Wednesday November 14th, 2018 - 1:19:pm
topbanner

വികലമായ മനസ് ഏറ്റവും വലിയ ഭിന്ന ശേഷി: ഡോ.വി.പി ഗംഗാധരന്‍

NewsDesk
വികലമായ മനസ് ഏറ്റവും വലിയ ഭിന്ന ശേഷി: ഡോ.വി.പി ഗംഗാധരന്‍

കൊച്ചി: വികലമായ മനസാണ് ഏറ്റവും വലിയ ഭിന്ന ശേഷിയെന്ന് പ്രശസ്ത അര്‍ബുദരോഗ വിദഗ്ധന്‍ ഡോ.വി.പി ഗംഗാധരന്‍.
കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹബൂബ് ഓര്‍ക്കസ്ട്ര എന്നിവ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിക്കുന്ന ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നശേഷി ചില മനുഷ്യരില്‍ ശാരീരിക വൈകല്യമായി കാണാന്‍ കഴിയും. എന്നാല്‍ പൂര്‍ണ ആരോഗ്യവാന്മാരെന്നു നടിക്കുന്നവരിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭിന്നശേഷി കാണപ്പെടുമെന്ന് ഡോ. ഗംഗാധരന്‍ പറഞ്ഞു. ഇതിലുമപ്പുറമുളള വൈകല്യം മനസിനാണ്. അതിനുളള ഫലപ്രദമായ മരുന്ന് സംഗീതവും കലയുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം മൂലം അനുഭവിക്കുന്ന മാനസിക പീഡ മറികടക്കാന്‍ ആര്‍ട്സ് ആന്‍ഡ് മെഡിസിന്‍ പോലുളള സാന്ത്വന പരിപാടികള്‍ വലിയ പങ്കു വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാനസ മണിവേണുവില്‍.. എന്ന ഗാനം മൗത്ത് ഓര്‍ഗനില്‍ വായിച്ചുകൊണ്ടാണ് ഡോ.വി.പി ഗംഗാധരന്‍ ആര്‍ട്സ് ആന്‍ഡ് മെഡിസിന്റെ 112-ാമത് ലക്കത്തിന് തുടക്കമിട്ടത്. ഭിന്ന ശേഷിയുളളള നാല് ഗായകരായിരുന്നു ഇക്കുറി ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ സംഗീതപരിപാടി അവതരിപ്പിച്ചത്.

ഷാജി കോതമംഗലം, ബൈജു തൊടുപുഴ, അരുണ്‍ മൂവാറ്റുപുഴ, ശശികുമാര്‍ നീലേശ്വരം എന്നിവരായിരുന്നു ഗായകര്‍. അരയ്ക്ക് കീഴോട്ട് തളര്‍ന്നു പോയ ഇവര്‍ നാലു പേരും വീല്‍ ചെയറിലാണ് സംഗീത പരിപാടി അവതരിപ്പിച്ചത്. ദേശത്തും വിദേശത്തും പ്രശസ്തരായ ഗായകര്‍ പങ്കെടുത്തിട്ടുളള ആര്‍ട്സ് ആന്‍ഡ് മെഡിസിനില്‍ പാടാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നതായി ഗായകര്‍ പറഞ്ഞു. ഗായിക രേണുക ഗിരിജന്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നു
.
ഷാജിയും ബൈജുവും രേണുകയും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാഗീതത്തോടെയാണ് പരിപാടി ആരംഭിച്ചത്. മലയാളി എന്നും നെഞ്ചോട് ചേര്‍ത്ത നിത്യഹരിത ഗാനങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പ്രശസ്ത സിനിമ താരം സീമ ജി.നായര്‍ മുഖ്യാതിഥിയായിരുന്നു. അര്‍ബുദരോഗിയായ റിട്ട. തഹസീല്‍ദാര്‍ സുശീല വര്‍ഗീസ് ചടങ്ങില്‍ തന്റെ അനുഭവങ്ങള്‍ പങ്കു വച്ചു.

English summary
Biennale show, Wheelchair-bound, vocalists sing for hospital crowd
topbanner

More News from this section

Subscribe by Email