Sunday May 26th, 2019 - 4:54:pm
topbanner
topbanner

പ്രതിഷേധങ്ങൾക്കൊടുവിൽ തിരുവല്ല ബൈപ്പാസ് നിര്‍മാണത്തിന് പുനരാരംഭം

princy
പ്രതിഷേധങ്ങൾക്കൊടുവിൽ തിരുവല്ല ബൈപ്പാസ് നിര്‍മാണത്തിന് പുനരാരംഭം

പത്തനംതിട്ട:നിര്‍മ്മാണം നിലച്ച തിരുവല്ല ബൈപ്പാസിന്റെ പണികള്‍ പുനരാരംഭിക്കുന്നതിന്റെയും തിരുവല്ല ടൗണ്‍ എം.സി റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം 11ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കുമെന്ന് മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു. തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം മുന്‍സിപ്പല്‍ ഓപ്പണ്‍ എയര്‍ സ്റ്റേജിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. നിര്‍മ്മാണം നിലച്ചു പോയ തിരുവല്ല ബൈപ്പാസിന് പുതുക്കിയ രൂപകല്പനയില്‍ തയാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെണ്ടര്‍ വിളിച്ച് പുതിയ കരാറുകാരനുമായി എഗ്രിമെന്റ് വച്ചാണ് പണികള്‍ പുനരാരംഭിക്കുന്നത്.

ഒപ്പം എം സി റോഡിന്റെ വിട്ടുകളഞ്ഞിരുന്ന മഴുവങ്ങാട് - രാമഞ്ചിറ ഭാഗത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികളും ആരംഭിക്കും.രൂപകല്പനയില്‍ സംഭവിച്ച സാങ്കേതിക പിഴവു മൂലവും ആവശ്യം വേണ്ട ഭൂമി ഏറ്റെടുക്കാന്‍ കഴിയാതെ വന്നതു മൂലവുമാണ് തിരുവല്ല ബൈപ്പാസിന്റെ പണികള്‍ നിലച്ചത്. രാമഞ്ചിറയില്‍ നിര്‍ദിഷ്ട ബൈപ്പാസ് ആരംഭിക്കേണ്ടിയിരുന്നിടത്തു നിന്നും തിരുവല്ല - മല്ലപ്പള്ളി റോഡു വരെയുള്ള ഭാഗത്ത്, ഏറെ ഉയരത്തില്‍ മണ്ണിട്ട് ഉയര്‍ത്തി പുതിയ റോഡു നിര്‍മിക്കുവാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്രയും ഉയരത്തില്‍ പുതുതായി നിര്‍മിക്കുവാന്‍ ലക്ഷ്യമിട്ട റോഡിന് പാര്‍ശ്വഭിത്തികള്‍ വ്യവസ്ഥ ചെയ്തിരുന്നില്ല. പാര്‍ശ്വഭിത്തികള്‍ ചരിവായി പണിയുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുവാനും ലക്ഷ്യമിട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് ചതുപ്പായുള്ള ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി റോഡ് നിര്‍മാണം അപ്രായോഗികമാണെന്ന് പിന്നീട് കണ്ടെത്തിയത്.

2014ല്‍ പണികള്‍ ആരംഭിക്കുന്ന ഘട്ടത്തില്‍, ആവശ്യമായിരുന്ന ഭൂമിയുടെ ബഹുഭൂരിഭാഗവും കൈവശമെടുത്തിരുന്നില്ല. പിന്നീട് കൈവശം വന്നു ചേര്‍ന്ന ഭൂമിയില്‍ കുറെ ഭാഗം വസ്തു ഉടമസ്ഥര്‍ക്ക് കോടതി നടപടികളിലൂടെ തിരികെ നല്‍കേണ്ടി വരികയും ചെയ്തു.സാങ്കേതിക പിഴവുകള്‍ കാരണം പണികള്‍ തുടങ്ങുവാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് കരാറുകാരന്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പണിയുവാന്‍ പറ്റാത്ത ബൈപ്പാസ് ആയിരുന്നുവെന്നതിനാല്‍ കരാറുകാരന്റെ ആവശ്യം അംഗീകരിക്കുക മാത്രമേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു. എന്നാല്‍, പൊതുപണം ചിലവാക്കിയത് പാഴാകാതിരിക്കുന്നതിന്, പണിതിടത്തോളം നഷ്ടമാകാത്ത തരത്തില്‍ പുതിയ ഡിസൈന്‍ തയാറാക്കുവാനാണ് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചത്. തിരുവല്ല - മല്ലപ്പള്ളി റോഡിന് വടക്കുവശത്തായുള്ള ഭാഗം മണ്ണിട്ട് ഉയര്‍ത്തുന്നതിന് പകരം വയാഡക്ട് (ഫ്‌ളൈ ഓവര്‍) ആയി ഡിസൈന്‍ ചെയ്യുവാന്‍ മണ്ണു പരിശോധന അടക്കം വേണ്ടി വന്നു.

ഇതു പൂര്‍ത്തീകരിച്ച് കെ എസ് ടി പി യുടെ സ്റ്റീയറിംഗ് കമ്മിറ്റികള്‍ നിരവധി തവണ ചേര്‍ന്ന് എല്ലാ സാങ്കേതിക ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയിട്ടാണ് ലോകബാങ്കിന്റെ അനുമതിയ്ക്ക് അയച്ചത്. ലോകബാങ്കിന്റെ അനുമതി ലഭ്യമായതിനെ തുടര്‍ന്ന് പുതിയ പണികള്‍ക്ക് പുതുതായി ടെണ്ടര്‍ ക്ഷണിച്ചു. ആ ടെണ്ടറിനും ലോകബാങ്കിന്റെ അനുമതി ലഭ്യമാക്കിയാണ് കരാര്‍ ഉറപ്പിച്ചത്. കരാര്‍ തുകയുടെ 10 ശതമാനം കരാറുകാരന്‍ കെ എസ് ടി പിയില്‍ 2018 ഡിസംബറില്‍ തന്നെ കെട്ടിവെച്ചതോടെ ബൈപ്പാസ് പണികള്‍ക്ക് പച്ചക്കൊടിയായി. 37 കോടി രൂപയാണ് നിര്‍മാണ ചെലവ്. പണികള്‍ ഈ മാസം തന്നെ ആരംഭിക്കും ഒന്‍പതു മാസം കൊണ്ട് പൂര്‍ത്തീകരിക്കണമെന്നാണ് നിബന്ധന.ബൈപ്പാസ് നിര്‍ദേശിക്കപ്പെട്ടിരുന്നതിനാല്‍ മഴുവങ്ങാട് മുതല്‍ രാമഞ്ചിറ വരെയുള്ള ഭാഗം എം സി റോഡിന്റെ ചെങ്ങന്നൂര്‍ - ഏറ്റൂമാനൂര്‍ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. പലതവണ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അനുകൂലതീരുമാനമുണ്ടായില്ല.

ഇതിന്റെ ഫലമായി എം സി റോഡ് പുനരുദ്ധരിച്ചപ്പോഴും, തിരുവല്ല ടൗണ്‍ ഭാഗം പഴയ നിലയില്‍ തുടര്‍ന്നു. ഈ പോരായ്മയും പരിഹരിച്ച് കെ എസി ടി പി അതിനും ലോകബാങ്കിന്റെ അംഗീകാരം ലഭ്യമാക്കി. കെ എസ് ടി പി സ്റ്റീയറിംഗ് കമ്മിറ്റി അനുമതി ലഭ്യമാക്കുകയും ടെണ്ടര്‍ വിളിച്ച് കരാര്‍ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എട്ടു കോടി രൂപയാണ് ഇതിന് വേണ്ട ചെലവ്. പണികള്‍ തീര്‍ന്നാലുടന്‍ തന്നെ ജലവിതരണ പൈപ്പുകള്‍ മാറ്റുന്നതിന് റോഡുകള്‍ കുഴിക്കേണ്ടി വരുന്ന സ്ഥിതി ഉണ്ടാകാതിരിക്കുന്നതിന്, ഈ ഭാഗത്തെ വാട്ടര്‍ പൈപ്പുകള്‍ ഇതോടൊപ്പം മാറ്റി സ്ഥാപിക്കും. ബൈപ്പാസും എം സിറോഡും പൂര്‍ത്തിയാകുന്നതോടെ തിരുവല്ലായിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.അനുബന്ധ റോഡുകളും വളരെ പ്രധാനപ്പെട്ടതാണ്.

അന്താരാഷ്ട്ര നിലവാരത്തില്‍ ബി എം ബി സി ടാറിംഗ് നടത്തുവാന്‍ പ്രധാനപ്പെട്ട റോഡുകള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ ഇപ്പോഴത്തെ നില ഇപ്രകാരമാണ്: 1. മുത്തൂര്‍ - കാവുംഭാഗം റോഡ് - 3.5 കോടി- പണികള്‍ നടക്കുന്നു. 2. കാവുംഭാഗം - ഇടിഞ്ഞില്ലം റോഡ് - 17 കോടി - ടെണ്ടര്‍ വിളിച്ചു. 3. കുറ്റൂര്‍- മനക്കച്ചിറ- നാട്ടുകടവ്- കിഴക്കന്‍ മുത്തൂര്‍ - ചുമത്ര- മുത്തൂര്‍ റോഡ് : 26 കോടി - കരാര്‍ ഉറപ്പിച്ചു. 4. തോട്ടഭാഗം - കവിയൂര്‍ - ചങ്ങനാശേരി റോഡ് : 36 കോടി - കരാര്‍ ഉറപ്പിച്ചു. 5. ബഥേല്‍പടി- ചുമത്ര റോഡ് - രണ്ടു കോടി- നടപടികള്‍ നടക്കുന്നു. 6. കുറ്റപ്പുഴ - മുത്തൂര്‍ റോഡ് - രണ്ടു കോടി - പണികള്‍ നടക്കുന്നു. 7. തിരുവല്ല- മാവേലിക്കര റോഡ് പുനരുദ്ധാരണത്തിന് എട്ടു കോടി രൂപ - പണി ആരംഭിച്ചു.ഇതു കൂടാതെ, തിരുവല്ല - അമ്പലപ്പുഴ റോഡു പുനരുദ്ധാരണം പൂര്‍ത്തിയായി - 68 കോടി രൂപ. തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് പുനരുദ്ധാരണത്തിന് 83 കോടി രൂപയുടെ ഭരണാനുമതി (താല്‍ക്കാലിക റീടാറിംഗ് പൂര്‍ത്തിയായി).

പ്രധാന പണികള്‍ക്ക് വേണ്ട സ്ഥലമെടുപ്പിന്റെ നടപടികള്‍ നടന്നുവരുന്നു. നിരണം പഞ്ചായത്തുമുക്ക്് - തോട്ടടി റോഡ് - 2.75 കോടി രൂപ- പണികള്‍ തുടങ്ങി. നെടുങ്ങാടപ്പള്ളി - മുക്കൂര്‍ - ചെങ്ങരൂര്‍ചിറ, കുന്നന്താനം - പുളിന്താനം, കുന്നന്താനം - മാന്താനം, കുന്നന്താനം - കണിയാംപാറ, ഞാലിക്കണ്ടം- കല്ലൂപ്പാറ- മടുക്കോലി എന്നീ റോഡുകള്‍ക്ക് 22 കോടി രൂപ. ഇരവിപേരൂര്‍ - വെണ്ണിക്കുളം -നാലു കോടി- പൂര്‍ത്തീകരിച്ചു. മല്ലപ്പള്ളി - പുല്ലാട് റോഡ് - സി ആര്‍ എഫില്‍ 14 കോടി. കുമ്പനാട്- പുറമറ്റം - പുതുശേരി റോഡ്- ഏഴു കോടി- ഭരണാനുമതി ലഭിച്ചു. ഈ പ്രധാന റോഡുകളും ബിഎം ബിസി ടാറിംഗിനായി ഏറ്റെടുത്തു. ബൈപ്പാസും, എം സി റോഡും, അനുബന്ധറോഡുകളും ഗുണനിലവാരത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ പിന്നെയും ഗതാഗതകുരുക്ക് തുടരാതിരിക്കുന്നതിന് ഏവരുടേയും സഹകരണത്തോടെ വണ്‍വേ അടക്കം ഉള്ള ട്രാഫിക്ക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും എംഎല്‍എ അറിയിച്ചു.

Read more topics: pathanamthitta, Thiruvalla, bypass
English summary
Resuming Thiruvalla bypass
topbanner

More News from this section

Subscribe by Email