Wednesday April 24th, 2019 - 3:43:am
topbanner
topbanner

വയനാട്ടിൽ പൂക്കൃഷിക്കായി പ്രത്യേക കാർഷിക മേഖല രൂപപ്പെടുത്തും: പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ

suvitha
വയനാട്ടിൽ പൂക്കൃഷിക്കായി പ്രത്യേക കാർഷിക മേഖല രൂപപ്പെടുത്തും:  പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ

വയനാട്: വയനാടിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പൂക്കൃഷിക്കായി പ്രത്യേക കാർഷിക മേഖല രൂപപ്പെടുത്തുമെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ പറഞ്ഞു. സർക്കാർ ആരംഭിക്കുന്ന പ്രത്യേക കാർഷികമേഖലാ പദ്ധതിയുടെ ജില്ലാ ആസൂത്രണ ഭവനിൽ നടന്ന പ്രാരംഭ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ പൂക്കൃഷിയുടെ സാധ്യതകൾ ആരായാനും പ്രാരംഭ ചർച്ചകൾക്ക് തുടക്കമിടാനുമായാണ് ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുതലവൻമാരുടെ ഉന്നതതല യോഗം വിളിച്ചത്. വയനാട്ടിലെ ചില ഭാഗങ്ങൾ പൂക്കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

വിളകൾക്കുവേണ്ടി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ആ സ്ഥലങ്ങളെ ഉൾക്കൊള്ളിച്ച് സർക്കാരിന്റെ നിലവിലുള്ള വിവിധ പദ്ധതികളുടെയും വിപണിയുടെയും ശേഖരണസംവിധാനങ്ങളുടെയും സംയോജനം ഒരുക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രരംഭഘട്ടത്തിൽ 1000 ഏക്കർ സ്ഥലത്തെങ്കിലും പൂക്കൃഷി വ്യാപിപ്പിക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് ഉപാധ്യക്ഷൻ വി.കെ.രാമചന്ദ്രൻ പറഞ്ഞു. കൂടുതൽ ഉൽപ്പാദനം, കൂടുതൽ ലാഭം, പ്രകൃതിക്കിണങ്ങിയ കൃഷിരീതി എന്നിവ മുറുകെപ്പിടിച്ചുകൊണ്ടുള്ള സുസ്ഥിരമായ കൃഷിയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുകയെന്നും ഉപാധ്യക്ഷൻ വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്കിലുള്ള ബത്തേരി, നെൻമേനി, അമ്പലവയൽ, നൂൽപ്പുഴ, മീനങ്ങാടി പഞ്ചായത്തുകളും പനമരം ബ്ലോക്കിലുള്ള മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളും, പ്രിയദർശിനി എസ്റ്റേറ്റിനെയും മേഖലയിൽ ഉൾപ്പെടുത്തുന്നതുസംബന്ധിച്ച് ചർച്ചകൾ നടന്നു. ഏകദേശം 1000 ഏക്കർ പ്രദേശത്തെങ്കിലും പ്രാരംഭഘട്ടത്തിൽ കൃഷി ആരംഭിക്കാനാവണമെന്ന് യോഗം വിലയിരുത്തി. കർഷകർക്ക് കൂടുതൽ ലാഭം നൽകുന്നതും വയനാട്ടിലെ മഴക്കുറവിന്റെ പശ്ചാത്തലത്തിൽ വളർത്താവുന്നതുമായ ഇനങ്ങൾ കണ്ടെത്തി ആവശ്യമായ വിത്തിനങ്ങൾ എത്തിക്കുന്നതിന് അമ്പലവയലിലെ റീജിയണൽ അഗ്രിക്കൾച്ചർ റിസർച്ച് സ്റ്റേഷൻ റിസർച്ച് അസോസിയേറ്റ് ഡയറക്ടർ എൻ.കെ.രാജേന്ദ്രനെ യോഗത്തിൽ ചുമതലപ്പെടുത്തി.

മേഖലക്കാവശ്യമായ കൃഷി സ്ഥലം കണ്ടെത്തുക, കൃഷിക്കാരെ കണ്ടെത്തി കർഷകർക്കുള്ള ഹെൽത്ത് കാർഡ് വിതരണം പൂർത്തിയാക്കുക, പദ്ധതിയുടെ ഏകോപനം നടത്തുക തുടങ്ങിയ ചുമതല നിർവഹിക്കാനായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഒാഫീസറെ ചുമതലപ്പെടുത്തി. പദ്ധതിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി സെപ്റ്റംബർ 20ന് ആസൂത്രണ ബോർഡിന് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തണുപ്പുള്ള ഉയർന്ന പ്രദേശം, സബ് ട്രോപ്പിക്കൽ കാലവാസ്ഥ, ഇടത്തരം, ചെറുകിട കർഷകരുടെ സാന്നിധ്യം, കേരളത്തിലെമ്പാടുമുള്ള പൂ വിപണി, ഉയർന്ന വരുമാനം എന്നിവയാണ് ജില്ലയിൽ പൂക്കൃഷിക്ക് അനുയോജ്യമാക്കുന്ന ഘടകങ്ങളെന്ന് യോഗത്തിൽ കൃഷി ശാസ്ത്രങ്ഞരും ഗവേഷകരും അഭിപ്രായപ്പെട്ടു.

കൃഷിക്കാവശ്യമായ ജലസേചനം, വിളഞ്ഞ പൂക്കളുടെ ശേഖരിക്കൽ, വിപണി കണ്ടെത്തി വിറ്റഴിക്കൽ എന്നിവയ്കകായി പ്രായോഗികമായ സംവധാനം നടപ്പാക്കുമെന്ന് ആസൂത്രണ ബോർഡ് അംഗം ഡോ.ആർ.രാമകുമാർ പറഞ്ഞു. ജെർബെറ, ഒാർക്കിഡ്, മുല്ലപ്പൂ, ഹെലിക്കോണിയ തുടങ്ങിയുള്ള ഇനങ്ങൾ ഇവിടെ അനുയോജ്യമാണെന്ന് യോഗം വിലയിരുത്തി. ഒക്ടോബർ , നവംബർ മാസത്തോടെ കൃഷി ആരംഭിച്ച് വരുന്ന ഏപ്രിലിൽ വിളയെടുക്കുന്ന വിധത്തിൽ പ്രാരംഭ ഘട്ടം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹൈടെക്ക് ഫ്ളോറി വില്ലേജുകൾ തന്നെ രൂപപ്പെടുത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. യോഗത്തിൽ ജില്ലാ കളക്ടർ എസ്.സുഹാസ് ആധ്യക്ഷ്യത വഹിച്ചു. എ.ഡി.എം. കെ.എം.രാജു, പ്രിൻസിപ്പൽ അഗ്രക്കൾച്ചർ ഒാഫീസർ ഷാജൻ തോമസ്, ജില്ലാ പ്ലാനിങ് ഒാഫീസർ എൻ.സോമസുന്ദരലാൽ, ബന്ധപ്പെട്ട വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു.

 

English summary
Special agriculture for the cultivation of flowers in Wayanad: Planning Board Vice Chairman
topbanner

More News from this section

Subscribe by Email