topbanner
Saturday November 25th, 2017 - 10:50:am
topbanner
Breaking News

വിദ്യാലയങ്ങളുടെ പശ്ചാത്തല അക്കാദമിക നിലവാരമുയർത്താൻ ശക്തമായ ഇടപെടൽ ലക്ഷ്യം: മുഖ്യമന്ത്രി

suvitha
വിദ്യാലയങ്ങളുടെ പശ്ചാത്തല അക്കാദമിക നിലവാരമുയർത്താൻ ശക്തമായ ഇടപെടൽ ലക്ഷ്യം: മുഖ്യമന്ത്രി

കണ്ണൂർ: കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യങ്ങളും അക്കാദമിക് നിലവാരവും കാലാനുസൃതമായി ഉയർത്താനുളള ശക്തമായ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുളള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖല.

എന്നാൽ ഇന്ന് പരിശോധിക്കുമ്പോൾ കാലാനുസൃതമായ ആധുനിക സാങ്കേതിക സൗകര്യങ്ങളുടെയും നിലവാരത്തിന്റെയും കാര്യത്തിൽ ചില ദൗർബല്യങ്ങൾ ഉണ്ടെന്ന് കാണാനാവും. ഇൗ കുറവുകൾ പരിഹരിച്ച് വിദ്യാഭ്യാസ മേഖലയെ കൂടുതൽ ഒൗന്നത്യത്തിലേക്ക് ഉയർത്താൻ കഴിയണം. അതിന്റെ ഭാഗമായാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിച്ചത്. പൊതു വിദ്യാലയങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് സർക്കാർ സമീപനം. പൊതു വിദ്യാലയമെന്നാൽ സർക്കാർ സ്കൂളുകൾ മാത്രമല്ല എയ്ഡഡ് സ്കൂളുകളുമുണ്ട്. അവയും സംരക്ഷിക്കപ്പെടണം.

സർക്കാർ സ്കൂളുകളുടെ നിലവാരമുയർത്താനുളള പ്രവർത്തനങ്ങൾക്ക് സർക്കാർ ആദ്യമേ ഫണ്ട് നൽകും. മികച്ച സാമ്പത്തിക ശേഷിയുളള കോർപ്പറേറ്റ് മാനേജ്മെന്റുകളും ഇൗ രംഗത്തുണ്ട്. അവക്ക് സർക്കാർ ഫണ്ട് നൽകില്ല. എന്നാൽ സാമ്പത്തിക ശേഷിയില്ലാത്ത ഒറ്റ സ്കൂൾ മാനേജ്മെന്റുകളാണ് ധാരാളം. ഇവയുടെ കാര്യത്തിൽ മാനേജ്മെന്റുകളും പിടി എ യും പൂർവ്വ വിദ്യാർത്ഥി സംഘടനകളും തദ്ദേശ സ്ഥാപനങ്ങളും നാട്ടുകാരും കൈകോർത്ത് വിഭവ സമാഹരണം നടത്തണം. എം എൽ എ-എം പി ഫണ്ടും ഉപയോഗപ്പെടുത്താനാവും. ഇതെല്ലാം ഇത്തരം സ്കൂളുകളെ നിലനിർത്താനാണ്. വിദ്യാലയങ്ങൾ നാടിന്റെ ഒരു പരിഛേദമാണ് - മുഖ്യമന്ത്രി പറഞ്ഞു.

ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംഭാവന വാഗ്ദാനം ചെയ്തവരിൽ നിന്ന് മുഖ്യമന്ത്രി തുക ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. കെ കെ രാഗേഷ് എം പി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ജില്ലാ പഞ്ചായത്ത് അംഗം പി ഗൗരി, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ ആശംസ നേർന്നു. സ്കൂൾ വികസന സമിതി ചെയർമാൻ പി ബാലൻ സ്വാഗതവും പ്രിൻസിപ്പൽ എൻ ഉത്തമൻ നന്ദിയും പറഞ്ഞു.

English summary
Strong intervention to increase the background academic standards of schools: CM
topbanner topbanner

More News from this section

Subscribe by Email