണ്ടിരിക്കുകയാണ്.

മെഡിക്കല്‍ എത്തിക്‌സ് മറന്നുപോകുന്ന ഡോക്ടര്‍മാര്‍ ഉണ്ടായത് ഇത്തരം ദുഷ്പ്രവണതയുടെ ഫലമാണ്. ഇത് മാറണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തില്‍ മൂല്യബോധം വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്. പരിതാപകരമായ അന്തരീക്ഷത്തില്‍ നിന്ന് പഠിച്ചുയര്‍ന്ന മുന്‍ രാഷ്ട്രപതിമാരായ കെ.ആര്‍ നാരായണനെയും ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനെയും വിദ്യാര്‍ഥി സമൂഹം മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. വിവിധ സ്‌കൂളുകളില്‍ നിന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെയും ഡിഗ്രിക്ക് റാങ്ക് നേടിയവരെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ മുഖ്യപ്രഭാഷണം നടത്തി.

ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ.അനന്തഗോപന്‍, സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ.പത്മകുമാര്‍, കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്, സി.പി.ഐ (എം) ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ കമ്മിറ്റി അംഗം വി.കെ പുരുഷോത്തമന്‍പിള്ള, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാം മോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി.ഈശോ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ എന്‍.സജികുമാര്‍, ആര്‍.അജയകുമാര്‍, വിക്ടര്‍ ടി.തോമസ്, ജോര്‍ജ് കുന്നപ്പുഴ തുടങ്ങിയവര്‍ പങ്കെടുത്തു. കൊല്ലം സബ് കളക്ടര്‍ ഡോ.എസ്.ചിത്ര, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുമാരി ഐശ്വര്യ സാഗര്‍ എന്നിവര്‍ നയിച്ച മോട്ടിവേഷന്‍ ക്ലാസ് ചടങ്ങിന് മുന്നോടിയായി നടന്നു.

English summary
Students must have an opportunity to select topics that are of interest: Minister G Sudhakaran
topbanner

More News from this section

Subscribe by Email