Tuesday May 21st, 2019 - 4:51:pm
topbanner
topbanner

വര്‍ക്കല; ഓട്ടോ ഡ്രൈവര്‍ കൈയ്യേറ്റം ചെയ്തതായി റഷ്യന്‍ വനിത

NewsDesk
വര്‍ക്കല; ഓട്ടോ ഡ്രൈവര്‍ കൈയ്യേറ്റം ചെയ്തതായി റഷ്യന്‍ വനിത

നേരത്തേ ബുക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ കയറാനെത്തിയ റഷ്യൻവനിതയെ മറ്റൊരു ഓട്ടോഡ്രൈവർ കയ്യേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തതായി പരാതി. സൈബീരിയ സ്വദേശിനികളായ ഇറീന സികീന (Irena Zykina)യും നടാലിയ (Natalia) എന്നിവർ ഇതിനെതിരെ പരാതിയുമായി കേരള വനിതാക്കമ്മിഷനിൽ എത്തി. പരാതി രജിസ്റ്റർ ചെയ്ത കമ്മിഷൻ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനു നിർദ്ദേശം നൽകി.

കഴിഞ്ഞ വെള്ളിയാഴ്ച വർക്കലയിലാണു സംഭവം ഉണ്ടായത്. രാവിലേ തിരുവനന്തപുരത്തേക്കു പോകാൻ നേരത്തെ ഒരു ഓട്ടോറിക്ഷ ബുക്കു ചെയ്തിരുന്നു. അതിൽ കയറാനായി തിരുവമ്പാടി ഓട്ടോ സ്റ്റാന്റിൽ വന്ന ഇറീനയെ ജലാലുദീൻ എന്ന മറ്റൊരു ഓട്ടോഡ്രൈവർ തടഞ്ഞുനിർത്തുകയും അയാളുടെ ഓട്ടോറിക്ഷയിൽ കയറണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു വിസമ്മതിച്ച ഇറീനയെ അയാൾ പുലഭ്യം പറയുകയും ഒച്ചത്തിൽ വഴക്കുണ്ടാക്കുകയും ചെയ്തു.

അതുകൂട്ടാക്കാതെ മുന്നോട്ടു നീങ്ങിയ എറീനയെ ഇയാൾ ഇടിച്ചെന്നാണു പരാതി. ഇടി ദേഹത്തേൽക്കാതെ തടയാൻ ശ്രമിച്ച അവരുടെ സന്ധിവാതം ബാധിച്ച വിരലുകൾക്കു പരിക്കേറ്റു. പിന്നെയും ജലാലുദീൻ പലതവണ ഇടിക്കാൻ ശ്രമിച്ചെന്ന് ഇറീന കമ്മിഷനുദ്യോഗസ്ഥരോടു പറഞ്ഞു.

സംഭവത്തെപ്പറ്റി പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ശനിയാഴ്ച ഇവരെ സ്റ്റേഷനിൽ വിളിപ്പിക്കുകയും ഒത്തുതീർപ്പിനുള്ള സാദ്ധ്യത ആരായുകയും ചെയ്തത്രേ. സംഭവം നടന്ന സ്ഥലത്തുവച്ചു പരസ്യമായി മാപ്പു പറഞ്ഞാൽ കേസു പിൻവലിക്കാമെന്ന് ഇറീന പറഞ്ഞു. എന്നാൽ പ്രതി ഇതിനു കൂട്ടാക്കിയില്ല. ഒരു ചെറിയ ടൂറിസം സീസണല്ലേ ഇവർക്കുള്ളൂ എന്ന് ഓട്ടോക്കാരുടെ കൊള്ളയെ പൊലീസ് ന്യായീകരിക്കാൻ ശ്രമിച്ചത്രേ. ഈ നിലപാടുകളും പൊലീസ് കേസെടുക്കാൻ വൈകുന്നു എന്ന സംശയവുമാണ് ഇവരെ കമ്മിഷനിൽ പരാതി നൽകാൻ പ്രേരിപ്പിച്ചത്.

കമ്മിഷൻ ഉടൻതന്നെ വർക്കല പൊലീസുമായി ബന്ധപ്പെട്ടു. ഇൻഡ്യൻ ശിക്ഷാനിയമം 323, 341, 394(ബി), 354 എന്നീ വകുപ്പുകൾ പ്രകാരം 167/2016 നമ്പരായി കേസ് എടുത്തതായി പൊലീസ് അറിയിച്ചു. എത്രയ്മ് വേഗം അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾ ആരംഭിക്കാൻ കമ്മിഷൻ വർക്കല എസ്ഐക്കു നിർദ്ദേശം നൽകി.

അഞ്ചു വർഷമായി പതിവായി കേരളത്തിൽ വരുന്നയാളാണു താനെന്നും തിരുവനന്തപുരത്തും ഫോർട്ട് കൊച്ചിയിലും കോവളത്തും ഒന്നും ഉണ്ടാകാത്ത അനുഭവമാണു പലപ്പോഴും വർക്കലയിൽ ഉണ്ടായിട്ടുള്ളതെന്നും ഇറീനയോടൊപ്പം ഉണ്ടായിരുന്ന നടാലിയ പറഞ്ഞു. “സാധാരണ ഓട്ടോറിക്ഷാക്കൂലിയുടെ മൂന്നും നാലും ഇരട്ടിയാണു വർക്കലയിലെ ഡ്രൈവർമാർ വാങ്ങുന്നത്. കൊടുക്കാൻ വിസമ്മതിച്ചാൽ ഒച്ചത്തിൽ വഴക്കും ഭീഷണിയും മുഴക്കും” അവർ കൂട്ടിച്ചേർത്തു. ഇതേ ഡ്രൈവർ മുമ്പൊരിക്കൽ തങ്ങളെ അപകടപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായി അവർ പറഞ്ഞു.

“റഷ്യയിൽനിന്നു വരുന്ന ഞങ്ങളാരും പണക്കാരല്ല. രണ്ടുമാസത്തിനിടെ ഞങ്ങളുടെ നാണ്യത്തിന്റെ വില ഇൻഡ്യൻ രൂപയെ അപേക്ഷിച്ചു 40 ശതമാനമാണ് ഇടിഞ്ഞത്. ആർഭാടമായി ജീവിക്കാൻ പാങ്ങുള്ളവരൊന്നുമല്ല ഞങ്ങൾ. ഈ ഓട്ടോക്കാരെക്കാൾ ഏറേയെന്നും മെച്ചമല്ല പല ടൂറിസ്റ്റുകളുടെയും സ്ഥിതി എന്നു മനസിലാക്കണം” നടാലിയ വികാരവിക്ഷോഭത്തോടെ പറഞ്ഞു. വർക്കലയെക്കുറിച്ച് ഇങ്ങനെയൊരു പ്രതിച്ഛായ ലോകമറിഞ്ഞാൽ അവിടത്തെ ടൂറിസം തന്നെ പൊളിയുമെന്നും അതു തങ്ങളുടെ ഉപജീവനം മുട്ടിക്കുമെന്നും ഓട്ടോക്കാർ മനസിലാക്കണമെന്നും അവർ ഉപദേശിച്ചു.

തനിക്കുണ്ടായ അപ്രതീക്ഷിതാനുഭവം ഉണ്ടാക്കിയ മാനസികാഘാതത്തിലായിരുന്ന ഇറീന ഏറെസമയവും മൗനിയായിരുന്നു. ഇറീന ഈ സംഭവം ഫേസ് ബുക്കിൽ കുറിച്ചപ്പോൾ ധാരാളം റഷ്യക്കാർ തങ്ങൾക്കും സമാനമായ അനുഭവങ്ങൾ കേരളത്തിൽ ഉണ്ടായതായി അതിനടിയിൽ കുറിച്ചതായി അവർ പറഞ്ഞു.

Read more topics: Russian, Women, auto, driver
English summary
Russian Women complaint against Auto drivers at Varkala, kerala and Kerala Womens Commission case file against auto driver
topbanner

More News from this section

Subscribe by Email